കോഴിക്കോട്:ആറ് കോവിഡ് 19 പോസീറ്റീവ് കേസുകളിൽ ഒരാൾക്ക് രോഗം ഭേദമായതോടെ കോഴിക്കോടിന് ആശ്വാസ ദിനം. കിഴക്കോത്ത് സ്വദേശിനിയായ സ്ത്രീയെ അസുഖം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു.ഇതോടെ അഞ്ച് കോഴിക്കോട് സ്വദേശികളുടെ പോസിറ്റീവ് കേസുകളാണ് ജില്ലയിൽ അവശേഷിക്കുന്നത്. 

ഇന്നലെ ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകളില്ല. ഇനി 14 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്. ആകെ 21,485 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്.മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 23 പേരാണ് ആകെ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ ഒമ്പത് പേർ ഇന്നലെ  പുതുതായി അഡ്മിറ്റായവരാണ്. ഇന്നലെ മാത്രം 11 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 268 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 254 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്.

ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലയിലെ പ്രധാന ആശുപത്രി സൂപ്രണ്ടുമാർ, സാമൂഹ്യ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിലൂടെ കോവിഡ്19 മായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിൽ സജ്ജമാക്കിയ ക്രമീകരണങ്ങൾ വിലയിരുത്തുകയും നടപ്പിലാക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കോൺഫറൻസിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി., ജില്ലാ സർവ്വൈലൻസ് ഓഫീസർ ഡോ. ആശാദേവി, ഡി.പി.എം. ഡോ. നവീൻ.എ. എന്നിവർ പങ്കെടുത്തു.