വാഷിങ്ടണ്‍: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനക്കുള്ള പാരമൗണ്ട് ലിറ്റററി അവാര്‍ഡ് സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂരിന് നല്‍കും. എഴുത്തുകാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്കാണ് കൗണ്‍സില്‍ അവാര്‍ഡ് നല്‍കാറുള്ളത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ നവാസ് പൂനൂരിന് 23 ന് ഞായറാഴ്ച ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ഇന്റര്‍നാഷനല്‍ പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. എസ് ശെല്‍വിന്‍ കുമാര്‍ അറിയിച്ചു.


സി.എച്ചിന്റെ കഥ, മമ്മുട്ടി നക്ഷത്രങ്ങളുടെ രാജകുമാരന്‍, ക്ഷമയുടെ മിനാരങ്ങള്‍, പ്രശസ്തരുടെ പ്രണയങ്ങള്‍, കാലം കാലൊച്ച കേള്‍പ്പിക്കുന്നു, ചിരിക്കൂട്ട് തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.നാലര പതിറ്റാണ്ടോളമായി മാധ്യമ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന നവാസ് രണ്ട് തവണ കേരള സാഹിത്യ അക്കാഡമി അംഗമായിരുന്നു. 


കേരള ചലചിത്ര അക്കാഡമി, കേരള ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട്, നെഹ്‌റു യുവകേന്ദ്ര, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ അഡൈസറി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു.ഷാര്‍ജ കലാ അവാര്‍ഡ്, ഭാഷാസമന്വയ വേദി അഭയദേവ് പുരസ്‌കാരം, ഇ. മൊയ്തു മൗലവി അവാര്‍ഡ്, സി.എച്ച്‌ അവാര്‍ഡ്, അക്ഷരം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

റിട്ട ജഡ്ജ് ടി അബ്ദുല്‍ മജീദ് പി.സി കുട്ടി ബി ദമ്ബതികളുടെ മകനാണ്. സി.ടി ഖമറുന്നിസയാണ് ഭാര്യ. ക്ലീന്‍ ആന്റ് ഹൈ ജിന്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നൈസി നവാസ് മകളാണ്. സി.ആന്റ്.എച്ച്‌.സി എം ഡി യാസീന്‍ ഹസന്‍ ജാമാതാവാണ്.