Latest

6/recent/ticker-posts

Header Ads Widget

കൊവിഡ് തുടച്ചുനീക്കാൻ കേരളം, നിങ്ങളുടെ ജില്ലയിൽ എന്തെല്ലാം ഇളവുകൾ? നിയന്ത്രണങ്ങൾ?

തിരുവനന്തപുരം: കൊവിഡിൽ ഇന്നലെ  ആശ്വാസദിനമാണ് കേരളത്തിന്. ഒരാൾക്ക് മാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച രോഗം സ്ഥിരീകരിച്ചവരുടേതിനേക്കാൾ നാലിരട്ടി പേർ രോഗമുക്തരായി. ഈ സാഹചര്യത്തിൽക്കൂടിയാണ് ലോക്ക് ഡൗൺ രണ്ടാംഘട്ടത്തിൽ കേന്ദ്രാനുമതിയോടെ ലോക്ക് ഡൗണിൽ ചില ഇളവുകൾ സംസ്ഥാനസർക്കാർ ചില ജില്ലകൾക്ക് നൽകുന്നത്. റെഡ് സോൺ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ മെയ് 3 വരെ സമ്പൂർണ ലോക്ക് ഡൗൺ തന്നെയാകും. ഒരു ഇളവുകളുമുണ്ടാകില്ല. 


വിമാന, തീവണ്ടി, അന്തർ ജില്ലാ ബസ് സർവീസുകളടക്കം 13 സേവനങ്ങൾ ലോക്ക് ഡൗൺ കാലം മുഴുവൻ എല്ലാ സോണുകളിലും ഉണ്ടാകില്ലെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. റെഡ് സോണിലെ ഓരോ ജില്ലയിലേക്കും പ്രവേശിക്കാൻ രണ്ട് കവാടങ്ങൾ മാത്രമേ ഉണ്ടാകൂ.

ഇനി ഓരോ സോണുകളിലും അനുവദനീയമായ സർവീസുകൾ എന്തൊക്കെ, എന്തിനെല്ലാമാണ് നിയന്ത്രണം എന്ന് നോക്കാം. ഓറഞ്ച് എ സോണിൽ ഏപ്രിൽ 24 വരെ സമ്പൂർണ ലോക്ക് ഡൗണാണ്. ഓറഞ്ച് ബി സോണിൽ ഏപ്രിൽ 20 വരെ മാത്രമാകും സമ്പൂർണ ലോക്ക് ഡൗൺ. ഈ രണ്ട് സോണുകളിലും ഏപ്രിൽ 20,24 തീയതികൾക്ക് ശേഷം ഉണ്ടാകുന്ന ഇളവുകൾ ഇവയാണ്.

ഓറഞ്ച് എ, ഓറഞ്ച് ബി സോണുകൾ:

(പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നിവ ഓറഞ്ച് എ വിഭാഗത്തിൽ. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂർ എന്നിവ ഓറഞ്ച് ബി വിഭാഗത്തിൽ)

യാത്രാനുമതി ഇങ്ങനെ:

1. ഒറ്റ ഇരട്ട അക്ക നമ്പർ, അനുസരിച്ചാകും വാഹനങ്ങൾക്ക് സഞ്ചാരാനുമതി നൽകുക. ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് വ്യാഴം, ശനി ദിവസങ്ങളിൽ അനുമതി കിട്ടും. ഇതിൽ ഇളവ് അടിയന്തരസർവീസുകൾക്കും, അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവർക്കും മാത്രമേയുള്ളൂ. നാല് ചക്ര വാഹനങ്ങളിൽ  ഡ്രൈവർ അടക്കം മൂന്നു പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. ഇരു ചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം. കുടുംബാംഗമാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. സ്ത്രീകൾക്ക് ഈ നിയന്ത്രണങ്ങളില്ല. യാത്രക്കാർക്ക് എല്ലാം മാസ്‌ക് നിർബന്ധമാണ്. 

2. സിറ്റി ബസ്സുകൾക്ക് അനുമതിയുണ്ട്. പക്ഷേ, അവയ്ക്ക് ജില്ല വിട്ടുപോകാൻ അനുമതി കിട്ടില്ല. ഒരു ദിശയിൽ 50-60 കിലോമീറ്റർ വരെ യാത്ര ചെയ്യാനേ അനുമതിയുള്ളൂ. നിന്ന് യാത്ര ചെയ്യാൻ അനുമതിയില്ല. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം, ബസ്സുകളിൽ കയറുമ്പോൾ എല്ലാവർക്കും സാനിറ്റൈസർ നൽകണം. മൂന്ന് സീറ്റുകളുള്ളതിൽ ഇടയിലെ സീറ്റ് ഒഴിച്ചിട്ട് രണ്ട് പേർക്ക് ഇരിക്കാം. രണ്ട് സീറ്റുകൾ ഉള്ളതിൽ ഒരാളേ ഇരിക്കാവൂ. 

പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ:

1. ആയുഷിന് കീഴിൽ വരുന്ന ആയുർവേദ, ഹോമിയോ ആശുപത്രികളടക്കം എല്ലാ പരിശോധനാകേന്ദ്രങ്ങളും

2. മെഡിക്കൽ ലാബുകൾ

3. വെറ്ററിനറി ആശുപത്രികൾ, ലാബുകൾ, പാത്തോളജി ലാബുകൾ

4. ആശുപത്രികളിൽ നിന്ന് മരുന്നെത്തിക്കുന്ന സർവീസുകൾ, ഹോം നഴ്സുമാർ, വീടുകളിലേക്ക് സാധനങ്ങളെത്തിക്കുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ.

5. മരുന്നുനിർമാണക്കമ്പനികൾ, മെഡിക്കൽ ഉപകരണ നിർമാണ കമ്പനികൾ

6. ആംബുലൻസ് നിർമാണ, സർവീസ് കമ്പനികൾ

7. ആരോഗ്യപ്രവർത്തകർക്ക് ആർക്കും സഞ്ചാരത്തിന് നിയന്ത്രണങ്ങളില്ല.

8. മഴക്കാലപൂർവശുചീകരണപ്രവർത്തനങ്ങൾ, തൊഴിലാളികൾ.

9. എല്ലാ കാർഷിക, സംഭരണപ്രവർത്തനങ്ങളും, കാർഷികവൃത്തിയുമായി ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങളും.

10. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും.

11. തേയില, കാപ്പി, ഏലത്തോട്ടങ്ങളിൽ 50 ശതമാനം തൊഴിലാളികളേ പാടൂ. 

12. പാൽ, പാൽ അനുബന്ധ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും.

13. അങ്കണവാടികളിൽ കുട്ടികളെ കൊണ്ടുവരാതെ പ്രവ‍ർത്തിപ്പിക്കാം. ഭക്ഷണസാധനങ്ങൾ നേരത്തേ നിർദേശിച്ചത് പോലെത്തന്നെ കുട്ടികളുടെ വീട്ടിലെത്തിക്കണം. 

14. മൻരേഗ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾ കർശനമായ സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങളോടെ. 

15. പോസ്റ്റോഫീസുകളും അക്ഷയകേന്ദ്രങ്ങളും. 

16. ബാർബർ ഷാപ്പുകൾ (എസിയില്ലാതെ) പ്രവർത്തിക്കാം. ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമാണ് പ്രവർത്തനാനുമതി. രണ്ട് പേർ മാത്രമേ അകത്ത് പാടുള്ളൂ.

17. ഹോട്ടലുകൾ - ഇരുന്ന് ഭക്ഷണം കഴിക്കാവുന്നത് 7 മണി വരെ. പാഴ്സൽ നൽകാവുന്നത് എട്ട് മണി വരെ. 

18. സിമന്‍റുമായി ബന്ധപ്പെട്ട നിർ‍മാണപ്രവർത്തനങ്ങൾ

19. കശുവണ്ടി, നാളികേര, വെളിച്ചെണ്ണ, കയർ, ഖാദി നിർമാണയൂണിറ്റുകളും, എല്ലാ MSME യൂണിറ്റുകളും, നോട്ട് ബുക്ക് നിർമാണയൂണിറ്റുകളും. 

20. സഹകരണസൊസൈറ്റികൾ - 33 % ജോലിക്കാരേ പാടുള്ളൂ. പഞ്ചായത്ത്, വില്ലേജോഫീസുകളിൽ 35 % ജീവനക്കാരേ പാടുള്ളൂ. 

ഗ്രീൻ ജില്ലകൾ (കോട്ടയം, ഇടുക്കി ജില്ലകൾ)

മെട്രോ, വിമാന, തീവണ്ടി, അന്തർജില്ലാ ബസ് സർവീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തീയറ്ററുകൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ജിംനേഷ്യങ്ങൾ, സ്പോർട്സ് കോംപ്ലക്സുകൾ, സ്വിമ്മിംഗ് പൂളുകൾ, എന്‍റർടെയ്ൻമെന്‍റ് പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ - അങ്ങനെ ആളുകൾ കൂട്ടം കൂടാനിടയുള്ള ഇടങ്ങളൊന്നും തുറക്കാനോ സർവീസ് നടത്താനോ പാടില്ല. 

ഒരു പൊതുപരിപാടിയും പാടില്ല. ആരാധനാലയങ്ങളൊന്നും പാടില്ല. വിവാഹങ്ങൾക്കോ മരണാനന്തരച്ചടങ്ങുകൾക്കോ 20 പേരിൽ കൂടുതൽ പാടില്ല.

Post a Comment

0 Comments