പോത്തൻകോട്: കരൂർ ലക്ഷ്മിവിലാസം ഹൈസ്കൂളിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ അഞ്ചാം ദിനം. രാവിലെ ഒൻപതരയോടെ ഹിന്ദി പരീക്ഷയെഴുതാൻ ക്ലാസിലെത്തിയ ഫാത്തിമ എന്ന വിദ്യാർഥിനിയുടെ കണ്ണുകൾ കലങ്ങിയിരുന്നു. കാര്യം ചോദിച്ച അധ്യാപികയോട് അവൾ പറഞ്ഞു- ‘ടീച്ചറേ എന്റെ ഉമ്മയുടെ കബറടക്കം നടക്കുകയാണിപ്പോൾ...’ 

ഫാത്തിമയുടെ ഉമ്മ കീഴാവൂർ ഷഹ്നാ മൻസിലിൽ ഷമീറിന്റെ ഭാര്യ നസീറാ ബീവി(39) ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. മണ്ണോടുചേരാൻ ഉമ്മച്ചിയെ പള്ളിയങ്കണത്തിലേക്കെടുക്കുന്നതിനു തൊട്ടുമുമ്പേ ഫാത്തിമയ്ക്ക് പരീക്ഷയെഴുതാൻ സ്കൂളിലെത്തേണ്ടിയിരുന്നു. അത് അവളുടെ ഉമ്മയുടെ അവസാന ആഗ്രഹമായിരുന്നു.


‘‘മോളേ... പരീക്ഷയ്ക്കിടയിൽപ്പോലും ഞാനങ്ങു മറഞ്ഞാൽ നീ തളരരുത്. എല്ലാ പരീക്ഷയും എഴുതണം. നന്നായി പഠിച്ച് ജോലി വാങ്ങി ഉപ്പച്ചിയെ നോക്കണം”. ഉമ്മയുടെ ആ അവസാന ആഗ്രഹം സാധിപ്പിച്ചുകൊണ്ട് ഫാത്തിമ, പ്രിയപ്പെട്ട ഉമ്മച്ചിക്ക് ഏറ്റവും വലിയ അന്ത്യാഞ്ജലി നൽകി. 


പ്രഥമാധ്യാപിക മായയും മറ്റ് അധ്യാപകരും ചേർന്നു നൽകിയ ആത്മവിശ്വാസത്തിൽ ഫാത്തിമ പരീക്ഷയെഴുതി. രാവിലെ ഒൻപതരയ്ക്ക് പരീക്ഷ തുടങ്ങി. അരമണിക്കൂർ കഴിഞ്ഞ് കുടമുറ്റം ജമാഅത്തിൽ നസീറ ബീവിയെ കബറടക്കി.

രണ്ടര മാസം മുൻപാണ് നസീറാ ബീവിക്ക് അർബുദമാണെന്നറിഞ്ഞത്. ഉടനെ ആർ.സി.സി.യിൽ ചികിത്സ തുടങ്ങി.വിദേശത്തായിരുന്ന ഷമീർ ഭാര്യയുടെ അസുഖമറിഞ്ഞ് നാട്ടിലെത്തി. പക്ഷേ, അസുഖം കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച വെളുപ്പിന് മരിച്ചു. നസീറയുടെ മൂത്ത മകൾ ഷഹനയും എത്തിയിരുന്നു. 


അണ്ടൂർക്കോണം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു നസീറാ ബീവി. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷയെഴുതിക്കഴിഞ്ഞ് ഉമ്മയില്ലാത്ത വീട്ടിലേക്ക് ഫാത്തിമ മടങ്ങി. അവൾക്കിനി നാലു പരീക്ഷകൾകൂടിയുണ്ട്.