Trending

കോഴിക്കോട് ജില്ലയിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് - പകൽ സമയത്ത് പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കുക


കോഴിക്കോട് ജില്ലയിൽ  നാളെയും മറ്റന്നാളും (2020 ഏപ്രിൽ 3, 4 തീയ്യതികളിൽ) ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 3-4  ഡിഗ്രി സെൽഷ്യസും അതിലധികവും ഉയരാൻ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 
 
ചൂട് വർദ്ധിക്കുന്നത് മൂലം സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വളരെയേറെ സാധ്യതയുണ്ട്, അതുകൊണ്ടുതന്നെ പൊതുജനങ്ങൾ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും കർശനമായി നിർദേശിക്കുന്നു.

ജില്ലയിൽ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി  പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

1. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.

2.അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

3.പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

4. ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യരശ്മികൾ ശരീരത്തിൽ ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

5. നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു.

6. നിർജ്ജലീകരണം തടയാൻ ORS ലായനിപ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

7. വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്. 

ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാവണം എന്ന് അഭ്യർത്ഥിക്കുന്നു
Previous Post Next Post
3/TECH/col-right