Trending

വസന്തം വിരിഞ്ഞു: നബിദിനം നവംബര്‍ 10 ഞായറാഴ്ച്ച.

കോഴിക്കോട്: പുണ്യ റബീഉല്‍ അവ്വലിനു ഇന്ന് തുടക്കം. സഫര്‍ 30 പൂര്‍ത്തിയാക്കി റബീഉല്‍ അവ്വല്‍ മാസത്തിന് ഇന്ന് (ബുധന്‍) ആരംഭം കുറിക്കുമെന്നും, നവംബര്‍ 10ന് (ഞായര്‍) നബിദിനം ആയിരിക്കുമെന്നും ഖാസിമാര്‍ അറിയിച്ചു.  

ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.


കരുണയാണ് തിരുനബി (സ്വ)

മനുഷ്യന്റെ ഏറ്റവും ഉത്തമമായ വികാരമാണ് കരുണ. കരുണയില്ലാതെ ഈ ലോകത്ത് ജീവനുതന്നെ നിലനില്‍പ്പില്ല. പരസ്പരം കരുണ കാണിക്കാനുള്ള മനസ് ജീവജാലങ്ങള്‍ക്കുള്ളതിനാലാണ് ജീവന്‍ നിലനില്‍ക്കുന്നത്. തിരുനബി(സ്വ)യുടെ കരുണ എന്ന് പറയുന്ന വിശേഷണം വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറഞ്ഞതായി കാണാം. അല്ലാഹു അവനെ തന്നെ പരിചയപ്പെടുത്തുന്നത് കാരുണ്യവാന്‍ (റഹ്മാന്‍) എന്നാണ്. അതേ വിശേഷണം തന്നെയാണ് തിരുദൂതര്‍ക്കും നല്‍കിയിരിക്കുന്നത്. ഈ പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളോടും പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു കാണിക്കുന്ന കരുണ എത്രയോ ഉന്നതമാണ്. അവനെ അംഗീകരിക്കുന്നവര്‍ക്കും അംഗീകരിക്കാത്തവര്‍ക്കും അവന്റെ കരുണയുടെ അംശം അവന്‍ പകര്‍ന്നുനല്‍കുന്നു. 

കാരുണ്യം എന്നാല്‍ മനസ്സലിവ് ആണ്. ഇതിന്റെ പര്യായ പദങ്ങള്‍ നിരവധിയുണ്ട്. മനുഷ്യന്റെ മനസിന്റെ വികാരങ്ങളില്‍നിന്ന് ഏറ്റവും ഉത്തമമായതാണിത്. ഒരു ഹദീസില്‍ ഇപ്രകാരം കാണാം, നബി (സ്വ) പറയുന്നു, ‘അല്ലാഹുവിന് 100 റഹ്മത്ത് ഉണ്ട്, അതില്‍ ഒരു റഹ്മത്ത് മാത്രമാണ് അവന്‍ ഇഹലോകത്തേക്ക് ഇറക്കിയത്, ആ കാരുണ്യം കൊണ്ടാണ് മനുഷ്യരും ജിന്നുകളും മൃഗങ്ങളുമെല്ലാം പരസ്പരം കരുണ ചെയ്യുന്നത്. ബാക്കി 99 കാരുണ്യവും തന്റെ അടിമകള്‍ക്ക് അന്ത്യനാളില്‍ കരുണ ചെയ്യാനായി അല്ലാഹു നീട്ടിവച്ചിരിക്കുകയാണ്’.


ഈ ലോകത്തേക്ക് അല്ലാഹു ഇറക്കിയ കരുണ നൂറില്‍ ഒരു അംശം മാത്രം. അതില്‍നിന്ന് ഏറ്റവും കൂടുതല്‍ കാരുണ്യവാനായി മാതൃക തീര്‍ത്തത് മുഹമ്മദ് നബി(സ്വ) ആണ്. അവിടുത്തെ ജീവിതത്തിന്റെ ഏറ്റവും വലിയ വിശേഷണമായി ഖുര്‍ആന്‍ എടുത്തുപറയാനുള്ള കാരണം ഇത് തന്നെയാണ്. ‘ലോകത്തിനാകമാനം കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല’. ഇത് വിശുദ്ധ ഖുര്‍ആന്‍ തിരുനബിയെ കുറിച്ച് പറയുന്ന വാക്യമാണ്. ഇവിടെ പ്രയോഗിച്ച പദം സര്‍വലോകത്തെ, ചേതനങ്ങളും അചേതനങ്ങളുമായ വസ്തുക്കളെ ഉള്‍പ്പെടുത്തുന്ന പ്രയോഗമാണ്. സാമാന്യ അറബി പരിജ്ഞാനമുള്ളവര്‍ക്ക് അതിന്റെ ഘടനാ പ്രയോഗത്തില്‍നിന്ന് ഇതു മനസിലാക്കാം. 


മറ്റൊരു സൂക്തത്തില്‍ ഇങ്ങനെ കാണാം. ‘അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് നിങ്ങള്‍ അവരോട് ഹൃദയ നൈര്‍മല്യതയോടെ പെരുമാറുന്നു’ (ആലു ഇംറാന്‍ 159). അല്ലാഹു ഈ മനസ്സലിവോട് കൂടിയിട്ടാണ് പ്രവാചക തിരുമേനി(സ്വ)യെ പ്രപഞ്ചത്തിലേക്ക് നിയോഗിച്ചത്. ആര്‍ദ്രമായ നിലപാടുകള്‍ക്ക് അവിടുത്തെ മനസ് പാകപ്പെടാന്‍ കാരണം അല്ലാഹുവിന്റെ ഔദാര്യം തന്നെയായിരുന്നു. അതിനാല്‍ തിരുജീവിതം കാരുണ്യത്തിന്റെ നീരുറവയായി വര്‍ത്തിച്ചു.
ശത്രുക്കളോട് പോലും അവിടുന്ന് ഈ സമീപനം ആയിരുന്നു സ്വീകരിച്ചത്. 


ഒരു സംഭവം ഇങ്ങനെ കാണാം. ഒരു യുദ്ധ ഭൂമിയാണ് രംഗം. ശത്രുസേനാധിപന്‍ നിരായുധനായി ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുന്ന തിരുമേനി(സ്വ)യെ കണ്ടു. പ്രവാചകന്റെ അനുചരന്മാര്‍ പല ദിക്കുകളിലേക്ക് മാറിയിട്ടുണ്ട്. അന്നേ ദിവസം മഴപെയ്തിരുന്നതിനാല്‍, നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങാനായി മരക്കമ്പില്‍ തൂക്കിയിട്ടായിരുന്നു തിരുമേനി(സ്വ) മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ കിടന്നത്. ഇതു കണ്ട ശത്രു സൈന്യാധിപന്‍, മലമുകളില്‍നിന്ന് ഇറങ്ങിവന്ന് തിരുദൂതരുടെ അടുക്കല്‍ വന്ന് ഉറയില്‍നിന്നു വാളൂരി നബി(സ്വ)യോടു അലറിക്കൊണ്ട് ചോദിച്ചു: ‘ഏയ്, മുഹമ്മദ്. നിന്നെ ഇപ്പോള്‍ എന്റെ കൈകളില്‍നിന്ന് രക്ഷിക്കാന്‍ ആരാണ് ഉള്ളത്’ തിരുമേനി (സ്വ) വളരെ ശാന്തമായി തന്നെ മറുപടി പറഞ്ഞു: ‘അല്ലാഹു’. ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന അയാളുടെ കൈകള്‍ നബി(സ്വ) യുടെ മറുപടി കേട്ടു വിറച്ചു. അയാളുടെ വാള്‍ താഴെ വീണു. ആ വാളെടുത്ത് തിരുമേനി(സ്വ) അയാള്‍ക്കു നേരെ ചൂണ്ടിയിട്ടു ചോദിച്ചു: ‘ഇപ്പോള്‍ എന്റെ കൈയില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ ആരുണ്ട്’ ശത്രു സൈന്യാധിപന്‍ പറഞ്ഞു: ‘ആരുമില്ല’. ഭയവിഹ്വലനും നിസഹായനുമായി തന്റെ മുന്‍പില്‍ നില്‍ക്കുന്ന ആ ശത്രുവിന് വാള്‍ തിരികെ നല്‍കി നബി അയാളെ പോകാന്‍ അനുവദിച്ചു. ആ നിമിഷംതന്നെ അയാള്‍ ഇസ്‌ലാം സ്വീകരിച്ചു. അയാള്‍ തിരികെ അദ്ദേഹത്തിന്റെ ഗോത്രക്കാരുടെ അടുക്കല്‍ ചെന്ന് നബി(സ്വ)യുടെ ഈ മഹാമനസ്‌കതയെ കുറിച്ചു പറയുകയും അവര്‍ക്കിടയില്‍ ഇസ്‌ലാമിന്റെ പ്രചാരകനായി മാറുകയും ചെയ്തു. ഇസ്‌ലാം വ്യാപനത്തില്‍ അവിടുത്തെ കരുണയുടെ സ്വാധീനം പ്രകടമാണ്. 

കരുണയുടെ കാര്യത്തില്‍ കുട്ടികളോട് തിരുനബി(സ്വ) കാണിച്ച കാരുണ്യവും വാത്സല്യവും പ്രത്യേകം പ്രതിപാദ്യമാണ്. ഉസാമ ബിന്‍ സൈദ്(റ) നിവേദനം ചെയ്യുന്നു: ‘നബി(സ്വ) എന്നെ ഒരു തുടയിലും ഹസന്‍ ബിന്‍ അലിയെ മറ്റേ തുടയിലും ഇരുത്തുമായിരുന്നു. എന്നിട്ട് ഞങ്ങള്‍ക്കു മേല്‍ കാരുണ്യം വര്‍ഷിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു’. ഒരു ഗ്രാമീണ അറബി നബി(സ്വ)യുടെ സദസില്‍ കയറിവന്നു. അപ്പോള്‍ നബി(സ്വ) തന്റെ പേരമകന്‍ ഹസന്‍ എന്ന കുഞ്ഞിനെ ചുംബിക്കുന്നു. ആഗതന്‍ പറഞ്ഞു: താങ്കള്‍ ഈ കുഞ്ഞിനെ ചുംബിക്കുകയോ, എനിക്ക് പത്ത് മക്കളുണ്ട്. അവരില്‍ ഒരാളെയും ഞാന്‍ ഉമ്മവച്ചിട്ടില്ല. പ്രവാചകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: കരുണചെയ്യാത്തവനോട് ആരും കരുണ കാണിക്കില്ല (മുസ്‌ലിം). 


കൊടുക്കുന്നതേ ലഭിക്കൂ എന്ന സാമാന്യ തത്വം പഠിപ്പിക്കുകയാണ് അവിടുന്ന്. സ്‌നേഹം ലഭിക്കാതെ വാര്‍ധക്യത്തില്‍ വിലപിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു പാഠമാണിത്. കുഞ്ഞുനാളില്‍ കുരുന്നുകള്‍ക്ക് സ്‌നേഹം പകരുക. അതായിരിക്കും ഭാവിയില്‍ ഉപകരിക്കുക. കരുണ വറ്റിയ ഹൃദയത്തില്‍നിന്ന് എങ്ങനെയാണ് ധര്‍മബോധം ഉണ്ടാകുക!
മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളോടും അവിടുത്തെ സമീപനം കരുണയോടെയായിരുന്നു. പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടില്‍നിന്ന് എടുത്ത് കൊണ്ടുവന്ന് കളിപ്പിച്ച അനുചരന്മാരോട് തള്ളപ്പക്ഷിയുടെ അടുക്കലേക്ക് തന്നെ വിടാന്‍ ആജ്ഞാപിച്ചു. 


മറ്റൊരിക്കല്‍ ഒരൊട്ടകം തിരുനബിയെ കാണാനിടയായി. നിറഞ്ഞ കണ്ണുകളുമായി അത് അരുമയോടെ നബിയുടെ മുന്‍പില്‍ വന്നുനിന്നു: അവിടുന്നതിനെ തടവി സമാധാനിപ്പിച്ചു. ‘ആരുടേതാനീ ഒട്ടകം’ അവിടുന്ന് വിളിച്ചു ചോദിച്ചു. അപ്പോള്‍ അരു അന്‍സാരി യുവാവ് ‘അല്ലാഹുവിന്റെ പ്രവാചകരേ, അതെന്റേതാണ്’ എന്നു പറഞ്ഞു കൊണ്ട് അങ്ങോട്ട് ചെന്നു. തിരുനബി അയാളെ ഇങ്ങനെ ഉപദേശിച്ചു. ‘അല്ലാഹു നിന്റെ ഉടമയിലാക്കിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തില്‍ നിനക്ക് അല്ലാഹുവിനെ അനുസരിച്ചു കൂടെ. നീ അതിനെ വേദനിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതെന്നോട് വേവലാതി പറഞ്ഞിട്ടുണ്ട്’. അറവ് മൃഗത്തിനോട് പോലും ദയാവായ്‌പോടെ സമീപിക്കാനായിരുന്നു അവിടുത്തെ അധ്യാപനം. 

പരലോകത്ത് പോലും അവിടുത്തെ കരുണയുടെ ചിറകിലാണ് നമ്മുടെ രക്ഷ. മഹ്ശറയില്‍ സര്‍വ പ്രവാചകന്മാരുടെ സന്നിധിയിലേക്കും അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യാന്‍ അപേക്ഷിച്ച് ജനങ്ങള്‍ സമീപിക്കുമ്പോള്‍ അവരെല്ലാവരും തങ്ങള്‍ക്ക് സംഭവിച്ച സൂക്ഷമതക്കുറവ് കാരണം പറഞ്ഞ് കൈയൊഴിയുമ്പോള്‍ അവരുടെ അപേക്ഷ സ്വീകരിക്കപ്പെടുക മുഹമ്മദ് നബി (സ്വ)യുടെ സന്നിധിയില്‍വച്ച് മാത്രമാണ്. സുജൂദില്‍ വീഴുന്ന റസൂല്‍ (സ്വ) യോട് തലയുയര്‍ത്താനും, ചോദിക്കുവാനും, ശുപാര്‍ശ ചെയ്യുവാനും അല്ലാഹു ആവശ്യപ്പെടും. തുടര്‍ന്ന്, മഹ്ശറക്ക് ശേഷമുള്ള അടുത്ത ഘട്ടം ആരംഭിക്കുകയും ചെയ്യും. ലോകജനതക്ക് ഒന്നാകെ ഈ സന്ദര്‍ഭത്തില്‍ മുഹമ്മദ് നബി (സ്വ) കാരണമായി അല്ലാഹു കാരുണ്യം ചെയ്യുന്നു.


സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി

ആധുനികതയുടെ പ്രവാചകന്‍

വീണ്ടുമൊരു നബിദിനം വരാന്‍ പോകുന്നു. പ്രവാചക തിരുമേനിയെ ഓര്‍ക്കുമ്പോള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ നമ്മുടെ ജീവിതം പ്രദീപ്തം ആകുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രവാചകന്‍ ഒരുപാട് സവിശേഷതകള്‍ നിറഞ്ഞ വ്യക്തിത്വമാണ്. ഒരു പക്ഷേ ആധുനിക ലോകത്തിന്റെ പ്രവാചകനായി അദ്ദേഹം വാഴ്ത്തപ്പെടുന്നതും അതുകൊണ്ടാണ്. പ്രവാചക പരമ്പരയിലെ അവസാന കണ്ണി എന്ന നിലയില്‍ അന്ത്യപ്രവാചകന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും ഇതിനാലാണ്. അദ്ദേഹത്തിന്റെ പ്രവാചകത്വം ആയപ്പോഴേക്കും ആധുനിക ലോകത്തേക്ക് മനുഷ്യര്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. 

ഞാന്‍ വളരെ കൗതുകകരമായിട്ടാണ് പ്രവാചകനെ നോക്കിക്കാണുന്നത്. അവിടുത്തെ വ്യക്തിത്വത്തിന് ആകര്‍ഷണീയമായ ഒരുപാട് തലങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ഏറ്റവും ഉല്‍കൃഷ്ടമായത് സുതാര്യത ആയിരുന്നു. എക്കാലത്തും അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ തന്നെയാണ് ജീവിച്ചത്. ആ സുതാര്യത കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവിതം സമഗ്രമായി വിലയിരുത്താന്‍ ശിഷ്യന്മാര്‍ക്ക് സഹായകമായത്. ഒരേസമയം ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച പോരാട്ടമായിരുന്നു പ്രവാചകന്റേത്.


ഒരു വലിയ മനുഷ്യാവകാശ പോരാളിയായിരുന്നു മുഹമ്മദ് നബി . മക്കാവിജയത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ തന്നെ മനുഷ്യാവകാശത്തിന്റേതായിരുന്നു. ആ കാലഘട്ടത്തിലുള്ള ഒരുപാട് ദുര്‍നടപ്പുകള്‍ക്കെതിരേ അദ്ദേഹം ശബ്ദിച്ചു. വര്‍ഗീയമായ വിദ്വേഷം വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് വിശ്വ മാനവനെക്കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാകുന്നത് എന്ന് ഞാന്‍ കരുതുന്നു. കാരണം ആ കാലഘട്ടത്തില്‍ പല ഗോത്രങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. അവയെല്ലാം പ്രവാചകന്‍ അറുത്തുമാറ്റി. കറുത്തവന്‍, വെളുത്തവന്‍ തുടങ്ങി ഒന്നിനും പ്രസക്തിയുണ്ടായിരുന്നില്ല. ഗോത്ര വൈജാത്യങ്ങള്‍ക്ക് പ്രസക്തിയില്ല. 


പ്രവാചകന്‍ പൗരത്വത്തെ നിര്‍ണയിക്കുന്ന ഒരു സവിശേഷ സന്ദര്‍ഭമുണ്ട്. ഇന്ന് പൗരത്വം ഒരു വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. പൗരത്വം വംശീയമായ തരത്തിലാണ് ഇന്ത്യയില്‍ സ്ഥാപിച്ചെടുക്കാന്‍ ഇപ്പോള്‍ ശ്രമം നടക്കുന്നത്.യഥാര്‍ഥത്തില്‍ അങ്ങനെയല്ല വേണ്ടത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരുപക്ഷേ ഇന്ന് നാം ഭയപ്പെടുന്ന വര്‍ത്തമാന കാലഘട്ടം എന്ന് പറയുന്നത് വംശീയതയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്ര സങ്കല്‍പം രൂപപ്പെടുന്നു എന്നതാണ്. അപരത്വം സങ്കല്‍പ്പിക്കപ്പെടുകയാണ്. അപരത്വം കല്‍പ്പിച്ച് കുറെ ആളുകളെ മാറ്റി നിര്‍ത്തുന്നു എന്നുള്ളതാണ്. പ്രവാചകന് ഇത്തരത്തിലുള്ള ഒരു സങ്കല്‍പ്പമേ ഉണ്ടായിരുന്നില്ല. 

അതുപോലെ വിശിഷ്ടമാണ് വിമോചകന്‍ എന്ന നിലയില്‍ അടിമകളോടുള്ള പ്രവാചകന്റെ സമീപനം. പ്രബോധനത്തിന്റെ ആദ്യകാലഘട്ടത്തില്‍ പ്രവാചകനിലേക്ക് ആകര്‍ഷിച്ച് ഇസ്‌ലാം മതം സ്വീകരിച്ചവരില്‍ വലിയൊരു വിഭാഗം അടിമകളും കറുത്ത വര്‍ഗക്കാരുമായിരുന്നു. അടിമകളെ ചന്തകളില്‍ വില്‍ക്കുന്ന സമ്പ്രദായങ്ങളും അന്ന് ഉണ്ടായിരുന്നു. ആദ്യത്തെ വിവാഹത്തിലൂടെ ഖദീജയുടെ ഭര്‍ത്താവ് എന്ന നിലയില്‍ അവരുടെ സ്വത്ത് വകകള്‍ക്കും അവരുടെ അടിമകള്‍ക്കും മേലെയെല്ലാം പ്രവാചകന് അവകാശം ലഭ്യമായപ്പോള്‍ അവരെയൊക്കെ മോചിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. 


എല്ലാ വിഷയങ്ങളിലും പ്രവാചകനു വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് മറ്റു പ്രവാചകന്‍മാരെ അപേക്ഷിച്ച് അന്ത്യപ്രവാചകന്റെ ദര്‍ശനത്തിനു സമഗ്രത കൈവന്നത്. പ്രവാചകന്റെ ജന്മദിനം കേവലം ഓര്‍ത്തുകൊണ്ടിരിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. പ്രവാചകജീവിതത്തിന്റെ പാഠങ്ങള്‍ വര്‍ത്തമാനകാലത്ത് ഏതെല്ലാം തലത്തില്‍ പ്രയോജനപ്രദമാകും എന്ന് പരിശോധിക്കണം. 


എഴുത്തുകാരന്‍ എന്ന നിലയില്‍ നബിദിനത്തെ ഓര്‍ക്കുമ്പോള്‍ ആകാശയാത്രികര്‍ എന്ന കഥ മുമ്പെഴുതിയിരുന്നു. കേരളത്തില്‍ നബിദിനത്തെക്കുറിച്ച് എഴുതപ്പെട്ട ഏക ആധുനിക കഥയും അതു തന്നെയാകും. കുട്ടിക്കാലം തൊട്ട് മുസ്‌ലിംകളുമായി ആഴത്തില്‍ ഇടപഴകി ജീവിക്കാന്‍ സാധിച്ചത് കൊണ്ടാണ് പ്രവാചകനെ മനസിലാക്കാന്‍ സാധിച്ചത്.

#  പി. സുരേന്ദ്രന്‍

Previous Post Next Post
3/TECH/col-right