Trending

ഈ കരുതലിന്റെ പേരാണ് സിറാജ്:ബിഗ് സല്യൂട്ട്!

കൊറോണ ഭീതിയില്‍ നാട് നട്ടം തിരിയുമ്പോള്‍ തന്നെ മനസ്സിന് ആശ്വാസം നല്‍കുന്ന ചില നല്ല വാര്‍ത്തകളും ഉണ്ടാവുന്നുണ്ട്. പൂനൂര്‍ ദേശത്ത് കൊറോണ ബാധിതന്‍ എന്നു കേട്ടപ്പോള്‍ നാട് ഞെട്ടിയതാണ്. തിക്കും തിരക്കും കൂട്ടിയ പൂനൂരങ്ങാടിയില്‍ ആളനക്കം ചെറുതായി കുറഞ്ഞതാണ്. സമ്പര്‍ക്കത്തിലെങ്ങാന്‍ വരുമോ.ടിയാന്‍ ഏതൊക്കെ വഴിയിലൂടെയാണ് പോയത്, ഏതൊക്കെ കടകളിലാണ് കയറിയത്. അങ്ങനെ തുടങ്ങി ആധി പെരുകാന്‍ ഈ സമയത്ത് വേറെ കാരണം വേണ്ടല്ലോ.



എന്നാല്‍ നാട്ടുകാര്‍ക്കു മാത്രമല്ല ജില്ലാ ഭരണകൂടത്തിനും റൂട്ട് മാപ്പ് തേടി വല്ലാതെ അലയേണ്ടിവന്നില്ല. അതിനീ ചെറുപ്പക്കാരന്‍ ഇട കൊടുത്തില്ലെന്നതാണ് നേര്. തികഞ്ഞ ജാഗ്രതയോടെയും അതിലേറെ സാമൂഹിക ഉത്തരവാദിത്തത്തോടെയുമാണ് മഠത്തുംപൊയില്‍ ആലപ്പടിക്കല്‍ സിറാജുദ്ദീന്‍ ഈ മഹാമാരിയെ കൈകാര്യം ചെയ്തത്.
25ന്റെ ചുറുചുറുക്കില്‍ ഏറെ യാത്രകള്‍ ചെയ്തും വായിച്ചും അനുഭവ സമ്പത്തുള്ള സിറാജ് ആരെയും പറയിപ്പിച്ചില്ല, പേടിപ്പിച്ചില്ല. സൂക്ഷ്മവും ജാഗ്രതയോടെയുമുള്ള ഇടപെടലിന് നാടിന്റെയൊന്നാകെ കടപ്പാട് അര്‍പ്പിക്കാതിരിക്കാനാവില്ല.


ദുബൈ നൈഫില്‍ വിസിറ്റ് വിസയിലായിരുന്നു സിറാജ്. കാര്യങ്ങള്‍ വിചാരിച്ച പോലെ നടക്കാത്തതിനാല്‍ മാര്‍ച്ച് 19ന് രാത്രി വിമാനം കയറി 20ന് പുലര്‍ച്ചെ ചെന്നൈയില്‍ എത്തിയതാണ്. വരുമ്പോള്‍ തന്നെ ദിശയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ചറിയിച്ചു. ആറു വര്‍ഷത്തോളം ചെന്നൈയിലായതിനാല്‍ അവിടെ താമസസൗകര്യവും വിലാസവുമൊക്കെയുണ്ട്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയുണ്ടായിരുന്നതിനാല്‍ അവിടെ ഏകാന്തവാസം കഴിഞ്ഞ് നാട്ടിലെത്താമെന്നായിരുന്നു തീരുമാനം. 


ചില അവിചാരിത കാരണങ്ങളാല്‍ തീരുമാനം മാറ്റി കോഴിക്കോട്ടേക്ക് വണ്ടി പിടിച്ചു. നൈഫില്‍ നിന്ന് വന്ന കാസര്‍ക്കോട്ടുകാരന് കോവിഡ് ബാധിച്ചെന്നു സ്ഥിരീകരിച്ച വാര്‍ത്ത വന്നതോടെ പരിശോധന നടത്താന്‍ ഉറച്ചു. ചെന്നൈ- മംഗളുരു മെയിലില്‍ ആരുമായും അടുത്തിടപഴകാതിരിക്കാനുള്ള ജാഗ്രത കാണിച്ചു. ഈ യാത്രയുടെ ഒരോ ഘട്ടത്തിലും സാമൂഹിക സമ്പര്‍ക്കമില്ലാതിരിക്കാനും താന്‍ കാരണം മറ്റാര്‍ക്കും രോഗബാധ ഉണ്ടാകാതിരിക്കാനും സിറാജ് കാണിച്ച കരുതലിന് ഒരു പൂച്ചെണ്ടു നല്‍കാതിരിക്കാനാവില്ല.

കോഴിക്കോട് നാലാം പ്ലാറ്റ്‌ഫോമിലെത്തിയതും ചെക്കപ്പ് നടത്തുന്ന ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ പറഞ്ഞു. നേരെ ബീച്ച് ഹോസ്പിറ്റലിലേക്ക്. രോഗലക്ഷണങ്ങളൊന്നുമില്ലാത്തിനാല്‍ ടെസ്റ്റ് വേണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. പക്ഷെ സിറാജിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പരിശോധിക്കാന്‍ തീരുമാനമായത്. മൂന്നാം നാളാണ് കോവിഡ് ടെസ്റ്റ് പൊസിറ്റീവ് ആണെന്ന ഫലം വരുന്നത്. കൊതുകു കടിയും അസ്വസ്ഥതയും സമ്മാനിച്ച ഉറക്കമില്ലാത്ത അഞ്ചു നാളുകള്‍ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കു മാറ്റി. 


മെഡിക്കല്‍ കോളെജിലെ ചികിത്സയെയും പരിചരണത്തെയും സൗകര്യങ്ങളെയും കുറിച്ച് സിറാജുദ്ദീന് പറഞ്ഞാല്‍ തീരില്ല. ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാവുന്നത് അടിപൊളി എന്നത്രെ! അതു പറയുമ്പോഴാണ് സിറാജ് ഇംഗ്ലണ്ടില്‍ താമസിക്കുന്ന സുഹൃത്തിന്റെ അനുഭവം പറഞ്ഞത്. സുഹൃത്തിന്റെ ഭാര്യ അവിടെ നഴ്‌സാണ്. അദ്ദേഹത്തിന് ചെക്കപ്പ് നടത്താന്‍ പോലും സൗകര്യമില്ല. ഭാര്യ 14 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോള്‍ കുടുംബത്തിന് ഒരു ചെക്കപ്പിന് അവസരമുണ്ടാകും. അതു കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. തന്റെ ദേഹത്ത് വൈറസ് ബാധിച്ചിട്ടുണ്ടാവുമെന്ന് ഉറപ്പിക്കുന്ന സുഹൃത്തിന് ഒന്നേ പറയാനുള്ളൂ. എങ്ങനെയെങ്കിലും കേരളത്തിലെത്തണം.

സിറാജിന്റെ പേരിലൊരു വെളിച്ചമുണ്ട്. ഈ ചെറുപ്പക്കാരന്‍ മഹാ പ്രതിസന്ധിയെ നേരിട്ടത് ഉള്‍വെളിച്ചത്തിന്റെ കരുത്തിലാണ്. വായന പകര്‍ന്ന കരുത്തില്‍ ജീവിതാനുഭവങ്ങള്‍ എഴുതുകയാണ് വീട്ടിലെ ഏകാന്തവാസത്തില്‍. കേരളത്തിലെ കോവിഡ് പ്രതിരോധ സംവിധാനവും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനയും ഒപ്പം പ്രതികൂല കാലാവസ്ഥയില്‍ ആടിയുലയാതെ മനസ്സിനെ പിടിച്ചുനിര്‍ത്താനായതും സിറാജുദ്ദീനെ പതിനെട്ടാം നാള്‍ ആശുപത്രിയില്‍ നിന്നു മോചിപ്പിച്ചു. ര


ണ്ടു പൊസിറ്റീവ് റിസല്‍ട്ടിനു ശേഷമാണ് നെഗറ്റീവ് ആകുന്നത്. ദൈവത്തോടും ആരോഗ്യസംവിധാനത്തോടും കേരളത്തിന്റെ കരുതലിനോടും സ്‌നേഹാന്വേഷണങ്ങള്‍ കൊണ്ടു കരുത്തുപകര്‍ന്നവരോടും സിറാജ് നന്ദി പറയുന്നു. 

ഇന്നാട് ഈ ചെറുപ്പക്കാരനോട് അകമേ ആദരമര്‍പ്പിക്കുന്നു. പുലര്‍ത്തിയ ജാഗ്രതയോട്, സാമൂഹിക അകലം പാലിച്ച് താന്‍ കാരണം ഒരാള്‍ക്കും വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ കാണിച്ച സൂക്ഷ്മതയോട്. സിറാജ്, ഒരു ബിഗ് സല്യൂട്ട്.
Previous Post Next Post
3/TECH/col-right