Trending

സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യും: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 1600 ഔട്ട്ലെറ്റുകൾ വഴി 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. ഏപ്രിൽ ഒന്ന് മുതൽ സൗജന്യ റേഷൻ വിതരണം ചെയ്ത് തുടങ്ങും. 15 കിലോ സൗജന്യ ഭക്ഷ്യധാന്യം ഏപ്രിൽ 20ന് മുമ്പ് വാങ്ങണം.


അന്ത്യോദയ വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രയോരിറ്റി ഹൗസ് ഹോൾഡ്‌സ്(പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്ക് കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും.15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും.

സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് വേണ്ടുന്ന ധാന്യം സംഭരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാവിലെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ വിതരണം നടത്തും. സൗജന്യ റേഷൻ വിതരത്തിന് ശേഷം കേന്ദ്രത്തിന്റെ വാഗ്ദാന പ്രകാരമുള്ള ഭക്ഷ്യധാന്യം എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും. 

റേഷൻകാർഡ് ഇല്ലാത്തവർക്കും റേഷൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.അവർക്ക് അതാത് കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ  സത്യവാങ്മൂലം നൽകിയാൽ മതിയാകും. ഇതിൽ ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. 

അഞ്ച് പേർ മാത്രമേ റേഷൻ കടക്ക് മുൻപിൽ ഉണ്ടാകാൻ പാടുള്ളു. ഇവർ ശാരീരിക അകലം പാലിക്കണം. ഇവരെ സന്നദ്ധ പ്രവർത്തകരോ ജനപ്രതിനിധികളോ സഹായിക്കണം.റേഷൻവാങ്ങാൻ എത്താൻ കഴിയാത്തവർക്ക് വീട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തു നൽകും. അതേസമയം, കിറ്റ് ആവശ്യമില്ലാത്തവർക്ക് സർക്കാരിന് തിരികെ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.

റേഷൻ വാങ്ങാൻ വരുന്നവർ ശ്രദ്ധിക്കേണ്ടവ

◼️ റേഷൻ കാർഡ് കൊണ്ടുവരണം

◼️ റേഷൻ കടയിലെ ‘ക്യൂ’വിൽ ഒരു മീറ്റർ അകലം പാലിക്കണം.


◼️ റേഷൻ കടയിൽ ലഭ്യമായിട്ടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകുക

◼️ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക.


◼️ AAY (മഞ്ഞ) PHH (പിങ്ക്) വിഭാഗം കാർഡുകൾക്ക് രാവിലെ 9  മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തും, NPS (നീല) / NPNS (വെള്ള) വിഭാഗം കാർഡുകൾക്ക് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയുളള സമയത്തും ആണ് റേഷൻ വിതരണം നടത്തുന്നത്.
 
Previous Post Next Post
3/TECH/col-right