Trending

കൊറോണ: എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ പൊതുഗതാഗത സംവിധാനം ഉപയാഗിക്കരുതെന്ന് ജില്ലാ കലക്ടര്‍

എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ പൊതുഗതാഗത സംവിധാനം ഉപയാഗിക്കരുതെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കൊറോണ രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും പ്രവര്‍ത്തന രീതിയും സംബന്ധിച്ച് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൊറോണ ബാധിത പ്രദേശങ്ങളില്‍നിന്ന് കേരളത്തിലേക്കെത്തുന്നവര്‍ക്ക് ആവശ്യമായ പ്രാഥമിക പരിശോധന സംവിധാനങ്ങള്‍ എയര്‍പോര്‍ട്ടുകളില്‍ കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.


പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് കൈക്കൊള്ളേണ്ട നടപടിക്രമങ്ങളും അദ്ദേഹം വിശദീകരിച്ചു.  മറ്റു രാജ്യങ്ങളില്‍ നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ മറ്റു ജില്ലകളില്‍ നിന്നോ എത്തുന്നവരില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിരീക്ഷണത്തിലുണ്ടാവണമെന്ന് നിര്‍ദ്ദേശിക്കുന്നവര്‍ വീട്ടില്‍ ത്തന്നെ കഴിയുന്നുണ്ടെന്നും ഇത്തരത്തിലുളള ആരും നിശ്ചിത കാലയളവു കഴിയാതെ പുറത്തിറങ്ങി മറ്റുളളവരുമായി ഇടപഴകുന്നില്ലെന്നും ഉറപ്പുവരുത്തുകയാണ് ദ്രുതകര്‍മസേനയുടെ പ്രധാന ചുമതല.

വിദേശത്ത് നിന്ന് മടങ്ങിവരുന്ന രോഗലക്ഷണങ്ങളുളളവരും ഇല്ലാത്തവരുമായ ആളുകള്‍ക്ക് വീട്ടിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തണം. അവരുമായി ഇടപഴക്കുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക ടീം പ്രവര്‍ത്തിക്കണം. ഫോണ്‍ മുഖേന നിരീക്ഷണ പ്രവര്‍ത്തനം നടത്തണം.  എല്ലാ ആശുപത്രികളിലും ത്രിതല ട്രയാജ് സിസ്റ്റം ഉറപ്പാക്കണം.  എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ദ്രൂതകര്‍മസേന രൂപീകരിച്ച് പ്രവര്‍ത്തനം നടത്തണം.  വാര്‍ഡ് തലത്തിലും സേന രൂപീകരിക്കണം.  വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയും അവര്‍ക്ക് സൗഹൃദപരമായ അന്തരീക്ഷം ഉറപ്പുവരുത്തുകയും ചെയ്യണം.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ നടപടി സ്വീകരിക്കണം. അവര്‍ക്കാവശ്യമായ മറ്റ് ഭക്ഷണ വസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം.  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും നിരീക്ഷണത്തിലുളളവരുമായ ആളുകള്‍ക്ക് ഭക്ഷണസാധനങ്ങള്‍ സൗജന്യമായി എത്തിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്.  വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കുടുംബശ്രീ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങ് നല്‍കും. 

അറുപത് വയസ്സിനുമുകളില്‍ പ്രായമുളളവരാണ് കൊറോണ വൈറസ് ബാധയില്‍ ഏറ്റവും കരുതല്‍ വേണ്ടവര്‍, ഇവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണവും കൗണ്‍സിലിങ്ങും നല്‍കുകയെന്നത് അംഗന്‍വാടി വര്‍ക്കര്‍മാരുടെ ചുമതലയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സെന്ററുകളുടേയും മതപഠന കേന്ദ്രങ്ങളുടേയും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരും പോലീസും ഉറപ്പ് വരുത്തണം.  പൊതുപരിപാടികളിലും പൊതുജനങ്ങള്‍ കൂട്ടം കൂടുന്നിടത്തും ഉത്സവങ്ങളിലും മതപരമായ മറ്റ് ചടങ്ങുകളിലും ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലീസും ഉറപ്പ് വരുത്തണം.

ഹോട്ടലുകളിലും തട്ടുകടകളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.  വിവാഹങ്ങള്‍, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവ ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതും വന്‍ ജനസാന്നിദ്ധ്യം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ചുമതലയാണ്.  സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും സ്വന്തം ചിലവില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കണം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളടക്കം എല്ലാ ആശുപത്രികളിലും കൊറോണ ബാധ സംബന്ധിച്ച് പാലിക്കേണ്ട കാര്യങ്ങളും ചികില്‍സാ സംവിധാനങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദര്‍ശിപ്പിക്കണം.സര്‍ക്കാര്‍ പരിപാടികളില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം.  ജില്ലാ ലേബര്‍ ഓഫീസറുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബോധവല്‍കരിക്കണം.  വ്യക്തിശുചിത്വം പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പു വരുത്തണം.
Previous Post Next Post
3/TECH/col-right