Trending

വേണം നിങ്ങളുടെ ഒരു കൈത്താങ്ങ്

നിറഞ്ഞ വേദനയോട് കൂടിയാണ് ഈ ഓർമക്കുറിപ്പ് ഞാനെഴുതുന്നത്. NSS ഈ വർഷം ഏറ്റെടുക്കുന്ന ഭവന നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു ഞങ്ങളുടെ യാത്ര. ആദ്യം പോയത് കത്തറമ്മൽ പൂക്കോട്ട് പുരായിൽ റസാഖിന്റെ വീട്ടിലേക്കായിരുന്നു. വീടെന്ന് പറയാൻ അവിടെയുണ്ടായിരുന്നത് ചുമരുകൾ മാത്രം. ഓട് മേഞ്ഞ മേൽക്കൂര കഴിഞ്ഞ ദിവസം കഴുക്കോലുകളും പട്ടികയും ദ്രവിച്ച് രാത്രി മഴയത്ത് നിലംപതിച്ചതാണ്.


ഭാഗ്യം കൊണ്ട് താഴെക്കിടക്കുന്നവർ കഷ്ടിച്ച് രക്ഷപ്പെട്ടുകയായിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന മൂത്ത മകൾ അടങ്ങുന്ന കൂലിപ്പണിക്ക് പോകുന്ന റസാഖിന്റെ കുടുംബം ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുന്നത് ഞങ്ങൾ കണ്ടു. ഒരു കുട്ടി ഞങ്ങളുടെ സ്കൂളിൽ തന്നെ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു .വീടൊക്കെ നമുക്ക് ശരിയാക്കാം എന്ന് ഇത്താത്തയെ ആശ്വസിപ്പിച്ചാണ് ഞങ്ങൾ അവിടെ നിന്നുംഇറങ്ങിയത്.

പിന്നീട് ഞങ്ങളെയും കൊണ്ട് ബസ് ഓടിയത് പനങ്ങാട് പഞ്ചായത്തിലെ തലയാട് പ്രദേശത്തേക്കായിരുന്നു. ഗ്രാമീണ സൗന്ദര്യം നിറഞ്ഞ് നിന്ന യാത്ര വൃക്ഷങ്ങൾ, മലമടക്കുകൾ പർവ്വതനിരകൾ ,കുളിർക്കാറ്റ്. യാത്ര അവസാനിച്ചത് ഒരു ചെറിയ കുന്നിന്റെ താഴ്വാരത്തിൽ.കയറ്റം കയറി ഞങ്ങളെത്തിയത് തികച്ചും വ്യത്യസ്തമായ ഒരു പ്രദേശത്ത്. ഇത് പോലുള്ള വീടുകൾ നമ്മുടെ നാട്ടിലുണ്ടോ എന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു.പൊളിഞ്ഞ് വീഴാൻ നോക്കുന്ന മൺകട്ട കൊണ്ട് ഉണ്ടാക്കിയ വീടുകൾ . പട്ടിണിയും ദാരിദ്ര്യവുമായി കൊച്ചു കുരകളിൽ കഴിയുന്ന ജനങ്ങൾ.

മിക്ക വീടുകളിലും സുഖമില്ലാത്ത ഉമ്മമാരും ഉമ്മാമ മാരും മക്കളും. ഞങ്ങളുടെ സീനിയർ NSS വളണ്ടിയേഴ്സ് നിർമിച്ച് കൊണ്ടിരിക്കുന്ന വീട് ഞങ്ങൾ കണ്ടു. വീടിന്റെ തേപ്പ് പണി നടന്ന് കൊണ്ടിരിക്കുന്നു. ഈ കുടുംബം കൂടുന്നത് വെറും ഒരു ഷെഡിലാണ്. തീർത്തും അനാഥരും രോഗികളുമായ മറ്റൊരു കുടുംബത്തിന് വേണ്ടി കരുതിയിരുന്ന ഭക്ഷണക്കിറ്റ് ഞങ്ങൾ അവരെ ഏൽപിച്ചു. പാതി മാത്രം പണി കഴിഞ്ഞ അവരുടെ കൊച്ചു വീട്ടിൽ അവർ ഒരു പാട് യാതനകൾ അനുഭവിക്കുന്നു .

അവിടെയുള്ള ഇത്താത്തമാരെല്ലാം അവരുടെ ജീവിത കഷ്ടപ്പാടുകളെല്ലാം  ഞങ്ങളോട് പങ്ക് വെച്ചു. എല്ലാവർക്കും വീട് വേണം. മഹല്ല് കമ്മിറ്റിക്കാരും മറ്റ് സാമുഹ്യ പ്രവർത്തകരും ഞങ്ങളെ സ്വീകരിക്കാൻ അവിടെയുണ്ടായിരുന്നു.എല്ലാവരുടെയും പ്രതീക്ഷ ഞങ്ങളിലാണ്.തിരിച്ച് ബസിൽ കയറിയപ്പോൾ ഞങ്ങൾ എല്ലാവരും ദുഃഖമൂകരായിരുന്നു.ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടിയാണ് ഞാൻ പിണങ്ങുന്നത് എന്ന തിരിച്ചറിവാണ് എന്നിലുണ്ടായത്.ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന സൗകര്യങ്ങളോർത്ത് റബ്ബിന് നന്ദി പറഞ്ഞു.

ഈ പാവപ്പെട്ട മനുഷ്യർക്ക് വേണ്ടി എന്നാൽ കഴിയുന്ന എന്തെങ്കിലും ചെയ്യാൻ കഴിയണേ എന്ന് എന്റെ മനസ്സ് മന്ത്രിച്ച് കൊണ്ടിരുന്നു. ഞങ്ങൾ കുട്ടികളാണ് .എന്നാലും നമ്മുടെ നാടുകളിൽ ഒരു പാട് പണമുള്ള വരുണ്ട്. എല്ലാവരും ചെറിയ സഹായങ്ങൾ ചെയ്താൽ ഒരുപാട് ജീവിതങ്ങൾ രക്ഷപ്പെടും.

ഫാത്തിമ അസ്മി
MJHSS Elettil


ഞങ്ങളുടെ MJHSS എളേറ്റിൽ NSS Batch ന്റെ വകയായി ഒരു വീടെങ്കിലും ഞങ്ങളും പണിയും എന്ന ഉറച്ച തീരുമാനത്തോട് കൂടി യാണ് ഞങ്ങൾ യാത്ര പറഞ്ഞിറങ്ങിയത്. നിങ്ങളും ഞങ്ങളോടൊപ്പം ചേരില്ലേ.........?!   മറ്റുവിശദാംശങ്ങൾ NSS Co-ordinator ൽ നിന്നും ശേഖരിക്കുമല്ലോ.
KM സുബൈർ മാസ്റ്റർ :8075205800.
Previous Post Next Post
3/TECH/col-right