നരിക്കുനി: വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടുവെന്ന് എഴുതിവെച്ച് റിട്ട. അധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ചെങ്ങോട്ട് പൊയില്‍ സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകനായിരുന്ന നരിക്കുനി പാറന്നൂര്‍ വിളപ്പില്‍ മീത്തല്‍ മുഹമ്മദലി(63) നെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 


വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതായി സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. രേഖകള്‍ നഷ്ടപ്പെട്ടതില്‍ ആശങ്ക ഉണ്ടായിരുന്നതായും ഇവിടെ നിന്ന് പോവേണ്ടി വരുമോയെന്ന് ഭാര്യയോട് ചോദിച്ചിരുന്നതായും മുഹമ്മദലിയുടെ സഹോദരന്‍ അബ്ദുള്‍ നാസര്‍ പറഞ്ഞു. എന്നാല്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് ഇതാണോയെന്ന് വ്യക്തമല്ല.


തന്റെയും ഭാര്യ ആസ്യയുടെയും എസ് എസ് എല്‍ സി ബുക്കുകളും പിതാവിന്റെ രേഖകളും വേസ്റ്റ് പേപ്പറിന്റെ കൂടെ നഷ്ടപ്പെട്ടതായാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. തനിക്ക് വൈറസ് ബാധ ഏറ്റുവെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 
 

മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പറപ്പാറ ജുമാ മസ്ജിദില്‍.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.രേഖകൾ നഷ്ടപ്പെട്ടതിലുള്ള മാനസീക പ്രയാസത്തിൽ ആത്മഹത്യ ചെയ്തു എന്നാണ് നിഗമനമെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും കാക്കൂർ പൊലീസ് അറയിച്ചു.