Latest

6/recent/ticker-posts

Header Ads Widget

പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവെൻസ) മാർഗ്ഗ നിർദ്ദേശങ്ങൾ

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ, വേങ്ങേരി  എന്നീ സ്ഥലങ്ങളിൽ വളര്‍ത്തുകോഴികളിൽ  പക്ഷിപ്പനി രോഗബാധ സ്ഥിതീകരിച്ചിട്ടുണ്ട്. പക്ഷികളെ മാത്രം ബാധിക്കുന്നതും  അപൂർവ്വമായി  മാത്രം മനുഷ്യരിലേക്ക് പകരാനും  സാധ്യതയുള്ള ഈ രോഗം, ടൈപ്പ് എ ഇൻഫ്ളുവൻസ ഗണത്തിലെ എച്ച്1/എച്ച്5 ഉപഗണത്തിൽ പെട്ട   വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ടർക്കി, കാട, ഗിനിക്കോഴി, ഓമന പക്ഷികൾ  തുടങ്ങി എല്ലാ ഇനത്തിലുള്ള പക്ഷികളെയും ബാധിക്കാമെങ്കിലും താറാവും കോഴിയും പോലെയുള്ള  വളർത്തു  പക്ഷികളിലാണ്  ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. 

ഈ സാഹചര്യത്തിൽ രോഗബാധിത പ്രദേശത്തിന്റെ 1 കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത പ്രദേശം (ഇൻഫെക്ടഡ് സോൺ), ഇതിനു പുറത്തുള്ള 10 കിലോമീറ്റർ ചുറ്റളവിലുള്ള സൂക്ഷ്മ നിരീക്ഷണ പ്രദേശം (സർവൈലൻസ് സോൺ) എന്നിവ  രോഗനിയന്ത്രണ പ്രവ‍ത്തനങ്ങൾക്കായി രേഖപ്പെടുത്തിയിട്ടുണ്ട്.

നിരീക്ഷണ മേഖലയിലെ (10 കിലോമീറ്റർ ചുറ്റളവിൽ)  കോഴി, കോഴി ഉൽ‌പന്ന ഷോപ്പുകളും ഒന്നും തന്നെ  തുറക്കാൻ പാടുള്ളതല്ല.  കോഴി, കോഴി ഉൽ‌പന്നങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ ഷോപ്പുകളിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റാനും ആരെയും അനുവദിക്കുന്നതല്ല.

കോഴി, കോഴി ഉൽപന്നങ്ങൾ വഹിക്കുന്ന വാഹനങ്ങളൊന്നും തന്നെ "രോഗബാധിത പ്രദേശത്തേക്ക്" (1കിലോമീറ്റർ ചുറ്റളവിൽ) ഒരു കാരണവശാലും  അനുവദിക്കുന്നതല്ല.  തഹസിൽദാരും, എൽ‌. എസ്‌. ജി‌.ഐ. സെക്രട്ടറിമാരും പോലീസിന്റെ പിന്തുണയോടെ ഇത് ഉറപ്പാക്കും.  നിരീക്ഷണത്തിനാവശ്യമായ  പോലീസ് സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.

രോഗബാധിത പ്രദേശങ്ങൾ

കൊടിയത്തൂർ, ചാത്തമംഗലം പഞ്ചായത്തിലെ ചില ഭാഗങ്ങൾ

കോഴിക്കോട് കോർപ്പറേഷന്റെ ചില ഭാഗങ്ങൾ

നിരീക്ഷണ മേഖലയിൽ (10 കിലോമീറ്റർ ചുറ്റളവിൽ) വരുന്ന പഞ്ചായത്തുകൾ

തലക്കുളത്തൂർ,കക്കോടി,ചേളന്നൂർ,കുരുവട്ടൂർ എന്നീ പഞ്ചായത്തുകൾ മുഴുവനും,


ബാക്കി പഞ്ചായത്തുകളായ

ചേമഞ്ചേരി,അത്തോളി,കാക്കൂർ,നരിക്കുനി,മടവൂർ,കുന്ദമംഗലം,

പെരുവയൽ,പെരുമണ്ണ,ഒളവണ്ണ,മാവൂർ എന്നിവിടങ്ങളിൽ ഭാഗികമായുമാണ് ഉൾപ്പെട്ടിട്ടുള്ളത്.

നിലവിലെ സ്ഥിതിയിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല, എന്നിരുന്നാലും എല്ലാവരും  മാർഗ്ഗ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ടും സഹകരിക്കുക.രോഗവ്യാപനം തടയുന്നതിനായി നമുക്കൊന്നിച്ച് പ്രയത്നിക്കാം.


കളക്ടർ കോഴിക്കോട് 
.................

പക്ഷിപ്പനി: കോഴികളെ കൊന്ന് തുടങ്ങി, ചിക്കന്‍ സ്റ്റാളുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം

മുക്കം: കോഴിക്കോട് മുക്കം മുൻസിപ്പാലിറ്റി പരിധിയിലെ മുഴുവൻ കോഴി ഫാമുകളും ചിക്കൻ സ്റ്റാളുകളും മുട്ട വില്‍പ്പന കേന്ദ്രങ്ങളും അടച്ചിടാൻ നഗരസഭ ഉത്തരവ്. തൊട്ടടുത്ത കൊടിയത്തൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്. 

അലങ്കാര പക്ഷികളെ വിൽക്കുന്ന കേന്ദ്രങ്ങളും അടച്ചിടണം. നഗരസഭ പരിധിയിൽ നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോഴിയിറച്ചി വിൽപ്പന നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. 

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് കോർപ്പറേഷനിലും കൊടിയത്തൂർ പഞ്ചായത്തിലും കോഴികളെ കൊന്ന് തുടങ്ങി. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയാണ് കൊല്ലുന്നത്. 

ആളുകളിലേക്ക് രോഗം വ്യാപിക്കാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരിശീലനം നേടിയ അഞ്ചുപേരടങ്ങുന്ന 25 സംഘങ്ങളാണ് വേങ്ങേരി ചാത്തമംഗലം കൊടിയത്തൂർ മേഖലകളിൽ കോഴികളെ കൊല്ലുന്നത്. 

രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും മൂന്ന് ദിവസത്തിനുള്ളിൽ കൊന്ന് കത്തിച്ച് കളയും. അഞ്ചര അടി താഴ്ചയില്‍ കുഴിയെടുത്താണ് പക്ഷികളെ കത്തിക്കുന്നത്. 

13000 ത്തിലധികം വളർത്തു പക്ഷികളെയാണ് കൊല്ലേണ്ടി വരിക. കോഴി നഷ്ടപ്പെട്ട മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം നൽകും എന്നാണ് കൊടിയത്തൂർ പഞ്ചായത്ത് ചേർന്ന് പ്രാദേശിക ജനപ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കളക്ടര്‍ നൽകിയ ഉറപ്പ്. 

രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എങ്കിലും പക്ഷി പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍  നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments