Latest

6/recent/ticker-posts

Header Ads Widget

എസ്എസ്എൽസി പരീക്ഷ; ടെൻഷൻ വേണ്ട, ഈ കാര്യങ്ങള്‍ ചെയ്യൂ.


മാർച്ച് പത്തിനാണ് എസ്എസ്എൽസി-പ്ലസ്ടൂ പരീക്ഷകൾ ആരംഭിക്കുന്നത്. ഇനിയങ്ങോട്ട് പരീക്ഷപ്പേടിയും ആധിയും ആവശ്യമില്ലാത്ത ടെൻഷനുമൊക്കെ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ഒരുപോലെ അലട്ടും.എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരീക്ഷാ സമയത്തെ പേടിയും ടെൻഷനും അകറ്റാൻ സാധിക്കുമെന്ന് സ്റ്റുഡന്റ്സ് കൗൺസലറായ രുക്കു പറയുന്നു. 


 കുട്ടികൾക്ക് അധികസമ്മർദ്ദം  നൽകാതിരിക്കുക

എട്ടാം ക്ലാസ്സിലെത്തുന്നത് മുതൽ കുട്ടികളിൽ പത്താം ക്ലാസിനെക്കുറിച്ച് പേടി സൃഷ്ടിക്കുന്ന മാതാപിതാക്കളുണ്ട്. രണ്ട് വർഷം കൂടി കഴി‍ഞ്ഞാൽ നീ പത്തിലാണ് ഓർമ്മ വേണം എന്ന രീതിയിലായിരിക്കും ഇവർ കുട്ടികളോട് ഇടപെടുക. പത്തിലേക്ക് എത്തുന്ന സമയം മുതൽ കുട്ടികളും ആധിയിലായിരിക്കും. ടെൻഷൻ അധികമായാൽ ഉറക്കക്കുറവ്, ഛർദ്ദി, തലവേദന, വയറുവേദന, കൈവിറയൽ ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടികൾക്ക് അധിക സമ്മർദ്ദം നൽകാതെയിരിക്കുക.

 പരീക്ഷാ ഹാളിൽ കയറിയാൽ

നന്നായി പഠിച്ചവരും കുറച്ച് മാത്രം പഠിച്ചവരും ഉണ്ടാകും. നന്നായി പഠിച്ചവർക്ക് പഠിച്ചതെല്ലാം വരുമോ എന്നായിരിക്കും ടെൻഷൻ. കുറച്ച് പഠിച്ചവർക്ക് പഠിക്കാത്ത ചോദ്യങ്ങളെങ്ങാൻ വന്നാലോ എന്ന്. പരീക്ഷാ ഹാളിൽ കയറിക്കഴിഞ്ഞാൽ ആദ്യത്തെ പതിനഞ്ച് മിനിറ്റ് റിലാക്സേഷൻ സമയമാണ്. ആ സമയത്ത് ബ്രീത്തിം​ഗ് എക്സർസൈസ് ചെയ്യുക. മിക്ക സ്കൂളുകളിലും ഈ വ്യായാമം പഠിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ റിലാക്സായി പരീക്ഷയെ നേരിടാൻ തയ്യാറെടുക്കുക.

 ഉറക്കം അത്യാവശ്യം

എല്ലാ വിഷയത്തിനും കൂടി ഒരു പൊതു ട്യൂഷൻ. പിന്നെ  കണക്കിനും ഇം​ഗ്ലീഷിനും ഫിസിക്സിനും ബുദ്ധിമുട്ടുള്ള വേറേതെങ്കിലും വിഷയമുണ്ടെങ്കിൽ അതിനും വെവ്വേറെ ട്യൂഷനുകൾ. ഇതെല്ലാം കഴിഞ്ഞ് കുട്ടികൾ വീട്ടിലെത്തുന്നത് രാത്രി ഒൻപതര പത്ത് മണിയോടെയായിരിക്കും. പിന്നെ എപ്പോഴാണ് അവർക്ക് ഉറങ്ങാൻ സമയം  ലഭിക്കുന്നത്. കുട്ടികളായാലും മുതിർന്നവരായാലും എട്ട് മണിക്കൂർ ഉറക്കം അത്യാവശ്യമാണ്. അതുകൊണ്ട് പരീക്ഷാദിനങ്ങളിൽ കൃത്യമായി ഉറങ്ങാനും ഉണരാനും ശീലിക്കുക. ഉറക്കക്കുറവ് പല പ്രശ്നങ്ങൾക്കും കാരണമായിത്തീരും.

 ഭക്ഷണം അമിതമാകരുത്

പരീക്ഷക്കാലങ്ങളിൽ കുട്ടികൾ ഭക്ഷണത്തിൽ ശ്രദ്ധിക്കണം. എന്ത് കഴിക്കുന്നു, എപ്പോൾ കഴിക്കുന്നു എന്നത് വളരെ പ്രധാനമാണ്. അമിതഭക്ഷണം ഈ സമയത്ത് ഒഴിവാക്കണം. വയര്‍ എപ്പോഴും നിറഞ്ഞിരുന്നാല്‍ ശരീരത്തിന്റെ ഊര്‍ജ്ജമത്രയും ഭക്ഷണം ദഹിപ്പിക്കാനായി ഉപയോഗിക്കപ്പെടും. രാത്രിയിൽ വയറു നിറയെ നോൺവെജ് ഉൾപ്പെടെയുളള ആഹാരം കഴിച്ച്, പഠിക്കാനിരുന്നാൽ  പഠിത്തതില്‍ ശ്രദ്ധ പതറുകയും ഉറക്കം വരികയുമൊക്കെ ചെയ്‌തെന്നിരിക്കും. എണ്ണയും മസാലയും അധികം ചേര്‍ന്ന ജങ്ക് ഫുഡും പൂര്‍ണ്ണമായും ഒഴിവാക്കണം. എണ്ണമയമുള്ള ഭക്ഷണത്തിനും മേല്‍പറഞ്ഞ പ്രശ്‌നമുണ്ട്. ആരോഗ്യസമ്പുഷ്ടമായ ഭക്ഷണം ലഘുവായി കഴിക്കേണ്ടതും ആവശ്യത്തിനു വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്.
 


അറിയാവുന്ന ചോദ്യത്തിന് ആദ്യമുത്തരം

പരീക്ഷാ ഹാളിനുള്ളിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടൈം മാനേജ്മെന്റ് തന്നെയാണ്. അറിയാവുന്ന ചോദ്യത്തിന് ആദ്യം തന്നെ ഉത്തരം എഴുതുക. കാരണം ഉത്തരം അറിയാത്ത ചോദ്യത്തെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതിനേക്കാൾ നല്ലത് അറിയാവുന്നത് ആദ്യമെഴുതുന്നതാണ്. ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ആലോചന ഒരിടത്തും സ്റ്റക്ക് ആയിപ്പോകില്ല എന്നതും മറ്റൊരു കാര്യമാണ്.

 എന്നെക്കൊണ്ട് സാധിക്കും

പരീക്ഷയെ ഞാൻ ആത്മ വിശ്വാസത്തോടെ നേരിടും എന്ന് മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിക്കുക. നന്നായി പരീക്ഷയെഴുതാൻ എനിക്ക് സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് ആദ്യമുണ്ടാകേണ്ടത്. അപ്പോൾത്തന്നെ ടെൻഷൻ പകുതി കുറയും. ബ്രീത്തിം​ഗ് എക്സർസൈസ് ആണ് ഏറ്റവും മികച്ച മാർ​ഗം. കണ്ണടച്ചിരുന്നതിന് ശേഷം എക്സർസൈസ് ചെയ്യുക.  നല്ല ഭക്ഷണം കഴിച്ച്,  നന്നായി ഉറങ്ങി, ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ തയ്യാറെടൂക്കൂ... വിജയം സുനിശ്ചിതം

(കടപ്പാട്:രുക്കു ബി ജയരാജ്സൈക്കോ-സോഷ്യൽ സ്റ്റുഡന്റ്സ് കൗൺസലർ ഐസിഡിഎസ്, വർക്കല)

Post a Comment

0 Comments