Trending

വിനയ പൂർവം

എളേറ്റിൽ പ്രദേശത്തെ ഓർക്കേണ്ടവരെ കുറിച്ചും ഓർക്കപ്പെടേണ്ട വരെ കുറിച്ചുമുള്ള പരമ്പരയുടെ തുടർച്ച....
 
എനിക്ക് മാനവികതയുടെ ആദ്യ പാഠം പഠിപ്പിച്ച് തന്നത് കെ.വി.ഉസ്താദ് (കെ.വി.അഹമ്മദ് കുട്ടി മുസ്ല്യാർ )ആയിരുന്നു. എനിക്ക് മാത്രമല്ല ഞങ്ങളുടെ തലമുറയിലെ ഒത്തിരി പേർക്ക്...ദൈവം തമ്പുരാന്റെ കരുണാകടാക്ഷം ആരുടെയും കുത്തകയല്ല മാലോകർക്കേവർക്കും നേരണമെന്നും,ആർക്കാണ് അനുഗ്രഹം വേണ്ടതെന്ന് നിന്നെക്കാളും എന്നെക്കാളും അറിയുന്നവനാണ് ജഗനിയന്താവ് എന്നും ഞങ്ങൾക്ക് മനസിലാക്കി തന്നു. അത് അദ്ദേഹം ജീവിച്ചു കാണിച്ചു തരികയും ചെയ്തു.



എന്റെ കുടുംബവുമായി വളരെയടുപ്പം കാണിച്ചിരുന്നു  കെ വി ഉസ്താദ്...ഇടക്കിടെ വീട്ടിൽ വരികയും അദ്ദേഹത്തിന്റെ ഗുരുനാഥനും ജ്യേഷ്ടതുല്ല്യനുമായ എന്റെ പിതാവിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുമായിരുന്നു.

മാങ്ങയുടെ സീസണാകുമ്പോൾ നീ ഒന്ന് ഇവിടം വരെ വരണമെന്ന് എന്നോട് പറയും. ഞാൻ ചെന്നാൽ കരുതി വെച്ച മാമ്പഴം അദ്ദേഹവും ഭാര്യയും (സൈനബി ഉമ്മേമ എന്റെ ഉമ്മയുടെ കസിൻ ആണ്) എടുത്ത് തരും.

ചെറുപ്പ വലിപ്പ, ജാതി, വർഗ, മത ,ലിംഗ,  ' ഗ്രൂപ്പ് ' ഭേദമില്ലാതെ എല്ലാരോടും സുഖാന്വേഷണങ്ങൾ നടത്തി വിനയത്തോടെ നടന്നു പോകുന്ന ഉസ്താദിനെ ആർക്കാണ് ഇഷ്ടമില്ലാതെ പോകുക?

സംവാദങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞ് നിൽക്കുന്ന ഈ കാലഘട്ടത്തിൽ താനീ നാട്ടുകാരനല്ലേ... എന്ന് പറഞ്ഞ് തനിക്കുള്ള അറിവ് ശിഷ്യഗണങ്ങൾക്ക് പകർന്ന്‌ നൽകി നമ്മിൽ നിന്നും മറഞ്ഞു പോയ പ്രിയ ഗുരു... കർമ്മ ശാസ്‌ത്ര മേഖലയിൽ ഞങ്ങൾ ശിഷ്യർക്ക് അറിവിൽ ഏറെയും അദ്ദേഹം പകർന്ന് നൽകിയതാണ്.

മദ്റസാ പാഠങ്ങൾ പഠിപ്പിക്കുമ്പോൾ വികൃതികളിച്ചിരിക്കുന്ന ഞങ്ങളോട് ''തലക്കൊന്ന് തന്നാലുണ്ടല്ലോ.'' എന്ന് രൗദ്രഭാവത്തിൽ ചോദിക്കാറുണ്ടായിരുന്നെങ്കിലും ആ ചോദ്യം കേൾക്കുമ്പോൾ ഇപ്പോൾ തന്നെ തലക്കൊന്ന് കിട്ടുമെന്ന് തോന്നുമെങ്കിലും ഇത് വരെ ആരു ടെ തലക്കും കിട്ടിയതായി കേട്ടിട്ടില്ല.

 എളേറ്റിൽ വട്ടോളിയിലെ പൗരാണിക പണ്ഡിത കുടുംബമായ കിഴക്കെ വീട്ടിൽ കുടുംബാംഗമായ അദ്ദേഹം പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുക്കുന്നത് ഞങ്ങൾ കുട്ടികൾക്ക് വളരെ ഇഷ്ടമായിരുന്നു. ഒഴുക്കോടെയുള്ള ഖുർആൻ പാരായണവും പ്രാർത്ഥനയും ഈ പുണ്യദിനങ്ങളിൽ ഞങ്ങൾക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ട്.

 തികഞ്ഞ നിരീശ്വരവാദിയായ എന്റെ ഒരു സുഹൃത്ത് കെ.വി. ഉസ്താദിനെ ചൂണ്ടി നിങ്ങളുടെ മതത്തോട് എനിക്ക് എന്തെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് അദ്ദേഹത്തോടുള്ള ഇഷ്ടമാണ് എന്ന പറഞ്ഞ അനുഭവം എനിക്കുണ്ട്.കാരണം ചോദിച്ച എന്നോട് പറഞ്ഞത് അദ്ദേഹത്തെ എനിക്ക് പരിചയമില്ല പക്ഷെ കാണുമ്പോഴെല്ലാം എന്തെങ്കിലും വിശേഷം ചോദിക്കാതെ അദ്ദേഹം പോകാറില്ല എന്നാണ്.

ഇപ്പോഴും കുരുത്തക്കേടുകളെന്തെങ്കിലും മനസിൽ വരുമ്പോൾ ഉസ്താദിനെ ഓർമ്മ വരും. പലതവണ ഓങ്ങിവെച്ച 'തലക്കുള്ള കിഴുക്ക്' ഓർമ്മവരും..
കിഴുക്ക് തരാൻ അദ്ദേഹമിന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ സാമീപ്യം പ്രിയപ്പെട്ട ശിഷ്യഗണങ്ങൾക്ക് എന്നും ഓർമ്മ വരും ... കാരണം അദ്ദേഹം ഹൃദയം കൊണ്ടായിരുന്ന ഞങ്ങളെ പഠിപ്പിച്ചത്

അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം വിജയകരമാക്കട്ടെ (ആമീൻ)

ഉനൈസ് എളേറ്റിൽ
Previous Post Next Post
3/TECH/col-right