കൂരാച്ചുണ്ട്:കരിയാത്തും പാറയിൽ വിനോദത്തിനെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്ന് പരാതി.ഒരു വർഷത്തിനുള്ളിൽ ഒൻപത് പേരുടെ ജീവൻ പൊലിഞ്ഞിട്ടും കാര്യമായ സുരക്ഷാനടപടികളെക്കുറിച്ച് അധികൃതർ ചിന്തിക്കുന്നേയില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.


അപകടത്തിൽപ്പെട്ട് മരിക്കുന്നവരുടെ കണക്കുകൾമാത്രമാണ് പുറം ലോകമറിയുന്നത്. എന്നാൽ നിത്യേന അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ദിവസേന നൂറു കണക്കിനാളുകളാണ് സന്ദർശനത്തിനെത്തുന്നത്. അവധിക്കാലത്ത് ഇത് ഇരട്ടിയാകും. ഇതുവഴി ടൂറിസം വകുപ്പിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു നിശ്ചിത ശതനമാനം പോലും അപകടസാധ്യത കുറയ്ക്കാനുള്ള പദ്ധതികൾക്കായി മാറ്റിവെക്കാൻ തയ്യാറാവാത്തതിലാണ് നാട്ടുകാരുടെ പ്രതിഷേധം.


കഴിഞ്ഞ അവധിദിനത്തിൽ കരിയാത്തുംപാറയിലെത്തിയ കുട്ടികൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് സഞ്ചാരികളിൽ ഒരു ഡോക്ടറുണ്ടായതിനാൽ മാത്രമാണ്. വെള്ളം കുടിച്ച് അപകടാവസ്ഥയിലായ കുട്ടികൾക്ക് ഡോക്ടർ കൃത്രിമശ്വാസം നൽകുകയും പെട്ടെന്നുതന്നെ മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു.


കഴിഞ്ഞ ഒക്ടോബറിൽ കക്കോടി സ്വദേശിയായ യുവാവ് കുളിക്കുന്നതിനിടെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതും തലനാരിഴയ്ക്കാണ്. റിസർവോയറിൽ മുങ്ങിത്താഴുകയായിരുന്ന യുവാവിനെ കൂരാച്ചുണ്ടിലെ സുരക്ഷാസേനയായ അമീൻ റസ്ക്യൂ അംഗമായ മുജീബ് കക്കയമാണ് പ്രഥമശ്രുശൂഷയ്ക്കുശേഷം മെഡിക്കൽ കോളേജിലെത്തിച്ചത്.


അപകടങ്ങൾ പതിവാകുന്നതിനാൽ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി പരിശീലനം നേടിയ അമീൻ റസ്ക്യൂ അംഗങ്ങൾ‍ ഗൈഡുകളായി സൗജന്യ സേവനം നൽകുന്നതിന് തയ്യാറാണെന്ന് പഞ്ചായത്തധികൃതരെ അറിയിച്ചെങ്കിലും കാര്യങ്ങൾ ഇറിഗേഷൻ വകുപ്പാണ് തീരുമാനിക്കേണ്ടതെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.

വേണം കരുതൽ


കണ്ടാൽ ആഴം കുറവാണെന്ന് തോന്നുന്ന തരത്തിലാണ് കരിയാത്തുംപാറയിലെ കടവ്. ഉരുളൻകല്ലുകൾ വെള്ളത്തിനടിയിൽ തെളിഞ്ഞു കാണാം. പ്രത്യേകമായുള്ള അപായ സൂചകങ്ങളോ ലൈഫ് ഗാർഡ് സംവിധാനമോ ഒന്നുംതന്നെ ഇവിടെയില്ലാത്തതിനാൽ നാട്ടുകാരല്ലാത്തവർക്ക് കരിയാത്തുംപാറയിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ധാരണയില്ല.


ആഘോഷങ്ങൾക്കിടയിൽ ശ്രദ്ധക്കുറവ് സംഭവിക്കുന്നതാണ് മിക്ക അപകടങ്ങളുടെയും കാരണം. മിക്കപ്പോഴും ആളുകൾ കൂടുതലുണ്ടാകുന്നത് വെള്ളത്തിലിറങ്ങുന്നയാൾക്ക് ധൈര്യം നൽകാറുണ്ട്. എന്നാൽ പലപ്പോഴും ജീവൻ രക്ഷിക്കാൻ കഴിയാറില്ല.കുഞ്ഞുങ്ങളെ തനിയെ വെള്ളത്തിൽ കളിക്കാൻ വിടുന്നതും അപകടം ക്ഷണിച്ചുവരുത്തലാണ്. 


ആവശ്യമായ മുൻകരുതൽ സഞ്ചാരികളുടെഭാഗത്ത് നിന്നുണ്ടാകുന്നതോടൊപ്പം കൃത്യമായ രക്ഷാമാർഗങ്ങളും മുന്നറിയിപ്പുകളും നൽകാൻ അധികൃതർ തയ്യാറാകണമെന്ന് വിവിധ സാമൂഹിക സന്നദ്ധ സംഘടനകൾ ആവശ്യപ്പെട്ടു.