Trending

കൊറോണയ്ക്കെതിരെ കരുത്ത് കാട്ടി കേരളം, തൃശൂരിലെ രോഗി വൈറസില്‍ നിന്ന് മുക്തിയിലേക്ക്, നെഗറ്റീവായി പരിശോധനഫലം

തൃശൂര്‍:സംസ്ഥാനത്ത് ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനാഫലം നെഗറ്റീവ്. രോഗ ബാധയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രണ്ടാമത്തെ പരിശോധനാഫലമാണ് നെഗറ്റീവായത്. ആലപ്പുഴയിലാണ് പരിശോധന നടത്തിയത്. വിദ്യാർത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അടുത്ത പരിശോധനാഫലം കൂടി നെഗറ്റീവായാൽ‍ ആശുപത്രി വിടാനാകുമെന്ന് മന്ത്രി എ.സി . മൊയ്തീൻ തൃശൂരിൽ പറഞ്ഞു.


അതിനിടെ, കൊറോണ രോഗവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർ കൂടി അറസ്റ്റിലായി. തൃശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ് എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം ആറിന് അയച്ച സാമ്പിളിന്‍റെ പരിശോധനാഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ശനിയാഴ്ച അയച്ച സാമ്പിള്‍ കൂടി നെഗറ്റീവ് ആയാല്‍ മെഡിക്കള്‍ ബോര്‍ഡ് യോഗം ചേരും. അതുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കും. 

നിലവില്‍ ഏഴ് പേര്‍ മാത്രമാണ് തൃശൂര്‍ ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത്. രോഗബാധിതരുടെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്. എന്നാൽ, ജാഗ്രത കുറച്ചുദിവസത്തേക്ക് കൂടി തുടരും.
28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവൂ എന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചത്. 

സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു. കാസർകോട് റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളിൽ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. കൊറോണ ബാധിതരായ മൂന്ന് പേരെയും ആദ്യഘട്ടത്തിൽ തന്നെ ഐസൊലേഷൻ വാർഡിൽ എത്തിക്കാനായതാണ് രോഗം പടരാതിരിക്കുന്നതിൽ നിർണ്ണായകമായത്. 

അതേസമയം, കാസർകോട് മന്ത്രി ഇ ചന്ദ്രശേഖരന്‍റെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ തുടരാൻ തീരുമാനിച്ചു. സംസ്ഥാനത്ത് നിലവിൽ 3252 പേരാണ് നിരീക്ഷണത്തിലുളളത്. ഇവരില്‍ 3218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 345 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്. 

നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ മറ്റുള്ളവരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 07/02/2020ന് ചൈനയിലെ കുന്‍മിംഗ് പ്രദേശത്ത് നിന്ന് എത്തിയ ആളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്നും മന്ത്രി വ്യക്തമാക്കി.
Previous Post Next Post
3/TECH/col-right