Latest

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ദുബൈയിൽ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി.തിരുവനന്തപുരം സ്വദേശിയുടെ അന്തിമഫലം ലഭിക്കാനുണ്ട്. കോവിഡ് 19 സംശയിക്കുന്ന 4150 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 


സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് പറയാറായിട്ടില്ല. മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ആവര്‍ത്തിക്കുന്നു. ജാഗ്രത തുടരേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
പ്രായമുള്ളവർക്ക് രോഗം വന്നാൽ മാരകമാവും. അവർക്ക് പ്രത്യേക പരിചരണം വേണം. വയോജന കേന്ദ്രങ്ങളിൽ സന്ദർശനം നിയന്ത്രിക്കും. രോഗമുണ്ടെന്ന സംശയമുള്ളവർ നേരിട്ട് ആശുപത്രിയിലെത്തുകയല്ല വേണ്ടത്. ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും ബോധവൽക്കരണം നടത്തും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. 

വിമാനത്താവളങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തുറമുഖങ്ങളിലും സമാന പരിശോധന നടത്തും. റെയിൽവേ സ്റ്റേഷൻ, സംസ്ഥാന അതിർത്തികൾ എന്നിവിടങ്ങളിലും പ്രതിരോധ നടപടികളുണ്ട്. വിദേശ രാജ്യങ്ങളിൽ തിരിച്ചു പോകാൻ കഴിയാത്തവര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. നോര്‍ക ഇടപെടും. എംബസികളെ ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ്-19:  കോഴിക്കോട് ജില്ലയില്‍ പുതുതായി 182 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 182 പേര്‍ ഉള്‍പ്പെടെ ആകെ 497 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും ബീച്ച് ആശുപത്രിയില്‍ രണ്ട് പേരും ഉള്‍പ്പെടെ ആകെ ഏഴു പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. 


മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് അഞ്ച് പേരെയും ഉള്‍പ്പെടെ ഏഴുപേരെ ഇന്ന് (മാര്‍ച്ച് 12)ഡിസ്ചാര്‍ജ്ജ് ചെയ്തു. നാലു സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 65 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 60 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു.  എല്ലാം നെഗറ്റീവ് ആണ്. ഇനി അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. 

കോവിഡ് ബോധവല്‍ക്കരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ  ഭാഗങ്ങളില്‍ പഞ്ചായത്ത് തല, വാര്‍ഡ് തല ജാഗ്രതാ സമിതി യോഗം ചേരുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനു വേണ്ടിയുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുകയും ചെയ്തു. 

സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് രണ്ട് ബാച്ചുകളിലായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പരിശീലനം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി, അഡീഷണല്‍ ഡി.എം.ഒ. മാരായ ഡോ. എന്‍. രാജേന്ദ്രന്‍, ഡോ. ആശാദേവി, ആര്‍.സി.എച്ച്. ഓഫീസര്‍ഡോ. റ്റി. മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 74 ആയി, രോഗം സ്ഥിരീകരിച്ചത് 18 സംസ്ഥാനങ്ങളില്‍

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 74 ആയി. ഏപ്രില്‍ 15 വരെ ഇന്ത്യ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര മന്ത്രിമാരുള്‍പ്പടെ വിദേശയാത്ര ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.18 സംസ്ഥാനങ്ങളിലായാണ് 74 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതുവരെ 10.5 ലക്ഷം പേരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ പരിശോധിച്ചു. ഇറ്റലിയിലെ ഇന്ത്യൻ എംബസി എല്ലാ കോൺസുലേറ്റ് സേവനങ്ങളും താല്‍കാലികമായി നിർത്തിവെച്ചു. 

ഇറാനിൽ കുടുങ്ങിയവരെ ഇന്ത്യയിലേക്ക് എത്തിക്കാൻ നടപടികൾ തുടങ്ങി. നാളെ മുതൽ മൂന്ന് ദിവസം കൊണ്ട് പ്രത്യേക വിമാനത്തിൽ ഇറാനിൽ നിന്നുള്ളവരെ മുംബൈയിൽ എത്തിക്കും. ഇറ്റലിയിൽ നിന്നും കൊച്ചിയിൽ എത്തിയവരെ പരിശോധിക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ ലോക്സഭയെ അറിയിച്ചു.

കോവിഡ് 19നെ തുടർന്ന് ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഉടൻ കണ്ടെത്തണമെന്നും വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പദ്ധതി ഒരുക്കണമെന്നും ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് 19ന്‍റെ സാഹചര്യത്തിൽ ലോക്സഭ നിർത്തിവെയ്ക്കില്ലെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു. 

ഡൽഹിലെ എല്ലാ സിനിമാശാലകളും മാർച്ച് 31 വരെ അടച്ചു. കോവിഡ് 19യുടെ പശ്ചാത്തലത്തിൽ മുഖാവരണം, സാനിറ്റൈസർ സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണമെന്ന് ആന്റോ ആന്റണി ലോക്സഭയിൽ ആവശ്യപ്പെട്ടു. വിമാനത്താവളത്തിൽ അശ്രദ്ധ ഉണ്ടായി എന്ന് എൻ.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

കോവിഡ് 19: രോഗ നിരീക്ഷണം ഇനി മുതൽ കാറ്റഗറി തിരിച്ച് മാത്രം

കോവിഡ്- 19 ബാധിത രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതുക്കിയ മാർഗ നിർദേശങ്ങൾ നിലവിൽ വന്നു. അതനുസരിച്ച് തിരികെ വരുന്നവരെ കാറ്റഗറി A, B, C എന്നിങ്ങനെ മൂന്ന് കാറ്റഗറികൾ ആക്കി തിരിക്കും. 

ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവരെ കാറ്റഗറി എ യിൽ ഉൾപ്പെടുത്തും. ഇവർ സ്വന്തം വീടുകളിൽ തന്നെ 28 ദിവസം നിരീക്ഷണത്തിൽ കഴിയണം.

കടുത്ത പനി, തൊണ്ടവേദന ഉളളവരെയും,  ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ള ഗർഭിണികൾ, 60 വയസ്സിനു മേൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങൾ ഉളളവരേയും  കാറ്റഗറി ബി യിൽ ഉൾപ്പെടുത്തും. ഇവർ ദിശയുമായോ, കൺട്രോൾ റൂമുമായോ ബന്ധപ്പട്ട് അവിടെ നിന്നും നിർദേശിക്കുന്ന ആശുപത്രിയിൽ ചികിത്സ തേടണം. 

കാറ്റഗറി A യിൽ പ്പെട്ടവർക്ക് അസുഖങ്ങൾ കൂടിയാൽ കാറ്റഗറി ബി ആയി പരിഗണിച്ച് ചികിത്സ നൽകും. 

കടുത്ത പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ശ്വാസം മുട്ട്, മറ്റു ഗുരുതര രോഗ ലക്ഷണങ്ങൾ, തുടങ്ങിയവ ഉള്ളവരെ കാറ്റഗറി സി യിൽ ഉൾപ്പെടുത്തി ഹോസ്പിറ്റൽ  ഐസോലേഷൻ മുറിയിൽ ചികിത്സ ചെയ്യും.

Post a Comment

0 Comments