Trending

പൗരത്വസമരത്തെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു; ലോക്‌സഭയില്‍ രൂക്ഷവിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പകരം അവരെ എങ്ങനെ അടിച്ചൊതുക്കാം എന്നതിനെ പറ്റിയാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഡല്‍ഹി വംശഹത്യയെ പറ്റി ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷി നേതാക്കളുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ പാര്‍ലമെന്റിലെ ചര്‍ച്ചകൊണ്ട് കാര്യമായ ഫലമുണ്ടാവില്ലെന്ന് കരുതിപ്പോവുകയാണ്്. നിരത്തുകളില്‍ സമരം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ചാണ് മന്ത്രിമാര്‍ സംസാരിക്കുന്നത്.  അവര്‍ക്കെതിരെ വെടിയുതിര്‍ക്കുന്നതിനെ പറ്റി പ്രസംഗിക്കുന്നതും മാധ്യമസ്ഥാപനങ്ങളെ നിരോധിക്കുന്നതുമൊക്കെയാണ് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്.


നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമല്ലേ. എന്ത് കൊണ്ടാണ് രാജ്യത്താകെമാനം ജനങ്ങള്‍ സമരം ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി ആലോചിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പ്രക്ഷോഭം സമാധാനപൂര്‍ണ്ണമായാണ് നടക്കുന്നത്. കിഴക്കന്‍ ഡല്‍ഹിയില്‍ ചിലര്‍ മനപ്പൂര്‍വ്വം പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കില്ലെന്ന് നിരവധി സംസ്ഥാനങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടേതടക്കമുള്ള ആശങ്കകള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നതേയില്ല. രാജ്യത്തെ മുഖ്യ ന്യൂനപക്ഷത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ നിയമത്തില്‍ ആശങ്കകളുണ്ട്. അവര്‍ തങ്ങളുടെ പൗരത്വം അപകടത്തിലാവുമോ എന്ന് ഭയപ്പെടുന്നു. 

എന്തുകൊണ്ടാണ് സര്‍ക്കാര്‍ അവരുടെ ആശങ്കകള്‍ക്ക് ചെവികൊടുക്കാത്തത്.  സമരക്കാര്‍ റോഡ് ബ്ലോക്ക് ആക്കുന്നതിലാണ് സര്‍ക്കാറിന് വലിയ ആശങ്ക. ഗാന്ധിജിയും മറ്റ് നോതാക്കളും സ്വാതന്ത്ര സമരം നയിച്ചതും ഇങ്ങനെയൊക്കെ തന്നെയായിരുന്നുവെന്നത് ഭരണകക്ഷി ഓര്‍ക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ അക്രമമരങ്ങേറിയത് ഷാഹിന്‍ ബാഗ് ഒഴിപ്പിക്കാന്‍ വേണ്ടി ചിലര്‍ നല്‍കിയ അന്ത്യശാസനത്തെ തുടര്‍ന്നാണ്. 

സന്ദര്‍ശനവും കഴിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മടങ്ങിയാല്‍ കലാപം സൃഷ്ടിക്കാമെന്ന് ചിലര്‍ കണക്കുകൂട്ടിയത് അല്‍പ്പം പിഴച്ചുപോയി എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനിങ് അതേപടി നടപ്പാക്കുന്നതാണ് കിഴക്കന്‍ ഡല്‍ഹിയില്‍ കണ്ടത്. രാജ്യത്ത് എന്താണ് നടക്കുന്നത് എന്നത് ലോകത്തിന് മുന്‍പാകെ വ്യക്തമായി തുറന്ന് കാട്ടുന്നതായിരുന്നു ഡല്‍ഹി കലാപം. ഇന്ത്യ മതനിരപേക്ഷതയില്‍ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ഇന്ന് ലോകത്ത് നടക്കുന്ന ചര്‍ച്ചയെന്നത് തിരിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post
3/TECH/col-right