Trending

കര്‍ണാടകയില്‍ എയര്‍പോര്‍ട്ടുകളില്‍വെച്ച് മുദ്ര കുത്തും; നിരീക്ഷണം ഉറപ്പുവരുത്താന്‍ നടപടികള്‍

ബംഗളൂരു: കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി, വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും മുദ്ര കുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കര്‍ശനമാക്കി കര്‍ണാടക സര്‍ക്കാര്‍.  ഇന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവരുടെയും കയ്യില്‍ മുദ്ര കുത്താനാണ് തീരുമാനം. ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.


മഹാരാഷ്ട്രയില്‍ കഴിഞ്ഞയാഴ്ച എയര്‍പോര്‍ട്ടുകളില്‍വെച്ച്  മുദ്ര കുത്തിയിരുന്നു. എതു തീയതി വരെ നിരീക്ഷണത്തില്‍ കഴിയണമെന്ന സീലാണ് കൈകളില്‍ പതിക്കുന്നത്. കര്‍ണാടകയില്‍ ഇതവരെ 14 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 1862 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഒരാഴ്ചയ്ക്കിടെയാണ് സംസ്ഥാനത്തു 10 പേര്‍ക്ക് കോവിഡ് ബാധിച്ചത്. ഇതോടെയാണു നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും പുതിയ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണു കൂടുതല്‍ നിയന്ത്രണങ്ങള്‍. വിവിധ രാജ്യങ്ങളില്‍നിന്നെത്തുന്നവരെ പരിശോധിച്ചാണ് വേർതിരിക്കുന്നത്. 

ഇവരില്‍ചില വിഭാഗങ്ങളെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കില്ല. ഇവര്‍ ആശുപത്രികളിലും ഹോട്ടലുകളിലുമായി 14 ദിവസം ഐസലേഷനില്‍ കഴിയണം.
അതേസമയം മാളുകളും പബ്ബുകളും നിശാക്ലബ്ബുകളും ബാറുകളും തിയേറ്ററുകളും മാര്‍ച്ച് 31 വരെ അടച്ചിടും. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പ്രഖ്യാപിച്ചിരുന്ന അവധി 31 വരെ നീട്ടിയിട്ടുണ്ട്.


മംഗളൂരു വിമാനത്താവളത്തില്‍ പ്രവാസി മലയാളികളെ കൊറോണയുടെ പേരിലും പീഡിപ്പിക്കുന്നു; പീഡനം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭമെന്ന് മുസ്ലിം ലീഗ്

കൊറോണ പരിശോധനയുടെ പേരില്‍ മംഗളൂരു അന്തര്‍ദേശീയ വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസി മലയാളികളെ യാതൊരു പരിശോധനയും നടത്താതെ പ്രത്യേക ബസില്‍ കയറ്റി തലപ്പാടിയില്‍ കൊണ്ട് വിടുകയാണെന്ന് മുസ്ലീം ലീഗ് നേതൃത്വം ആരോപിച്ചു. ഇത്തരമൊരു നടപടി നാട് കടത്തുന്നതിന് തുല്യമാണ്. 


തലപ്പാടിയില്‍ ഇറക്കി വിട്ടവര്‍ക്ക് മറ്റു സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ജില്ലാ ഭരണകൂടം യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയില്ല. വാര്‍ത്ത മാധ്യമങ്ങളാണ് ആകെയുള്ള ഒരു ആശ്വാസം. ചില ഉദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള അവസരമായി കൊറോണയെ ഉപയോഗിക്കുകയാണ്.

മംഗളൂരു വിമാത്താവളത്തില്‍ മലയാളി പ്രവാസികളോട് കൊള്ളക്കാരോട് പെരുമാറുന്നത് പോലെയാണ് അധികൃതര്‍ പെരുമാറുന്നത്. ഇത് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. 


ദിനംപ്രതി ആയിരക്കണക്കില്‍ മലയാളി യാത്രക്കാര്‍ എത്തുന്ന വിമാനത്താവളത്തില്‍ മലയാളികളെ തെരഞ്ഞ് പിടിച്ച് അകാരണമായി എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകളുടെ പേരിലും ഇപ്പോള്‍ കൊറോണയുടെ പേരിലും മണിക്കൂറുകളോളം പീഡിക്കുകയാണ്. 

ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിച്ചാല്‍ മംഗളൂരു എയര്‍പര്‍ട്ട് ബഹിഷ്‌കരിക്കുന്നതുള്‍പെടെയുള്ള സമര പരിപാടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് അബ്ദുല്‍ റഹ് മാന്‍ കൂട്ടിച്ചേര്‍ത്തു. 
Previous Post Next Post
3/TECH/col-right