Trending

പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ കളമൊരുങ്ങുന്നു: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു.

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ രാജ്യം തയ്യാറെടുക്കുന്നു. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങൾ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും.


വിദേശകാര്യമന്ത്രാലയം ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികൾ മുഖേന ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയാക്കിയായിക്കും കേന്ദ്ര നടപടികൾ.

കേരളം പ്രവാസികളെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം തീരുമാനമെടുക്കുക.


ഗൾഫിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു
ഗൾഫിൽ കോവിഡ് ഇതര കാരണങ്ങളാൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എംബസികൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റില്ലാതെ ചരക്ക് വിമാനങ്ങളിൽ മൃതദേഹം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാൻ എംബസികളോട് ആവശ്യപ്പെടണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്.


ഇതുസംബന്ധിച്ച് ഗൾഫ് മേഖലയിലെ മലയാളി സംഘടനകളിൽ നിന്ന് നിരവധി പരാതികൾ വരുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്നാണ് എംബസികളുടെ നിലപാട്. നേരത്തെ കോവിഡ് ബാധിച്ചല്ലാതെയുള്ള മരണങ്ങളിൽ മൃതദേഹം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റില്ലാതെ തന്നെ നാട്ടിലെത്തിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



Previous Post Next Post
3/TECH/col-right