പാമ്പുകടിയേറ്റ് കുട്ടിയുടെ മരണം: ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രിയുടെ ഉത്തരവ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 22 November 2019

പാമ്പുകടിയേറ്റ് കുട്ടിയുടെ മരണം: ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: വയനാട് ബത്തേരിയില്‍ ക്ലാസ് റൂമിലിരുന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു. വയനാട് ബത്തേരി ഗവ. സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഷെഹലാ ഷെറിന്‍റെ മരണത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് അകാരണമായി ചികിത്സ വൈകിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ആരോഗ്യമന്ത്രി ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. 

 
സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി ഡിഎംഒയും ഡിപിഎം ചേര്‍ന്ന് നടത്തിയ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.  ജില്ലയ്ക്ക് പുറത്തുള്ള ആരോഗ്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന്  ഇവര്‍ റിപ്പോർട്ട് നൽകിയതായാണ് സൂചന.
പാമ്പ് വിഷത്തിനുള്ള പ്രതിരോധമരുന്നായ ആന്‍റിവെനം നല്‍കാന്‍ രക്ഷിതാക്കളുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടും. ഡോക്ടര്‍ അനുമതി ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 

എന്നാല്‍ രക്ഷിതാക്കൾ അനുമതി  നിഷേധിച്ചതു കൊണ്ടാണ് ആൻറിവനം നൽകാത്തതെന്ന് ചികിത്സിച്ച ഡോക്ടർ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.  ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. 
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്നത് കുട്ടിയുടെ ജീവന് ആപത്തായിരുന്നു. ഈ വിവരം രക്ഷിതാക്കളെ അറിയിക്കാത്തത് ഡോക്ടറുടെ വീഴ്ച്ചയാണെന്ന് സമിതി വിലയിരുത്തുന്നു. 

മൂന്നു മണിക്കൂർ യാത്ര ചെയ്യാനുള  ശേഷി താലൂക്ക് ആശുപത്രിയിൽ കൊണ്ടു വരുമ്പോൾ കുട്ടിക്കുണ്ടായിരുന്നില്ല. ഇതറിഞ്ഞിട്ടും  താലൂക്ക് ആശുപത്രിയിൽ നിന്നും കുട്ടിയെ പറഞ്ഞുവിട്ടത് ഡോക്ടറുടെ വീഴ്ചയാണ്.  രക്ഷിതാക്കളുടെ അനുമതിയില്ലാത്തതിനാൽ ആന്റിവനം കൊടുക്കുന്നില്ല എന്ന് ഡോക്ടർ ഇന്നലെ തന്നെ ആശുപത്രി രേഖകളിൽ എഴുതി വെച്ചിരുന്നു. അന്വേഷണത്തിനെത്തിയ രണ്ടു ഡോക്ടർമാരും ഇതും പരിശോധിച്ചു. 

പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവം; അനാസ്ഥ കാട്ടിയവര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കുമേൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിൻ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അധ്യാപകർ. ഇവിടെ കുട്ടികൾ പറയുന്നത്, തങ്ങൾ ആവശ്യപ്പെട്ടിട്ടും ചില അധ്യാപകർ ഷെഹല ഷെറിനെ വേണ്ട സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല എന്നാണ്. രക്ഷിതാക്കള്‍ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഈ കുട്ടികൾ പറയുന്നുണ്ട്. ഷെഹല ഷെറിന്‍റെ മരണം അത്യന്തം ദുഖകരമാണ്.

ആ കുഞ്ഞിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കുമേൽ യുക്തമായ നടപടി ഉറപ്പാക്കാൻ ഇടപെടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ, വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞിരുന്നു. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചത് കുറ്റകരമായ വീഴ്ചയാണ്.

പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ആരോപണവിധേയനായ ഷജില്‍ എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കുറ്റക്കാരായ ഏല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'ഇത്തരം സംഭവം സ്കൂളുകളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രാഥമികമായ കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ട്. അതോടൊപ്പം സ്കൂളിലെ കുഴികളും മാളങ്ങളും അടയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മരിച്ച കുട്ടിയുടെ വീട് ശനിയാഴ്ച സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ഇന്നലെയാണ് അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ചത്.  സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകനെ സസ്പെൻറ് ചെയ്തിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

പാമ്പുകടിയേറ്റെന്ന് അധികൃതര്‍ പറഞ്ഞില്ല, 'കാല്‍ കുടുങ്ങിയ കുഴി' കാണിച്ചു തന്നു- ഷഹ്‌ലയുടെ പിതാവ്

സുല്‍ത്താന്‍ ബത്തേരി: പാമ്പുകടിയേറ്റെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞില്ലെന്ന് മരിച്ച വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ പിതാവ് അസീസ്. അധികൃതരുടെ അനാസ്ഥ മൂലമാണ് വിദ്യാര്‍ഥിനി മരിക്കാന്‍ ഇടയായത് എന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ് ഷഹ്‌ലയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍.

കുഴിയില്‍ കാലുകുടുങ്ങി എന്നും ചെറിയ മുറിവുണ്ടെന്നുമാണ് പറഞ്ഞത്. മൂന്ന് മണിക്ക് നടന്ന സംഭവം സ്‌കൂള്‍ അധികൃതര്‍ വിളിച്ചറിയിച്ചത് 3.36നാണ്. കുട്ടിയുടെ കാലുകുടുങ്ങിയ കുഴി ഹെഡ്മാസ്റ്റര്‍ തന്നെ കാണിച്ചുതന്നുവെന്നും അസീസ് പറയുന്നു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍, പോലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തണം. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

സ്‌കൂളില്‍നിന്ന് ചികിത്സ തേടിയെത്തിയ കുട്ടിക്ക് താലൂക്ക് ആശുപത്രിയില്‍നിന്ന് ആന്റിവെനം നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം നടന്നുവരികയാണ്. വീഴ്ച വരുത്തിയ അധ്യാപകന്‍ ഷിജിലിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 

സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് സ്‌കൂള്‍ പരിസരത്ത് നടന്നത്. രോഷാകുലരായ നാട്ടുകാര്‍ സ്റ്റാഫ് റൂം ഉള്‍പ്പെടെ തല്ലിപ്പൊളിക്കുകയും ചെയ്തു.


No comments:

Post a Comment

Post Bottom Ad

Nature