Trending

വിദേശത്തു നിന്നെത്തിയത് 3732 പേർ; ഡൽഹിയിൽ നിന്ന് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കും

കേരളത്തിലെ നാലു വിമാനത്താവളങ്ങളിലെത്തിയ 17 വിമാനങ്ങളിലും കൊച്ചി തുറമുഖത്തെത്തിയ മൂന്ന് കപ്പലുകളിലുമായി 3732 മലയാളികൾ വിദേശത്തുനിന്ന് മടങ്ങിയെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 29 ട്രെയിനുകളിലായി കേരളത്തിൽ നിന്ന് 33000 അതിഥി തൊഴിലാളികൾ തിരികെ പോയിട്ടുണ്ട്. കപ്പലിലെത്തിയ മൂന്ന് തമിഴ്‌നാട് സ്വദേശികൾക്ക് രോഗബാധയുണ്ടായതായി റിപ്പോർട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ കപ്പലിലെത്തിയ മറ്റുള്ളവർക്ക് പ്രത്യേക പരിശോധന നടത്താൻ തീരുമാനിച്ചു.



ഡൽഹിയിൽ നിന്ന് രാവിലെ വന്ന ട്രെയിനിൽ 1045 പേർ എത്തി. തിരുവനന്തപുരത്ത് 348 യാത്രക്കാർ ഇറങ്ങി. മുംബയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിക്ക് പനി ലക്ഷണം കണ്ടതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂന്നു പേരെ സർക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതേ ട്രെയിനിൽ എറണാകുളത്ത് 411 പേർ എത്തി. ഒരാളെ നെഞ്ചുവേദനയെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 


വിവിധ ജില്ലകളിലെ 286 യാത്രക്കാരാണ് കോഴിക്കോടെത്തിയത്. ഇതിൽ രോഗലക്ഷണമുള്ള ഏഴു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലു പേർ കോഴിക്കോട് ജില്ലയിലും ഓരോരുത്തർ വീതം മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലുമുള്ളവരാണ്.
149 യാത്രക്കാരുമായി ജിദ്ദ വിമാനം കൊച്ചിയിലെത്തി. ഇതിൽ 58 ഗർഭിണികളും പത്തു വയസിൽ താഴെയുള്ള ഒൻപത് കുട്ടികളുമുണ്ടായിരുന്നു. നാലു പേരെ വിവിധ ജില്ലകളിൽ ചികിത്‌സയ്ക്കായി അയച്ചു. 69 പേരെ കോവിഡ് കെയർ സെന്ററുകളിലും 76 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.



അതിർത്തി ചെക്ക്‌പോസ്റ്റുകളിലൂടെ 47151 പേരാണ് കേരളത്തിലെത്തിയത്.
റോഡുമാർഗം കേരളത്തിലേക്ക് വരുന്നതിന് 2,85,880 പേരാണ് രജിസ്റ്റർ ചെയ്തത്. 1,23,972 പാസുകൾ നൽകി. ട്രെയിനിൽ വരുന്നതിന് 4694 പാസുകളാണ് നൽകിയത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ വീടുകളിൽ ക്വാറന്റൈൻ ചെയ്യുന്നത് വിജയകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം പെയിഡ് ക്വാറന്റൈൻ സംവിധാനം പരിഗണിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.


എട്ടു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ സമ്മതിച്ചിട്ടുണ്ട്. ഇവിടെ നിന്ന് അതിഥി തൊഴിലാളികളെ തിരിച്ചയക്കാൻ അഞ്ച് സംസ്ഥാനങ്ങളിലേക്ക് ട്രെയിനിന് അനുമതിയായിട്ടുണ്ട്. ബംഗളൂരു  തിരുവനന്തപുരം ഐലന്റ് എക്‌സ്പ്രസ് എല്ലാ ദിവസവും സർവീസ് നടത്താൻ ഉദ്ദേശിക്കുന്നതായി റെയിൽവേ അറിയിച്ചു. നോൺ എ. സി ട്രെയിനായാവും സർവീസ് നടത്തുക. മേയ് 18 മുതൽ ജൂൺ 14 വരെ അതിഥിതൊഴിലാളികളെ ബംഗാളിലേക്ക് കൊണ്ടുപോകാൻ 28 ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേയുടെ അറിയിപ്പ് ലഭിച്ചു.


ഡൽഹിയിലെ മലയാളി വിദ്യാർത്ഥികൾക്ക് മടങ്ങാൻ ട്രെയിൻ ലഭിക്കാത്തത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. നോൺ എ. സി ട്രെയിനിൽ വിദ്യാർത്ഥികളെ എത്തിക്കുന്നതിന് മാർഗം ആരാഞ്ഞിട്ടുണ്ട്. ന്യൂഡൽഹിയിലെ ഹെൽപ് ഡെസ്‌ക്ക് ഇതിനുള്ള ഏകോപനം നടത്തും. ഒന്നോ രണ്ടോ ദിവസത്തിനകം ഡൽഹിയിൽ നിന്ന് ട്രെയിനുണ്ടാവുമെന്നാണ് അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post
3/TECH/col-right