Trending

Covid 19 നിരീക്ഷണത്തിൽ കഴിഞ്ഞ വിദേശി വിമാനത്തിൽ; റിസോർട്ട് അധികൃതരുടേത് ഗുരുതരവീഴ്ച: മന്ത്രി വി.എസ് സുനിൽകുമാർ

കൊച്ചി:മൂന്നാറിൽനിന്ന് നെടുമ്പാശേരിയിൽ എത്തിയ വിദേശപൗരന് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ റിസോർട്ട് അധികൃതരുടേത് ഗുരുതരവീഴ്ചയെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയയാൾ, ചെക്ക് ഔട്ട് ചെയ്ത് മടങ്ങിയത് റിസോർട്ട് അധികൃതരുടെ വീഴ്ചയാണ്. കൊറോണ പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് നടത്തുന്ന ശ്രമങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾ വിഘാതം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.


ഈ മാസം ഏഴിന് മൂന്നാറിലെത്തിയ വിദേശ പൗരൻ മൂന്നാറിലെ KTDC ടീകൗണ്ടി റിസോർട്ടിലാണ് താമസിച്ചത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് ഇയാളെ നിരീക്ഷണത്തിലാക്കാൻ നിർദേശിക്കുകയായിരുന്നു. മാർച്ച് ഒമ്പതിന് ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ ഉൾപ്പെട്ട സംഘം ചെക്ക് ഔട്ട് ചെയ്തു കൊച്ചിയിലേക്ക് വരികയായിരുന്നു. ഇക്കാര്യം റിസോർട്ട് അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചതുമില്ല. ഇതിനിടയിൽ ഇയാളുടെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് വ്യക്തമായതോടെയാണ് അധികൃതർ ഇയാൾക്കുവേണ്ടി അന്വേഷണം നടത്തിയത്. ഇതേത്തുടർന്നാണ് നെടുമ്പാശേരിയിൽ വിമാനത്തത്തിൽനിന്ന് ഇദ്ദേഹത്തെ കണ്ടെത്തുന്നത്. എന്നാൽ പതിനഞ്ചു പേരോളം വരുന്ന സംഘത്തിനൊപ്പമായിരുന്നു ഇയാളുടെ യാത്ര.

ഇയാളെയും രോഗലക്ഷണങ്ങളുള്ള ഭാര്യയെയും കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മൂന്നാറിലെ റിസോർട്ടിൽ താമസിച്ചിരുന്നയാൾ ആയതിനാൽ ഇടുക്കിയിലും നെടുമ്പാശേരിയിലും ഉന്നതതല യോഗം ചേരുന്നുണ്ട്. ഇടുക്കിയിൽ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലും കൊച്ചിയിൽ കളക്ടറുടെ നേതൃത്വത്തിലുമാണ് യോഗം. സംഘം യാത്ര ചെയ്ത സ്ഥളങ്ങളും ബന്ധപ്പെട്ട ആളുകളെയും കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുന്നു.

കൊവിഡ് ബാധിതനായ ബ്രിട്ടൺ സ്വദേശി മൂന്നാറിൽ നിന്ന് മുങ്ങിയതെങ്ങനെ ?

ഇടുക്കി: മൂന്നാറിലെ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്ന കൊവിഡ് ബാധിതനായ ബ്രിട്ടൺ സ്വദേശിയും സംഘവും കൊച്ചിയിലെത്തിയത് അതീവ ഗുരുതര സ്ഥിതി വിശേഷമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കാണുന്നത്. രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി നിരീക്ഷണത്തിൽ കഴിയുന്ന വിനോദ ‍സഞ്ചാരികളാണ് മൂന്നാറിൽ നിന്ന് കൊച്ചിയിലേക്ക് കടന്ന് കളഞ്ഞത്. ബ്രിട്ടണിൽ നിന്നുള്ള പത്തൊമ്പതംഗ സംഘം താമസിച്ചിരുന്നത് കെടിഡിസി ഹോട്ടലിലായിരുന്നു . രോഗ ലക്ഷണങ്ങൾ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ  സബ് കളക്ടറുടെ സംഘം സഞ്ചാരികളെ നേരിട്ട് കണ്ട്  കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. 

ആരോഗ്യ പ്രവര്‍ത്തരുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും കണ്ണ് വെട്ടിച്ച് ഇവരെങ്ങനെ മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തി. ഹോട്ടൽ അധികൃതര്‍ അറിയാതെ ഇവര്‍ക്കെങ്ങനെ ബാഗേജുകളുമായി കടന്നു കളയാൻ കഴിഞ്ഞു , അവര്‍ സഞ്ചരിച്ച വാഹനം, ആഹാരം കഴിക്കാൻ അടക്കം ഇവര് ‍എവിടെയെങ്കിലും ഇറങ്ങിയിരുന്നോ , ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയോ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലാണ് ഇപ്പോഴും വലിയ ആശങ്ക നിലനിൽക്കുന്നത്. 

നെടുമ്പാശേരിയിലെത്തി അധികൃതരുടെ കണ്ണുവെട്ടിച്ച് വിമാനം കയറിയ ബ്രിട്ടൺ സ്വദേശിയേയും സംഘത്തെയും പിന്നീട് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെയും തിരിച്ചിറക്കി. ഇവരെയെല്ലാം നിരീക്ഷണത്തിൽ വക്കാനാണ് അധികൃതരുടെ തീരുമാനം.
 

രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടൺ സ്വദേശിയുടെ ശ്രവം കഴിഞ്ഞ ദിവസം തന്നെ പരിശോധനക്ക് എത്തിയിരുന്നു. രാവിലെയാണ് കൊവിഡ്  19 സ്ഥിരീകരിക്കുന്ന പരിശോധന ഫലം കിട്ടയതെന്നും ഇത് കിട്ടിയ ശേഷം വിദേശിയെ ആശുപത്രിയിലേക്ക് മാറ്റാനെത്തിയപ്പോഴാണ് വിദേശിയും സംഘവും കടന്ന് കളഞ്ഞ വിവരം അറിയുന്നത്.

കൊവിഡ് 19: ബ്രിട്ടൺ യാത്ര കഴിഞ്ഞ് വന്ന ഡിജിപിയെ നിരീക്ഷണത്തിൽ വച്ചോയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം:  ബ്രിട്ടൺ യാത്ര കഴിഞ്ഞ് വന്ന ഡിജിപി ലോക് നാഥ് ബെഹ്റയെ കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ നീരീക്ഷണത്തിൽ വച്ചോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ.  മാര്‍ച്ച് മൂന്ന് മുതല്‍ അഞ്ച് വരെയായിരുന്നു ഡിജിപിയുടെ ബ്രിട്ടൺ പര്യടനം. രോഗബാധിത മേഖലയില്‍ നിന്നു മടങ്ങിയെത്തിയ പൊലീസ് മേധാവി നിരവധി പരിപാടികളില്‍ പങ്കെടുത്തതായി വിവരമുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

മാര്‍ച്ച് നാല് മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിൽ ഉൾപ്പെടെ എത്തിയിട്ടുള്ള എല്ലാ വിദേശപൗരന്മാരും, വിദേശത്ത് നിന്ന് തിരികെയെത്തിയ ഇന്ത്യക്കാരും നിരീക്ഷണത്തിലായിരിക്കണം. എല്ലാവര്‍ക്കും ബാധകമായ ഈ നിബന്ധന ബ്രിട്ടൺപര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ പൊലിസ് മേധാവിക്കു ബാധകമാക്കിയോ എന്ന ആശങ്കയാണ് ഉയരുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം: 

കൊവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കെ മാര്‍ച്ച് 3 മുതല്‍ 5വരെ ബ്രിട്ടനില്‍ പര്യടനം നടത്തിയശേഷം മടങ്ങിയെത്തിയ  സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെ നിരീക്ഷണത്തില്‍ വച്ചുവോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

രോഗബാധിത മേഖലയില്‍ നിന്നു മടങ്ങിയെത്തിയ പൊലീസ് മേധാവി നിരവധി പരിപാടികളില്‍ പങ്കെടുത്തതായി  പറയപ്പെടുന്നു.  10,000ലേറെപ്പേര്‍ക്കാണ് ഇംഗ്ലണ്ടില്‍ രോഗബാധ സംശയിക്കുന്നത്. എണ്ണൂറോളം പേര്‍ക്ക് സ്ഥിരീകരിച്ചുകഴിഞ്ഞു. അവിടത്തെ ആരോഗ്യമന്ത്രിക്ക് കൊവിഡ് 19 പിടിപെട്ടു. പ്രധാനമന്ത്രിയുടെ വസതിയടക്കം നിരീക്ഷണത്തിലാണ്. കേരളത്തിലെത്തിയ വിദേശപൗരന് ഇതിനകം രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് നിര്‍ബന്ധിത നിരീക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും അവിടെ നിന്ന് ചാടിപ്പോയത് വിവാദമായിരിക്കുകയാണ്.

മാര്‍ച്ച് 4 മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിൽ ഉൾപ്പെടെ എത്തിയിട്ടുള്ള എല്ലാ വിദേശപൗരന്മാരും, വിദേശത്ത് നിന്ന് തിരികെയെത്തിയ ഇന്ത്യക്കാരും നിരീക്ഷണത്തിലായിരിക്കണം. എല്ലാവര്‍ക്കും ബാധകമായ ഈ നിബന്ധന ബ്രട്ടീഷ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ പൊലിസ് മേധാവിക്കു ബാധകമാക്കിയോ എന്ന ആശങ്കയാണ് ഉയരുന്നത്.

ഇറ്റലിയില്‍നിന്നു തിരികെയെത്തിയ റാന്നിയിലെ കുടുംബം യാതൊരുവിധ മുന്നറിയിപ്പോ സൗകര്യങ്ങളോ ഏര്‍പ്പെടുത്താതിരുന്ന നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്കു പോയപ്പോള്‍ അവര്‍ നാടിനെ വഞ്ചിച്ചുവെന്നാണ് ആരോഗ്യമന്ത്രിയും സര്‍ക്കാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 

 പ്രൈം ടൈമിൽ വാർത്താ സമ്മേളനം നടത്തുന്ന മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സാമൂഹ്യബോധവും കടമയും പ്രകടിപ്പിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തുടരെ തുടരെ പറയുന്നത്. അങ്ങനെയെങ്കിൽ ഡിജിപിയെ നിരീക്ഷിക്കാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചത് എന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.


Previous Post Next Post
3/TECH/col-right