Trending

കൊവിഡ് 19 വൈറസ് ബാധ: വിദേശത്തുനിന്ന് എത്തുന്നവരെ കണ്ടെത്താന്‍ പോലീസ് സഹായിക്കും

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധിച്ച രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ വിശദവിവരങ്ങള്‍ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മുഖേന ഇന്‍റലിജന്‍സ് എ.ഡി.ജി.പി ശേഖരിക്കും.  കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് സ്വീകരിക്കേണ്ട നടപടികളും മുന്‍കരുതലും വിശദീകരിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.


ആരോഗ്യവകുപ്പ് അധികൃതരുടെ സഹായത്തോടെ, വിദേശത്ത് നിന്ന് എത്തുന്നവരെ കണ്ടെത്തി പരിശോധനയും ചികിത്സയും നടത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തും. സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം, ജനമൈത്രി പോലീസ്  ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കും. പരാതിക്കാരും മറ്റ് സന്ദര്‍ശകരും പോലീസ് സ്റ്റേഷനില്‍ എത്തുന്നത് തടയാന്‍ പാടില്ല. സ്റ്റേഷനില്‍ എത്തുന്നവരെ കോവിഡ് 19 ബാധയെക്കുറിച്ച് അവബോധം നൽകണം.

ട്രാഫിക് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാസ്ക്കുകള്‍ ധരിക്കുകയും നിശ്ചിത ഇടവേളകളില്‍ കൈകള്‍ വൃത്തിയാക്കുകയും ചെയ്യണം. ജനവാസമുള്ള പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതിന് ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

വൈറസ് ബാധയെ കുറിച്ച് നവമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
Previous Post Next Post
3/TECH/col-right