Trending

പ്രവാസികൾക്ക് നിരാശ,മെയ് 3 വരെ വിദേശത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ലെന്ന് വീണ്ടും കേന്ദ്രം

ദില്ലി: വിദേശത്ത് നിന്ന് മെയ് 3-ാം തീയതി വരെ ആരുടെയും പ്രവേശനം അനുവദിക്കില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. ഇമിഗ്രേഷൻ നടപടികൾ അതുവരെ പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രസർക്കാർ വീണ്ടും ഉത്തരവിറക്കി. ഇന്ത്യ വിദേശികൾ അടക്കമുള്ളവർക്കും സ്വന്തം പൗരൻമാർക്കും നൽകിയ വീസകൾക്കും സാധുതയുണ്ടാകില്ല. ഇതോടെ മെയ് 3-ന് മുമ്പ് തിരികെ വരാമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു.

കേരളാ ഹൈക്കോടതിയിലും പ്രവാസികളെ തിരികെ കൊണ്ടുവരാനാകില്ലെന്ന് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനാണ് മുന്തിയ പരിഗണനയെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഗൾഫിലുള്ള മലയാളികൾക്ക് മാത്രമായി മെഡിക്കൽ സംഘത്തെ അയക്കാനാകില്ലെന്നും അത് മറ്റ് സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനമാകുമെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.

യുഎഇ അടക്കമുള്ള ഗൾഫ് നാടുകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെഎംസിസി നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. ഇന്ത്യയിലെ പ്രതിരോധ പ്രവർത്തനത്തിനാണ് കേന്ദ്രസർക്കാരിന്‍റെ മുഖ്യ പരിഗണന. ആളുകളുടെ സുരക്ഷയും ആഹാരവുമടക്കം ഉറപ്പാക്കുകയാണ് സർക്കാർ. 

യുഎഇ അടക്കമുള്ള നാടുകളിൽ 34 ലക്ഷം ഇന്ത്യക്കാരുണ്ട്. അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും കേന്ദ്രം ഇടപെടൽ നടത്തുന്നുണ്ട്. നിലവിൽ ആരുടെയും വിസ തീരുന്ന പ്രശനമില്ല. എല്ലാ രാജ്യങ്ങളും വിസ കാലാവധി കൊവി‍ഡ് പശ്ചാത്തലത്തിൽ നീട്ടിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. പ്രവാസികളെ കൊണ്ടുവരാൻ കേരളം തയ്യാറാണങ്കിൽ അക്കാര്യം ആലോചിച്ചുകൂടെ എന്ന് കോടതി കേന്ദ്ര സർക്കാറിനോട് ആരാ‌ഞ്ഞു. 

എന്നാൽ രാജ്യത്തെ വിവിധ ഹൈക്കോടതിയിൽ സമാന ഹർജിയുമായി വിവിധ സംസ്ഥാനങ്ങൾ എത്തിയിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ ഈ മാസം 20-ന് സുപ്രീം കോടതി നിലപാട് അറിഞ്ഞ് കേസ് പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഗൾഫിലെ മലയാളികൾക്ക് മാത്രമായി മെഡിക്കൽ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിൽ വന്നു. മറ്റ് രാജ്യത്തിന്‍റെ അനുവാദമില്ലാതെ മെഡിക്കൽ സംഘത്തെ അയക്കാനാകുമോ എന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കേരളത്തിന് മാത്രമായി ഇങ്ങനെ ഒരു മെഡിക്കൽ സംഘത്തെ അയക്കാനാകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.
Previous Post Next Post
3/TECH/col-right