Trending

നന്നങ്ങാടിക്കുള്ളിൽ നിന്നും കണ്ടെത്തിയത് ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചരിത്ര വസ്തുക്കൾ.

നരിക്കുനി: പുന്നശ്ശേരി - പരപ്പൻപൊയിൽ റോഡ് നവീകരണ പ്രവർത്തനത്തിനിടെ കുട്ടമ്പൂരിന്  സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ മതിൽ ഇടിക്കുമ്പോൾ കണ്ടെത്തിയ നന്നങ്ങാടിക്കുള്ളിൽ നിന്നും പ്രാചീന വസ്തുക്കൾ കണ്ടെത്തിയത് ചരിത്രശേഷിപ്പുകളുടെ സൂക്ഷിപ്പുകാരൻ കൂടിയായ  സ്കൂൾ അധ്യാപകൻ.

എരവന്നൂർ എ.എം.എൽ.പി സ്കൂൾ അധ്യാപകനും ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ മെമ്പർ കൂടിയായ  ജമാലുദ്ദീൻ പോലൂരാണ് പത്രവാർത്തയറിഞ്ഞ് സ്ഥലത്തെത്തി നന്നങ്ങാടിക്കുള്ളിൽ നിന്നും മൺകലങ്ങളും ഇരുമ്പുവാളും കണ്ടെത്തിയത്.മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് മതിൽ പൊളിച്ചതിനാൽ നന്നങ്ങാടി ഭരണികൾ മൂന്നും തകർന്നിരുന്നു.ഇതിൽ പകുതിഭാഗം തകർന്ന വലിയ മൺഭരണിക്കുള്ളിൽ നിന്നാണ് രണ്ട് ചെറിയ മൺകുടങ്ങളും ഇരുമ്പുവാളും കണ്ടെത്തിയത്. 

ഏതാണ്ട് രണ്ടായിരം വർഷത്തോളം പഴക്കമുള്ള ശവസംസ്കാര രീതിയായിരുന്നു നന്നങ്ങാടികൾ . അന്ന് മരണപ്പെട്ടവരുടെ ശരീരവശിഷ്ടങ്ങൾ ചെറിയ മൺകുടങ്ങളിൽ ആക്കി വലിയ നന്നങ്ങാടികളിൽ സൂക്ഷിക്കുകയായിരുന്നു പതിവ്. കൂടാതെ അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും ആഭരണങ്ങളും നാണയങ്ങളുമെല്ലാം  ചില നന്നങ്ങാടികളിൽ  സൂക്ഷിക്കുമായിരുന്നു.

സംഭവ വാർത്തയറിഞ്ഞ് കോഴിക്കോട് ഈസ്റ്റ് ഹിൽ  പഴശ്ശിരാജ മ്യൂസിയമധികൃതരും സ്ഥലം സന്ദർശിച്ചിരുന്നു. ഇത്തരം പ്രാചീന വസ്തുക്കൾ സ്വകാര്യ ശേഖരത്തിൽ സൂക്ഷിക്കുന്നതിന്  നിയമപ്രശ്നങ്ങൾ ഉള്ളതിനാലാണ് പഴശ്ശിരാജ മ്യൂസിയത്തിലെത്തി ഇവ കൈമാറിയത്. കൂടുതൽ ഗവേഷണങ്ങൾക്കും മറ്റുമായി ഇവയിനി പഴശ്ശിരാജ മ്യൂസിയത്തിൽ സജ്ജീകരിക്കുന്നതാണ്.
Previous Post Next Post
3/TECH/col-right