Trending

ഇന്ന് രാവിലെ കാണാം അഗ്നിമോതിരം പോലുള്ള സൂര്യഗ്രഹണം

2019 ലെ അവസാന സൂര്യഗ്രഹണം ഡിസംബർ 26ന്. ആകാശത്ത് ഒരു അഗ്നിമോതിരം കണക്കെ സൂര്യഗ്രഹണം ദൃശ്യമാവും എന്നതാണ് ഇത്തവണത്തെ ഗ്രഹണത്തിന്റെ സവിശേഷത. വലയ സൂര്യഗ്രഹണം (annular solar eclipse) എന്നാണ് ഇതിനെ വിളിക്കുന്നത്. സൂര്യഗ്രഹണമുണ്ടാവുമ്പോഴെല്ലാം വലയ സൂര്യഗ്രഹണം സംഭവിക്കാറുണ്ട്.എന്നാൽ ഭൂമിയിൽ എല്ലായിടത്തും ഇത് ദൃശ്യമാവാറില്ല.

ഇത്തവണ കേരളത്തിലെ വടക്കൻ ജില്ലകളിലുള്ളവർക്ക് വലയ സൂര്യഗ്രഹണം കാണാൻ ഭാഗ്യമുണ്ടാവും. ചന്ദ്രന്റെ നിഴൽ വീഴുന്ന പ്രത്യേക പാത ഗവേഷകർ അടയാളപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്ക, തമിഴ്നാട്, കേരളത്തിലെ വടക്കൻ മേഖല എന്നിവ ഈ പാതയിൽ ഉൾപ്പെടുന്നു.

രാവിലെ 8.05 മുതൽ 11.11 വരെയാണ് കേരളത്തിൽ സൂര്യഗ്രഹണം ദൃശ്യമാവുക. 9.25 ആവുമ്പോഴേക്കും ഗ്രഹണം അതിന്റെ പാരമ്യത്തിലെത്തും. കാസർകോട്, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ ഇത് ദൃശ്യമാവും. മറ്റ് ജില്ലകളിൽ ഭാഗികമായ സൂര്യഗ്രഹണം കാണാം.


സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കരുത്. നോക്കിയാൽ അത് നിങ്ങളുടെ കണ്ണുകളുടെ റെറ്റിനയെ സാരമായി ബാധിക്കും. സൂര്യഗ്രഹണ സമയത്ത് അതിശക്തമായ പ്രകാശമാണ് സൂര്യനിൽനിന്നുമെത്തുക അത് താങ്ങാൻ കണ്ണിന് സാധിച്ചെന്ന് വരില്ല. അതുകൊണ്ടുതന്നെ സാധാരണ ടെലിസ്കോപ്പ്, ബൈനോക്കുലർ, എക്സ്റേ ഫിലിം എന്നിവ ഉപയോഗിച്ചും ഗ്രഹണം വീക്ഷിക്കരുത്.




വലയ സൂര്യഗ്രഹണം ഒരു അപൂര്‍വ ആകാശവിസ്മയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 

ക്രിസ്ത്മസ്സ് ആഘോഷങ്ങൾക്ക് പിറ്റേന്ന് ആകാശത്ത് നടക്കുന്ന അപൂർവ്വ നിഴൽ നാടകത്തെ മറ്റൊരു ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പ്രവർത്തകർ. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായി ചേർന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതുജനങ്ങൾക്കായുള്ള പ്രധാന നിരീക്ഷണ കേന്ദ്രമൊരുക്കുന്നത്.

സൂര്യഗ്രഹണം ഇവിടെ വലിയ എൽഇഡി സ്ക്രീനിൽ പ്രൊജക്ട് ചെയ്യും. സൂര്യ ഗ്രഹണം സുരക്ഷിതമായി വെൽഡിംഗ് ഗ്ലാസ്സുകളിലൂടെയും, സോളാർ ഫിൽട്ടറുകളിലൂടെയും പിൻഹോൾ ക്യാമറകളിലൂടെയും കാണുന്നതിനും ഇവിടെ സൗകര്യമുണ്ടായിരിക്കും. പോസ്റ്റർ എക്സിബിഷനുകളുൾപ്പടെ സൂര്യഗ്രഹണത്തെക്കുറിച്ച് വിവരിക്കുന്ന നിരവധി ശാസ്ത്ര പ്രദർശനങ്ങളും ഗ്രൗണ്ടിലൊരുക്കുന്നുണ്ട്.


വടക്കൻ കേരളത്തിൽ വലയ സൂര്യഗ്രഹണവും തിരുവനന്തപുരത്ത് ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാകുക. തിരുവനന്തപുരത്ത് ഗ്രഹണം രാവിലെ 8:07 ന് ആരംഭിച്ച് 11:11 ന് അവസാനിക്കും. 9:30 നാണ് ഗ്രഹണം അതിന്റെ മൂർദ്ധന്യത്തിൽ എത്തുക. ആ സമയം സൂര്യൻ 90 ശതമാനത്തോളം മറയ്ക്കപ്പെടും.


സെൻട്രൽ സ്റ്റേഡിയത്തിന് പുറമെ കിഴക്കേക്കോട്ട ഗാന്ധി പാർക്കിലും നിരീക്ഷണ കേന്ദ്രമൊരുക്കുന്നുണ്ട്. ശ്രീചിത്ര തിരുനാൾ എഞ്ചിനീയറിങ് കോളേജിലെ എയ്റോ (Airo) ക്ലബ്ബുമായും അഡ്വെന്റുമായും (Advent) ചേർന്നാണ് ഇവിടെ സൗകര്യമൊരുക്കുന്നത്. ഇതുകൂടാതെ നിരവധി പ്രദേശങ്ങളിൽ വായനശാലകളുമായും എൻഎസ്എസ് ക്യാമ്പുകളുമായും ചേർന്ന് പ്രാദേശിക നിരീക്ഷണ കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്.

എന്താണ് സൂര്യഗ്രഹണം ?

 
അമാവാസി ദിനത്തിൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരികയും ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രന്റെ പൂർണനിഴൽ പതിക്കുന്ന ഭാഗമാണ് 'ഛായ'. ചന്ദ്രന്റെ ഭാഗികനിഴൽ പതിക്കുന്ന ഭാഗമാണ് 'ഉപഛായ'.

ചന്ദ്രന്റെ വലുപ്പം വളരെ കുറവായതിനാൽ ഭൂമിയുടെ ഉപരിതലത്തിൽ ചെറിയൊരു പ്രദേശത്ത് മാത്രമാണ് സൂര്യഗ്രഹണ സമയത്തു് ചന്ദ്രന്റെ നിഴൽ ഉണ്ടാകുന്നത്.

പൂർണ്ണ സൂര്യഗ്രഹണം - ഭാഗിക സൂര്യഗ്രഹണം
 

ഭൗമോപരിതലത്തിൽ സൂര്യന്റെ പൂർണനിഴൽ പതിക്കുന്ന ഭാഗത്താണ് പൂർണസൂര്യഗ്രഹണം അനുഭവപ്പെടുന്നത്. സൂര്യന്റെ ഭാഗികനിഴൽ പതിക്കുന്ന ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹണവും അനുഭവപ്പെടുന്നു.
 

എല്ലാ അമാവാസി ദിനത്തിലും സൂര്യഗ്രഹണം ഉണ്ടാകുന്നില്ല.
ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥതലങ്ങൾ തമ്മിൽ ഏതാണ്ട് 5 ഡിഗ്രി ചരിവുള്ളതിനാൽ എല്ലാ അമാവാസി ദിനത്തിലും സൂര്യഗ്രഹണം ഉണ്ടാകുന്നില്ല.

വലയ സൂര്യഗ്രഹണം

 
സൂര്യഗ്രഹണം നടക്കുമ്പോൾ ചന്ദ്രന്റെ കോണളവ് സൂര്യന്റെ കോണളവിനേക്കാൾ കുറവാണെങ്കിൽ ചന്ദ്രബിംബത്തിന് സൂര്യബിംബത്തിന്റെ വൃത്താകൃതിയിലുള്ള കേന്ദ്രഭാഗത്തെ മാത്രമേ മറയ്ക്കാൻ സാധ്യമാവുകയുള്ളൂ. ഇങ്ങനെ സംഭവിക്കുമ്പോൾ ചന്ദ്രന്റെ നിഴൽ ഭൗമോപരിതലത്തിൽ എത്തുന്നതിനു മുൻപേ അവസാനിക്കുന്നു. ഈ നിഴലിനെതിരായുള്ള ഭൗമോപരിതലത്തിലെ ഭാഗത്തെ 'Antumbra' എന്ന് വിളിക്കുന്നു. ഈ പ്രദേശത്ത് സൂര്യൻ വലയരൂപത്തിലാണ് ദൃശ്യമാകുന്നത്. ഇതിനെ വലയ സൂര്യഗ്രഹണമെന്ന് വിളിക്കുന്നു.

സൂര്യഗ്രഹണം നിരീക്ഷിക്കുന്നതെങ്ങനെ?

 
സുരക്ഷിതമായ സോളാർ ഫിൽറ്ററുകൾ ഉപയോഗിച്ചോ പ്രൊജക്ഷൻ സംവിധാനം ഉപയോഗിച്ചോ സൂര്യഗ്രഹണം നിരീക്ഷിക്കാം.

സൂര്യഗ്രഹണ സമയത്തു് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

 
നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കരുത്. ടെലിസ്കോപ്പ്, ബൈനോക്കുലർ, സൺഗ്ലാസ്സ് എന്നിവയിലൂടെ സൂര്യനെ നോക്കരുത്. പുകഗ്ലാസ്സുകളോ എക്സ്റേ ഫിലിമോ മൈലാർ ഷീറ്റോ ഉപയോഗിച്ച് സൂര്യനെ നോക്കുന്നതും സുരക്ഷിതമല്ല.

സോളാർ ഫിൽട്ടറുകൾ


സൂര്യഗ്രഹണം സുരക്ഷിതമായി കാണാൻ കഴിയുന്ന സോളാർഫിൽട്ടറുകൾ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഇറക്കുമതി ചെയ്ത ബ്ലാക്ക് പോളിമർ കൊണ്ട് തയ്യാറാക്കി ജനങ്ങൾക്ക് വിതരണം ചെയ്യുന്നു. പൊതുജനങ്ങൾക്ക് ബേക്കറി ജംഗ്ഷനിൽ ചെമ്പക നഗറിലെ ബ്രേക്ക്ത്രൂ ഓഫീസിൽ നിന്നോ സൂര്യഗ്രഹണ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നോ ഫിൽട്ടറുകൾ വാങ്ങാവുന്നതാണ്.

അടുത്ത സൂര്യഗ്രഹണം എന്ന്?


2021ജൂൺ മാസം 21 ന് ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ വലയ സൂര്യഗ്രഹണം ദൃശ്യമാവുമെങ്കിലും കേരളത്തിൽ വളരെ ദുർബ്ബലമായ ഭാഗിക സൂര്യഗ്രഹണമായിരിക്കും കാണുക. അടുത്ത ശക്തമായ സൂര്യഗ്രഹണം 2031 മെയ് മാസം 21 നാണ്. അന്ന് 10 :58 മുതൽ 03:04 വരെ മധ്യകേരളത്തിൽ വലയ സൂര്യഗ്രഹണം ദൃശ്യമാകും. അന്നും തിരുവനന്തപുരത്ത് ശക്തമായ ഭാഗിക സൂര്യഗ്രഹണമാകും കാണുക. പിന്നീട് അടുത്തെങ്ങും ഇതുപോലെ ശക്തമായ സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമാകില്ല.


വലയാതെ കാണാം, വലയസൂര്യഗ്രഹണം.
 

കോഴിക്കോട്:അപൂർവമായ വലയസൂര്യഗ്രഹണം കാണാൻ ജില്ലയിലെങ്ങും വിപുലമായ സൗകര്യങ്ങൾ. ജില്ലയിൽ ബേപ്പൂർ, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിൽ ഗ്രഹണം കാണാൻ കഴിയും. നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, വിലങ്ങാട് തുടങ്ങിയ മലയോര മേഖലകളിലാവും ഗ്രഹണം കൂടുതൽ വ്യക്തതയോടെ ദൃശ്യമാവുക.
 

വ്യാഴാഴ്ച രാവിലെ ഒമ്പതുമണി 24 മിനിറ്റു മുതൽ അൽപ്പസമയത്തേക്കായിരിക്കും (പരമാവധി മൂന്നു മിനിറ്റ് 13 സെക്കൻഡ്‌) അത്ഭുതകരമായ ആ കാഴ്ച ദൃശ്യമാകുക. ആകാശത്തിലെ അത്ഭുതക്കാഴ്ച സുരക്ഷിതമായി വീക്ഷിക്കാൻ കോഴിക്കോട് പ്ലാനറ്റേറിയത്തിൽ വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ട്. എൽ.ഇ.ഡി.വാളിൽ ടെലസ്കോപ്പ് ലൈവ് പ്രൊജക്‌ഷൻ, ബോൾ ആൻഡ്‌ മിറർ പ്രൊജക്‌ഷൻ, പിൻഹോൾ ക്യാമറ, പ്രൊജക്‌ഷൻ ബോക്സുകൾ തുടങ്ങിയവ വഴി ഗ്രഹണം കാണാം. 

വരുന്നവർക്കെല്ലാം സൗരക്കണ്ണടകൾ നൽകും.ഗ്രഹണം കാണുന്നതിനോടൊപ്പം കുടുംബശ്രീ ഒരുക്കുന്ന ഭക്ഷണവും (ബ്രേക്ക് ദി ഫാസ്റ്റ് വിത്ത് എക്ലിപ്സ്) ലഭ്യമാകും. പ്ലാനറ്റേറിയത്തിന്റെ സഹകരണത്തോടെ ഗുരുവായൂരപ്പൻ കോളേജിൽ രാവിലെ എട്ടുമുതൽ ഗ്രഹണനീരിക്ഷണമുണ്ടാവും. 

ജില്ലാ സൗരോത്സവം സംഘാടകസമിതി രാവിലെ എട്ടു മണിതൊട്ട് നൂറിലധികം സ്ഥലങ്ങളിൽ വലയസൂര്യഗ്രഹണത്തെ വരവേൽക്കും. ടെലസ്കോപ്പ് ഉപയോഗിച്ചു പ്രൊജക്‌ഷൻ, കണ്ണാടി, റിഫ്ലക്‌ഷൻ, സൗരക്കണ്ണട ഉപയോഗിച്ച്‌ ഗ്രഹണം കാണൽ, മധുരപലഹാരവിതരണം തുടങ്ങിയവ ഒാരോ കേന്ദ്രത്തിലും സംഘടിപ്പിക്കുന്നുണ്ട്. മാനാഞ്ചിറ മൈതാനത്ത്‌ സൗരോത്സവം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.


പേരാമ്പ്രയിൽ ചേർമല, വടകരയിൽ നാരായണ നഗർ, മടപ്പള്ളി കോളേജ്, കല്ലാച്ചി, തോടന്നൂർ, ഒഞ്ചിയം, കൊയിലാണ്ടി, ചെറുവണ്ണൂർ, ബാലുശ്ശേരി, ചെത്തുകടവ്, മുക്കം തുടങ്ങിയ കേന്ദ്രങ്ങളിലും സൗരോത്സവം നടക്കും.
വിവിധ ലൈബ്രറികളിലും ക്ലബ്ബുകളിലും സ്കൂളുകളിലും റെസിഡന്റ്‌സ്‌ അസോസിയേഷനുകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലുമായി ആയിരത്തിലേറെ ശാസ്ത്രക്ലാസുകൾ നടന്നുകഴിഞ്ഞു. പതിനായിരക്കണക്കിന് സൗരക്കണ്ണടകളും വിതരണം ചെയ്തു.


Previous Post Next Post
3/TECH/col-right