പൂനൂര്‍: കൊറോണക്കെതിരെ വിദ്യാലയങ്ങളില്‍ ഹെല്‍ത്ത് കെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 'തൂവാല വെറുമൊരു തുണിയല്ല' ക്യാമ്പയിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പൂനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ വി വി വിനോദ് നിർവഹിച്ചു. കൊറോണ, എച്ച് വണ്‍ എന്‍ വണ്‍, നിപ്പ, ക്ഷയം, കുഷ്ഠം, ജലദോശം തുടങ്ങിയ രോഗങ്ങള്‍ മറ്റുളളവരിലേക്ക് പകരുന്നത് തൂവാല ഉപയോഗം ശീലമാക്കിയാല്‍ തടയാമെന്നാണ് ക്യാമ്പയിനിന്റെ സന്ദേശം. 


വിദ്യാര്‍ഥികള്‍ക്ക് രണ്ട് വീതം തൂവാലയും ലഘുലേഖയും വിതരണം ചെയ്യുന്നതിലൂടെ വീടുകളിലും ബോധവത്കരണം എത്തിക്കുകയാണ് ലക്ഷ്യം. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ ഏറെ ഉപകാരപ്രദമായ കൂട്ടാളിയാണ് തൂവാലയെന്ന അവബോധം കൂടി ക്യാമ്പയിന്‍ മുന്നോട്ട് വെക്കുന്നു. 


പൂനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പയിന്‍ ഉദ്ഘാടന ചടങ്ങില്‍ ഇ വി അബ്ബാസ് അധ്യക്ഷത വഹിച്ചു. സി എച്ച് സി ബാലുശ്ശേരി മെഡിക്കല്‍ ഓഫീസര്‍ ഡോ. മനു ബോധവത്കരണ ക്ലാസെടുത്തു. ബശീര്‍ വടക്കോത്ത്, അബ്ദുന്നാസര്‍ ബാഖവി മലേഷ്യ, ശഫീഖ് കാന്തപുരം, എ വി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. 

സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ സ്വാഗതവും എ പി ജഅ്ഫര്‍ സാദിഖ് നന്ദിയും പറഞ്ഞു. 

പദ്ധതി ജില്ലയിലെ വിവിധ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഹെല്‍ത്ത് കെയര്‍ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് പുറമെ പൊതു ഇടങ്ങളിലും ക്യാമ്പയിന്‍ നടത്തും.