Trending

ഷഹലയുടെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി: ജില്ലാ ജഡ്ജി സ്കൂളിലെത്തി, അധ്യാപകര്‍ക്ക് രൂക്ഷ വിമര്‍ശനം

വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ അഞ്ചാംക്ലാസുകാരി ഷഹല പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ തിരുത്തൽ നടപടികളും അച്ചടക്ക നടപടികളും തുടങ്ങി. ജില്ലാ ജഡ്ജി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്സൺ എന്നിവർ ബത്തേരി സർവജന സ്കൂളിലെത്തി സാഹചര്യങ്ങൾ വിലയിരുത്തി. ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചിരുന്നു എന്നും  സ്കൂളിലെത്തി പരിശോധന നടത്തിയതിന്‍റെ വിശദമായ റിപ്പോര്‍ട്ട് നൽകുമെന്നും ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു. സംഭവത്തിൽ അസാധാരണ നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. 

കേരളം ഏറ്റെടുത്ത വിഷയമാണ് സഹലയുടെ മരണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയാണ് വേണ്ടത്. ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിക്കണം. അതിനുള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു. കേവലം ഒരു പരിശോധനയിൽ കാര്യം ഒതുക്കാതെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സമഗ്രമായ റിപ്പോര്‍ട്ടും അതിൽ നടപടിയും ഉണ്ടാകുമെന്നാണ് ജില്ലാ ജഡ്ജി പറയുന്നത്. ദയനീയ സാഹചര്യമാണ് സ്കൂളിലെന്ന് വിലയിരുത്തിയ ജില്ലാ ജഡ്ജി പ്രധാന അധ്യാപകൻ അടക്കം അധ്യാപകര്‍ക്കുണ്ടായ വീഴ്ചയെ പ്രത്യേകം എടുത്തു പറയുകയും ചെയ്തു. "

അതിനിടെ വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് പ്രതിഷേധവും ശക്തമാകുകയാണ്. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചും നടക്കുകയാണ്. സ്കൂളിലടക്കം അടിസ്ഥാന സൗകര്യങ്ങൾ വേണമെന്നും  മതിയായ ചികിത്സാ സൗകര്യങ്ങൾ വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. 

ഷഹലയെ ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിച്ചതിന് ശേഷം അടിയന്തര ചികിത്സ നൽകുന്ന കാര്യത്തിൽ അധ്യാപകര്‍ക്കുണ്ടായ വീഴ്ചയിലും പ്രതിഷേധം ശക്തമാകുകയാണ്. ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണം സഹപാഠികൾ ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. 

ടീച്ചറെ എനിക്ക് തീരെ വയ്യ. എങ്ങനെ എങ്കിലും ആശുപത്രിയിലെത്തിക്കു എന്ന് അവൾ പറയുന്നുണ്ടായിരുന്നു. ഷഹലക്ക് എന്താ പറ്റിയതെന്ന് ഷിജിൽ സാറോട് ചോദിച്ചപ്പോൾ കാല് പോറിയതാണെന്നാണ് പറഞ്ഞത്. എന്തിനാ കാലിൽ കെട്ടിയത്  എന്ന് ചോദിച്ചപ്പോ കാലിൽ വേദനയുണ്ടെന്നായിരുന്നു സാറിന്‍റെ മറുപടി. കുട്ടിയെ നമുക്ക് ആശുപത്രിയിലെത്തിക്കാമെന്ന് ടീച്ചര്‍ പറഞ്ഞിപ്പോൾ കുട്ടിയുടെ അച്ഛൻ വന്ന് ആശുപത്രിയിൽ കൊണ്ടുപോകുമെന്നായിരുന്നു സാറിന്‍റെ മറുപടി.

സുൽത്താൻ ബത്തേരിയിൽ  സുൽത്താൻ ബത്തേരി സര്‍ക്കാര്‍ സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിക്കാനിടയാക്കുന്ന സംഭവത്തിൽ അധ്യാപകരുടെ വീഴ്ചക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച ആവര്‍ത്തിച്ച് സഹപാഠികൾ വീണ്ടും രംഗത്തെത്തിയത്. 

ഷീറ്റ് കൊണ്ട് മറച്ച മേൽക്കൂരയുള്ള കെട്ടിടത്തിലാണ് ക്ലാസ് മുറികൾ പ്രവര്‍ത്തിക്കുന്നത്. പൊത്തുകൾ ഉണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന രണ്ട് ചാക്ക് സിമന്‍റ് കട്ടപിടിച്ച് സ്കൂൾ പരിസരത്ത് കിടക്കുന്നുണ്ട് .അതിൽ ഒരു പിടി വാരിയിട്ട് പൊത്ത് അടക്കാമായിരുന്നില്ലേ എന്നും കുട്ടികൾ ചോദിക്കുന്നു. 
ഷഹലയുടെ സഹപാഠികൾ പറയുന്നത്:

മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവര്‍ത്തിക്കുന്നത്. സ്കൂളിന്‍റെ അറ്റകുറ്റപ്പണിക്ക് ഒരു കോടി രൂപ അനുവദിച്ചെങ്കിലും അത് കടലാസിൽ മാത്രമാണെന്ന് പിടിഎ പ്രസിഡന്‍റ് അബ്ദുൾ അസീസ് പ്രതികരിച്ചു. 

സംഭവത്തെ തുടര്‍ന്ന് വയനാട്ടിലെ മുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. സംഭവത്തില്‍ സ്കൂൾ അധികൃതർക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബോധ്യപെട്ടതായി ബാലക്ഷേമ സമിതി ചെയർമാൻ അരവിന്ദാക്ഷനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡിഎംഒയോടും ഡെപ്യൂട്ടി ഡയറക്ടറോടും ഇന്നുതന്നെ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം സ്കൂൾ അധ്യാപകർക്കും ഡോക്ടർക്കുമെതിരെ കടുത്ത നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും അരവിന്ദാക്ഷൻ അറിയിച്ചു.

പാമ്പുകടിയേറ്റ് കുട്ടിയുടെ മരണം:മുഴുവൻ സ്കൂളും പരിസരവും ഉടൻ വൃത്തിയാക്കണമെന്ന് ഉത്തരവ്

വയനാട്: വയനാട്ടിലെ മുഴുവൻ സ്കൂളും പരിസരവും ഉടൻ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ ഉത്തരവ്. സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ചതിനെ തുടർന്നാണ് നടപടി. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. 
അടിയന്തര സാഹചര്യത്തിൽ ഇടപെടുന്നതിൽ സ്കൂള്‍ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ഉത്തരവില്‍ പറയുന്നു. 

ജാഗ്രതക്കുറവ് തുടർന്നാൽ നടപടിയെടുക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തിൽ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്‌ലറ്റും ടോയ്‌ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണം എന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ക്ലാസ് മുറിയിൽ കുട്ടികൾ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവില്‍ പറയുന്നു. എല്ലാമാസവും പരിശോധന തുടരണമെന്നും നിര്‍ദ്ദേശം.

കളിസ്ഥലങ്ങളിൽ അടക്കം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കളിസ്ഥലത്തും വിവിധ ആവശ്യങ്ങൾക്ക് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അധ്യാപകർഉറപ്പുവരുത്തണമെന്നും പ്രധാനധ്യാപകന്‍റെ നിർദ്ദേശം സ്കൂളിലെ അധ്യാപകർ പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. വയനാട് ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ട്.

സ്കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടറും കർശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വയനാട്ടിലെ സ്കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് വയനാട് ജില്ലാ കളക്ടര്‍ നിർദേശം നല്‍കിയിട്ടുണ്ട്. പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം എന്നതിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പരിശീലനം നൽകണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കളക്ടര്‍ നിർദേശം നല്‍കിയിട്ടുണ്ട്. ഇതിന് ജില്ലാ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകണം.പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്, ഇന്ന് കളക്ടർക്ക് കൈമാറും. വയനാട്ടിൽ ഇന്ന് കെഎസ്‍യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

ക്ലാസിൽ പാമ്പ് ശല്യമാണ്, ഒരു ഫസ്റ്റ് എയ്ഡ് ബോക്സെങ്കിലും വേണം: തെരുവിലിറങ്ങി ഷഹലയുടെ കൂട്ടുകാര്‍

വയനാട്: സുൽത്താൻ ബത്തേരി സര്‍ക്കാര്‍ സൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം ശക്തം. ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റിട്ടും സമയത്ത് ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാത്ത അധ്യാപകരുടെ വീഴ്ചയിലാണ് പ്രതിഷേധം ഇരമ്പുന്നത്. സുൽത്താൻ ബത്തേരി സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികൾ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. 

"അധ്യാപകരുടെ തോന്നിവാസം. നഷ്ടം എന്നും ഞങ്ങൾക്ക്"  എന്ന് തുടങ്ങി അധ്യാപകരുടെ വീഴ്ച മുതൽ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതകൾക്ക് വരെ പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. കഴുത്തിൽ പ്രതീകാത്മകമായി പാമ്പിനെ ചുറ്റിയാണ് വിദ്യാര്‍ത്ഥികങ പ്രതിഷേധത്തിന് ഇറങ്ങിയത്.

ജില്ലാ ജഡ്ജി അടക്കമുള്ലവര്‍ സ്കൂളിൽ പരിശോധനക്ക് എത്തിയിരുന്നു. പരിശോധനകൾ ഇപ്പോൾ നടക്കുന്നത് കൊണ്ട് നഷ്ടപ്പെട്ട ജീവൻ വീണ്ടെടുക്കാനാകുമോ എന്നാണ് കുട്ടികൾ ചോദിക്കുന്നത്. ക്ലാസ് മുറികളിൽ എപ്പോഴും പാമ്പ് ശല്യം ആണ്. പലതവണ പരാതിപ്പെട്ടിട്ടും യാതൊരു ഗുണവും ഉണ്ടായിട്ടില്ല . സ്കൂളിൽ ഒരു ഫസ്റ്റ് എയ്ഡ് ബോക്സെങ്കിലും വേണമെന്നും വിദ്യാര്‍ത്ഥികൾ പറയുന്നു.

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയെല്ലാം ചേര്‍ത്ത് ഉച്ചക്ക് ശേഷം യോഗം വിളിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടപെടലും ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ജഡ്ജി നേരിട്ടെത്തി സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. അധ്യാപകര്‍ക്കുണ്ടായ വീഴ്ച ഗുരുതരമെന്ന വിലയിരുത്തലാണ് ജില്ലാ ജഡ്ജിയും വ്യക്തമാക്കിയത്. 

അവള്‍ വീട്ടിലെ കണ്‍മണി, അവസാനം യാത്രയാക്കിയത് മധുരം നല്‍കി; ഷെഹ്‍ലയുടെ ഇളയമ്മയുടെ കുറിപ്പ്

കേരളത്തിനാകമാനം തീരാ വേദനയാവുകയാണ് അഞ്ചാം ക്ലാസുകാരി ഷെഹ്‍ലയുടെ പാമ്പ് കടിയേറ്റുള്ള മരണം. അധ്യാപകരുടെയും മറ്റ് സ്കൂള്‍ അധികൃതരുടെയും ഡോക്ടര്‍മാരുടെയും വരെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു കുരുന്ന് ജീവനാണ്. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷെഹ്‍ല പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്‍റെയും അഡ്വ. സജ്ന ആയിഷയുടെയും മകളാണ്.

കുടുംബത്തിന്‍റെ ഓര്‍മയില്‍ നര്‍ത്തകിയും അഭിനേത്രിയും ചിത്രകാരിയുമൊക്കെയായ ഷെഹ്‍ലയെന്ന മിടുക്കിയെ കുറിച്ച്  ചെറിയമ്മ ഫസ്ന ഫാത്തിമ എഴുതിയ കുറിപ്പ് ആരെയും കണ്ണീരണിയിക്കുന്നതാണ്. തന്‍റെ ഓര്‍മയില്‍ ഓടിച്ചാടി നടന്ന ഷെഹ്‍ല തനിക്ക് കൂട്ടുകാരിയായിരുന്നെന്നും മറക്കാനാകില്ലെന്നും ഫസ്ന വൈകാരികമായി എഴുതിയ കുറിപ്പില്‍ പറയുന്നു. കോഴിക്കോട് ചന്ദ്രികയിലെ മാധ്യമ പ്രവര്‍ത്തകയും പ്രസ് ക്ലബ് വൈസ് പ്രസിഡന്‍റുമാണ് ഫസ്ന.

ഫസ്നയുടെ കുറിപ്പിങ്ങനെ...

ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്... അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം.

എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാൽ... അതിന്റെ എല്ലാ ലാളനയും അവൾക്ക് കിട്ടിയിട്ടുണ്ട്. നിഷ്കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവൾക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണർത്താൻ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാൻ എന്ന് കളി പറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്.

 അശോക ഹോസ്പിറ്റലിലെ ലേബർ റൂമിനു മുന്നിൽ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്സുമാർ നൽകിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒരോ അടിയിലും അവൾ എന്റെ ശ്വാസമായിരുന്നു. പദവി കൊണ്ട് ഞാൻ അവൾക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവൾക്ക് വാടി പോടി ബന്ധമാണ്. വയനാട് നിന്ന് കോഴിക്കോട് വരുമ്പോൾ ബീച്ച്, പാർക്ക് എന്നുവേണ്ട ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങളില്ല. 

അവസാനമായി അവൾ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബർ 11 ന് തിരിച്ചു പോകുമ്പോൾ ഹൽവയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താൻ പറ്റിയില്ല. എത്തിയതോ നവംബർ 20ന്. 

വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച കാണാൻ. ഓർമയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങൾ. ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓർമകളിലൂടെ...

Previous Post Next Post
3/TECH/col-right