Trending

തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ വീട്ടിലേക്കയക്കില്ല; ക്വാറന്റൈന്‍ ക്യാമ്പിലാക്കും

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന മലയാളികളെ നേരിട്ട് വീട്ടിലേക്കയക്കില്ലെന്ന് മുഖ്യമന്ത്രി. പരിശോധന ഫലം നെഗറ്റീവായാൽ മാത്രമേ ഇവരെ വീട്ടിലേക്കയക്കുളളു. ആദ്യ ഘട്ടത്തിൽ വളരെക്കുറച്ച് പ്രവാസികളെ മാത്രമേ തിരിച്ചെത്തിക്കാനാവൂവെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് വരുന്ന പ്രവാസി മലയാളികളെ ആദ്യം സർക്കാർ ഒരുക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കാണ് അയക്കുക. ഒരാഴ്ചക്ക് ശേഷം പി.സി.ആർ ടെസ്റ്റ് നെഗറ്റീവായാൽ വീട്ടിലേക്ക് അയക്കും.

തിരിച്ചെത്തുന്നവരെ പരിശോധിക്കാനായി 2 ലക്ഷം കിറ്റിന് ഓർഡർ നൽകിയിട്ടുണ്ട്. കോവിഡ് പരിശോധന നടത്താതെ വിദേശത്ത് നിന്ന് വരുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. വളരെക്കുറച്ച് മലയാളികൾ മാത്രമാണ് ആദ്യ ഘട്ടത്തിൽ എത്തിച്ചേരുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളം തയ്യാറാക്കിയ മുൻഗണന ലിസ്റ്റ് കേന്ദ്രം അംഗീകരിച്ചിട്ടില്ല. പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


14 ദിവസം നിരീക്ഷണം, ആരോഗ്യസേതു ആപ്പ്; പ്രവാസികളുടെ മടക്കത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പ്രവാസികളായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്ക് പോകേണ്ടവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.വിമാനത്തില്‍ കയറുന്നതിനു മുന്‍പ് യാത്രക്കാരെ പരിശോധിച്ച് കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കൂ. 

ഇന്ത്യയില്‍ എത്തിയശേഷം യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ആശുപത്രിയിലോ സൗകര്യമൊരുക്കിയിരിക്കുന്ന മറ്റേതെങ്കിലും ഇടത്തോ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്യും. ഇതിനുള്ള ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. ഇതിനുള്ള സൗകര്യമൊരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്.

ജോലി നഷ്ടപ്പെട്ട പ്രവാസികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, ചികിത്സ അത്യാവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. കുടുംബാംഗങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം തിരികെ വരേണ്ടവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
എയര്‍ ഇന്ത്യ വിമാനങ്ങളിലും വ്യോമസേനാ വിമാനങ്ങളിലും നാവികസേനാ കപ്പലുകളിലുമായാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുക. യാത്രാ ചെലവുകള്‍ യാത്രക്കാര്‍ തന്നെ വഹിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിദേശകാര്യമന്ത്രാലയം ഓരോ സംസ്ഥാനങ്ങളുടെയും ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്ക് യാത്രക്കാരെ സംബന്ധിച്ച വിവരം നല്‍കും. വിദേശത്തുനിന്ന് ഇന്ത്യക്കാരെ എത്തിക്കുന്ന വിമാനങ്ങളിലെയും കപ്പലുകളിലെയും യാത്രക്കാരെ സംബന്ധിച്ച വിവരങ്ങള്‍ രണ്ടു ദിവസം മുന്‍പുതന്നെ വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിക്കും.

യാത്രാസമയത്ത് സാമൂഹ്യ അകലവും ശുചിത്വവും സംബന്ധിച്ച് ആരോഗ്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇന്ത്യയില്‍ ഇറങ്ങിയാല്‍ ഉടന്‍ എല്ലാവരും ആരോഗ്യസേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. 14 ദിവസത്തിനു ശേഷം യാത്രക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കും. അതിനു ശേഷം മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം; പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു

പ്രവാസികളുടെ തിരിച്ച് പോക്കിനുള്ള അവസരമൊരുക്കി വിമാന സര്‍വീസ് ആരംഭിക്കാനിരിക്കെ പ്രവാസികളുടെ ടിക്കറ്റ് തുക എംബസിയുടെ പ്രവാസി ക്ഷേമനിധിയില്‍ നിന്ന് അനുവദിക്കണമെന്ന് പ്രവാസികള്‍. ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള ചിലവിന്‍റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ട് മാസങ്ങളായി കുടുങ്ങിയവരില്‍ പലരും കയ്യിലൊന്നുമില്ലാതെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.
Previous Post Next Post
3/TECH/col-right