മുക്കം: രാവിലെ മുതൽ മുക്കം പോലീസ് സ്റ്റേഷൻ  പരിധിയിലുടനീളം ഉച്ചഭാഷിണിയിലൂടെ ബോധവൽക്കരണം നടത്തിയിട്ടും ലോക്‌ഡോൺ നിയമ ലംഘനം നടത്തിയ കൊടിയത്തൂരിലെ രണ്ടു കടകൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ ആറു  പേർക്കെതിരെയും മുക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിട്ടും കടകൾ അടക്കാതെ കച്ചവടം തുടർന്നതിനാണ് രണ്ടു കടയുടമകൾക്കെതിരെയും നിയമ നടപടി സ്വീകരിച്ചത്. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുക്കത്തും പരിസരപ്രദേശങ്ങളിലും വൻജനത്തിരക്കാണ് അനുഭവപ്പെടുന്നത് ഈ സമയത്തു നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ആളുകൾ പുറത്തിറങ്ങുന്നത് സാമൂഹിക വ്യാപനം ഉണ്ടാകുന്നതിനും അതുമൂലം കൂടുതൽ പേർ അസുഖബാധിതരാകാനും ഉള്ള സാധ്യത കണക്കിലെടുത്ത്  ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് വിവിധ പ്രദേശങ്ങളിൽ പോലിസ് അനൗൺസ്‌മെന്റ് നടത്തിയത്. 


പോലീസിന്റെ മുന്നറിയിപ്പ് മറികടന്നു നിയമലംഘനം നടത്തിയതിനാണ് കൊടിയത്തൂരിലെ കടയുടമകൾക്കെതിരെ കേസെടുത്തതെന്നും വരും ദിവസങ്ങളിലും നിയമ ലംഘകർക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്നും മുക്കം പോലിസ് അറിയിച്ചു. ഇത് കൂടാതെ വിവിധയിടങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ ആറുപേർക്കെതിരെയും മുക്കം പോലീസ് കേസെടുത്തിട്ടുണ്ട്. 

ഇത്തരത്തിൽ യാതൊരു മുൻകരുതലുകളും സ്വീകരിക്കാതെ ജനങ്ങൾ  നിയമലംഘനം തുടരുകയാണെങ്കിൽ നിയമനടപടികൾ കർശനമാക്കുമെന്ന് മുക്കം പോലീസ് അറിയിച്ചു.