Trending

കൊറോണ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു

കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആലപ്പുഴയിൽ കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥി രോഗത്തിൽ നിന്നും മുക്തമായെന്നും മന്ത്രി അറിയിച്ചു.


കൊറോണ രോഗ ബാധ സ്ഥിരീകരിച്ച മൂന്ന് പേരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ആലപ്പുഴയിലുള്ള രോഗിയുടെ പുതിയ പരിശോധനാഫലമാണ് നെഗറ്റീവായത്. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ശരിവെക്കുക കൂടി ചെയ്താല്‍ രോഗി സുഖപ്പെട്ടതായി പറയാന്‍ കഴിയും.

മൂന്ന് രോഗികളുമായി അടുത്ത ബന്ധമുള്ളവരെ കണ്ടെത്തി നിരീക്ഷിച്ചപ്പോള്‍ 8 പേരുടെ പരിശോധനാഫലവും നെഗറ്റീവാണ്.വുഹാനില്‍ നിന്നെത്തി സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നതില്‍ രണ്ടു പേരുടെ പരിശോധനാ ഫലം കൂടിയേ വരാനുള്ളൂ. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന ദുരന്തം എന്ന പ്രഖ്യാപനം പിന്‍വലിക്കുന്നത്.

അതേസമയം 28 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ആശുപത്രിയിലും വീട്ടിലും നിരീക്ഷണത്തിലുള്ളവരെ പുറത്തേക്ക് വിടൂ. 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ മറ്റു ജാഗ്രതാ നടപടികളെല്ലാം തുടരുമെന്നും മന്ത്രി അറിയിച്ചു. മൂന്ന് ജില്ലകളിലായി മൂന്ന് രോഗികളുടെ പരിശോധനാ ഫലം പോസിറ്റാവുകയും സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ രൂപപ്പെട്ട വലിയ ആശങ്കക്കാണ് ഇതോടെ വിരാമമാകുന്നത്0
Previous Post Next Post
3/TECH/col-right