Trending

തിരുപ്പിറവിയുടെ നന്മയുമായി ഇന്ന് ക്രിസ്മസ്, ലോകമെങ്ങും വിശ്വാസികൾ ആഘോഷത്തിൽ

യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിദിനത്തിൽ പ്രാർത്ഥനാനിർഭരമായ മനസ്സുമായി ഇന്ന് വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്‍ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു.സുവിശേഷവായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങി. 

വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്‍ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും നടന്ന വിശുദ്ധകുർബാനയിൽ നിരവധിപ്പേരെത്തി. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ക്രിസ്മസ് പ്രാർത്ഥനകൾക്കായി പതിനായിരങ്ങളാണ് ഒത്തുകൂടിയിരിക്കുന്നത്.

ഉർബി അറ്റ് ഓർബി - അഥവാ നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാർപ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗം ക്രിസ്മസ് ദിനത്തില്‍ വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രധാനമാണ്. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസിന്‍റെ ഏഴാമത് ക്രിസ്മസ് സന്ദേശമാണിത്. വിശുദ്ധ കുർബാനയ്ക്ക് അദ്ദേഹം നേതൃത്വം നൽകും. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനിൽ ഇത്തവണ ഒരുക്കിയത്.

വത്തിക്കാൻ ഉദ്യോഗസ്ഥർക്കായുള്ള ക്രിസ്മസ് ദിന സന്ദേശത്തിൽ പോപ് ഫ്രാൻസിസ്, പുതിയ കാലത്തെ ക്രിസ്തുമതത്തെ പുനർനിർവചിക്കാനാണ് ആഹ്വാനം ചെയ്തത്. യൂറോപ്പിൽ പോസ്റ്റ് - ക്രിസ്ത്യൻ കാലഘട്ടത്തിൽ കാലത്തിനനുസരിച്ച് ക്രിസ്തുമതത്തെ പുതുതലമുറയിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞിരുന്നു.

തിരുപ്പിറവിയുടെ ആഹ്ളാദത്തിൽ കേരളവും: കലുഷിതകാലത്ത് കൂട്ടായ്മ വേണമെന്ന് സഭാധ്യക്ഷൻമാർ

ലോകമെമ്പാടും ക്രിസ്മസ് ആഘോഷം നിറയവേ, കേരളവും തിരുപ്പിറവി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. കേരളമെമ്പാടുമുള്ള വിവിധ ദേവാലയങ്ങളിൽ ക്രിസ്തുവിന്‍റെ തിരുപ്പിറവി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രാർത്ഥനകളും പാതിരാക്കുർബാനകളും പ്രത്യേക ശുശ്രൂഷകളും നടന്നു. പൗരത്വനിയമഭേദഗതിയുടെ ഭാഗമായി നടക്കുന്ന പ്രതിഷേധങ്ങൾ പരോക്ഷമായെങ്കിലും പരാമർശിച്ചുകൊണ്ടായിരുന്നു പല സഭാധ്യക്ഷൻമാരുടെയും ക്രിസ്മസ് ദിന സന്ദേശവുമായുള്ള പ്രസംഗങ്ങൾ.

യാക്കോബായ സുറിയാനി സഭയുടെ കൊച്ചി എളംകുളം സെന്‍റ് മേരീസ് സൂനോറോ കത്തീഡ്രലിൽ നടന്ന ക്രിസ്തുമസ് ശുശ്രൂഷകൾക്ക് മെത്രാപ്പൊലീത്തൻ ട്രസ്റ്റി മോർ ഗ്രിഗോറിയോസ് ജോസഫ് മുഖ്യ കാർമികത്വം വഹിച്ചു. പള്ളിയിലെ പ്രാർഥനക്കു ശേഷം പ്രത്യേക തീജ്വാല ശുശ്രൂഷയും നടന്നു.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് മലങ്കര സിറിയൻ കാത്തലിക് കത്തീഡ്രലിൽ, അതിരൂപതാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലിമ്മിസാണ് പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. സൂസെപാക്യം ക്രിസ്മസ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. 

കൊച്ചി മറൈൻ ഡ്രൈവ് സെന്‍റ് മേരീസ് ബസലിക്കയിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാച്ചടങ്ങുകൾ. കൊച്ചി സെന്‍റ് ഫ്രാൻസിസ് കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത  ആർച്ച് ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലാണ് ശുശ്രൂഷകൾക്കും പ്രാർത്ഥനകൾക്കും നേതൃത്വം നൽകിയത്. കൊച്ചി എളംകുളം സെന്‍റ് മേരീസ്‌ സൂനോറോ പള്ളിയിൽ യാക്കോബായ സഭയുടെ മെത്രോപ്പോലീത്തൻ ട്രസ്റ്റി മാർ ഗ്രിഗോറിയോസ് ജോസഫ് ക്രിസ്മസ് ദിന സന്ദേശം നൽകി. 

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ കോഴിക്കോട് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ കുർബാനയ്ക്ക് നേതൃത്വം നൽകി.
രാജ്യത്തെ എല്ലാ ജനതയിലും  പരസ്പര സ്നേഹവും പരസ്പര വിശ്വാസവും പുനഃപ്രതിഷ്ഠിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് ക്രിസ്മസ് ദിന സന്ദേശത്തിൽ പറഞ്ഞു. 
നീതി നിഷേധിക്കപ്പെടുന്ന സമൂഹത്തിന് എത്രമാത്രം സന്തോഷം ഉണ്ടാകും എന്ന കാര്യം ആലോചിക്കേണ്ടതാണെന്ന് യാക്കോബായ സഭയുടെ മെത്രോപ്പോലീത്തൻ ട്രസ്റ്റി മാർ ഗ്രിഗോറിയോസ് ജോസഫ് പറഞ്ഞു. 

നല്ല മനസ്സുള്ള മനുഷ്യരുടെ കൂട്ടായ്മ ഉണ്ടാകേണ്ടിയിരിക്കുന്നു. ചുറ്റുപാടും നോക്കുമ്പോൾ കലുഷിതമായ അന്തരീക്ഷം ആണ് കാണുന്നത്. നല്ല മനസ്സുള്ളവരായി മാറാൻ എല്ലാവർക്കും കഴിയട്ടെ. ഒത്തിരി പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ട അവസ്‌ഥയാണുള്ളത്. ഇതിന് മാറ്റം വരും എന്ന് വിശസിക്കുന്നു. പരാജയങ്ങളിൽ നിന്നും വിജയത്തിലേക്കുള്ള പാത ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും മാർ ഗ്രിഗോറിയസ് ജോസഫ് വ്യക്തമാക്കി. 

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും ക്രിസ്മസ് സന്ദേശം പകര്‍ന്നു നല്‍കി. വിഭാഗീയതകള്‍ക്കതീതമായി മനുഷ്യമനസ്സുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്‍റെ മഹദ് സന്ദേശം ഉള്‍ക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കാമെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.
Previous Post Next Post
3/TECH/col-right