Trending

കൂടത്തായ് കൊലപാതകം:സ്വത്തു മോഹിച്ചും പുതുബന്ധങ്ങൾക്കായും അരുംകൊല

താമരശ്ശേരി:സ്വത്തു മോഹിച്ചും പുതുബന്ധങ്ങൾക്കുമാണ് പ്രതി ഈ അരുംകൊലപാതകങ്ങൾ ചെയ്തെന്ന് പോലീസ് നിഗമനം.

അന്നമ്മ (22.08.2002)
അധികാരത്തിനായി ഭർതൃമാതാവിനെ
 

വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് റിട്ട. അധ്യാപികയായ അന്നമ്മയാണ്; അവർ മരിച്ചാൽ അധികാരം തന്നിൽ വന്നുചേരുമെന്നു ജോളി കണക്കുകൂട്ടി. സ്വന്തമായി വരുമാനമില്ലാത്തതിന്റെ അപകർഷതയുമുണ്ടായിരുന്നു. ആട്ടിൻസൂപ്പ് കഴിച്ചയുടൻ തളർന്നുവീണായിരുന്നു അന്നമ്മയുടെ മരണം. മുൻപൊരിക്കലും ഇതേ ലക്ഷണങ്ങളുമായി ആശുപത്രിയിലായെങ്കിലും കാരണം കണ്ടെത്താനായില്ല. ഇതിന്റെ പേരിൽ അന്നമ്മയുടെ മരണശേഷം ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതിയും ഉന്നയിച്ചു. മുൻപും വധശ്രമം നടന്നതായാണ് പൊലീസിന്റെ നിഗമനം.

ടോം തോമസ് (26.08.2008)
സ്വത്ത് സ്വന്തമാക്കാൻ ഭർതൃപിതാവിനെ

 
രണ്ടേക്കർ വയൽ വിറ്റ പണം ജോളിക്കു ടോം തോമസ് നൽകിയിരുന്നു. എന്നാൽ ബാക്കി സ്വത്തിൽ അവകാശമില്ലെന്നും അതു മറ്റു രണ്ടു മക്കൾക്കുള്ളതാണെന്നും പറഞ്ഞതു ജോളിയെ ചൊടിപ്പിച്ചു. റോയ് സ്ഥലത്തില്ലാത്ത ദിവസം കപ്പയിൽ സയനൈഡ് കലർത്തിയാണു ടോമിനെ വധിച്ചത്. ഇതിനു മുൻപ് വ്യാജ ഒസ്യത്ത് ചമച്ചതായും പൊലീസിനു വിവരം ലഭിച്ചു. ടോമിന്റെ മരണശേഷം കുടുംബസ്വത്ത് റോയിക്കും ജോളിക്കുമാണെന്നാണ് ഇതിൽ പറഞ്ഞിരുന്നത്.

റോയ് തോമസ് (30.09.2011)
സൗഹൃദങ്ങൾ എതിർത്തതിന് ഭർത്താവിനെ

 
ജോളിയുടെ മറ്റു സൗഹൃദങ്ങളുടെ പേരിൽ റോയിയുമായി വഴക്ക് പതിവായി. റോയ് മരിച്ചാൽ ഒസ്യത്തു പ്രകാരം സ്വത്ത് പൂർണമായും തന്റെ നിയന്ത്രണത്തിൽ വരുമെന്നും ജോളി കണക്കുകൂട്ടിയെന്നു പൊലീസ്. ചോറിലും കടലയിലും സയനൈഡ് കലർത്തി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡ് കണ്ടെത്തിയിരുന്നു. എന്നാലത് ആത്മഹത്യയായി ചിത്രീകരിക്കപ്പെട്ടു. ഇതു പുറത്തറിയുന്നതു നാണക്കേടാകുമെന്ന വീട്ടുകാരുടെ ചിന്ത മൂലം അന്വേഷണം മുന്നോട്ടുനീങ്ങിയില്ല. ഇതിലും ജോളിയുടെ ഇടപെടലുകളുണ്ടായി.

എം.എം. മാത്യു (24.02.2014)
സംശയിച്ചതിന്റെ പകയാൽ

 
റോയ് മരിച്ചപ്പോൾ പോസ്റ്റ്മോർട്ടത്തിനു നിർബന്ധം പിടിച്ചതു മാത്യു. സയനൈഡിന്റെ അംശം കണ്ടെത്തിയതോടെ മുൻപു നടന്ന രണ്ടു മരണങ്ങളിലും മാത്യു സംശയം പ്രകടിപ്പിച്ചു. മാത്യു മരിക്കുന്ന ദിവസം വീട്ടിൽ തനിച്ചായിരുന്നു. തൊട്ടടുത്തു താമസിക്കുന്ന ജോളിയാണു വിവരം അയൽക്കാരെ അറിയിച്ചത്. കാപ്പി നൽകാൻ അവിടെ പോയെന്നും അതിലാണു സയനൈഡ് കലർത്തിയതെന്നുമാണ് ജോളിയുടെ മൊഴി.

ആൽഫൈൻ (03.05.2014)
സിലി (11.01.2016)

പുതുബന്ധം സ്ഥാപിക്കാൻ

 
റോയിയുടെ മരണശേഷമാണു ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഭാര്യയാകാൻ ജോളി ആഗ്രഹിച്ചുതുടങ്ങിയതെന്നു പൊലീസ് പറയുന്നു. ഷാജുവിന്റെ ശാന്തസ്വഭാവവും അധ്യാപക ജോലിയും ആകർഷിച്ചു. ഷാജുവിന്റെ ഭാര്യ സിലി ഭാഗ്യവതിയാണെന്നു ജോളി ബന്ധുക്കളോടു പറഞ്ഞിരുന്നു. ഷാജുവിന്റെ മക്കൾ തടസ്സമാകുമെന്നു കരുതിയാണു രണ്ടു വയസ്സുകാരി ആൽഫൈനെ വധിക്കാൻ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. ആൽഫൈൻ മരിച്ച് ഒന്നരവർഷത്തിനു ശേഷം ദന്താശുപത്രിയിലിരിക്കെ, ഷാജുവിന്റെ ഭാര്യ സിലിയെയും വധിച്ചു. പാനീയത്തിൽ സയനൈഡ് കലർത്തുകയായിരുന്നുവെന്നാണു ജോളി പൊലീസിനോടു പറഞ്ഞത്. 


സിലി മരിച്ച് ഒരു വർഷത്തിനു ശേഷം ജോളി മുൻകയ്യെടുത്ത് ഷാജുവിനെ വിവാഹം കഴിച്ചു. മരണങ്ങളിലൊന്നും ഷാജുവിന്റെ പങ്ക് കണ്ടെത്തിയിട്ടില്ല.ജോളിയെ ഇപ്പോൾ അറസ്റ്റ് ചെയ്തതു നന്നായി. കൂടുതൽ കൊലപാതകങ്ങൾ ലക്ഷ്യമിട്ടിരുന്നതായി വേണം കരുതാൻ . 

കെ.ജി. സൈമൺ, റൂറൽ എസ്പി, കോഴിക്കോട്

 

ജോളി ഒറ്റയ്ക്കല്ല, നിരീക്ഷണത്തിൽ 11 പേർ, രാഷ്ട്രീയനേതാവ് ഒരു ലക്ഷം ചെക്കായി നൽകി

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളും സ്വത്ത് തട്ടിപ്പും നടത്തിയത് താൻ ഒറ്റയ്ക്കല്ലെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മറ്റ് പതിനൊന്ന് പേരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നു. ഇത് വരെ ചോദ്യം ചെയ്തിട്ടില്ലാത്തവർ ഉൾപ്പടെ 11 പേരിലേക്കാണ് അന്വേഷണം ചെന്നെത്തുന്നത്. വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥർ, പ്രാദേശികമായി സഹായങ്ങൾ നൽകിയ രണ്ട് രാഷ്ട്രീയനേതാക്കൾ, കോഴിക്കോട്ടെ രണ്ട് ക്രിമിനൽ അഭിഭാഷകർ എന്നിവരെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തത് ഈ സംഘമാണെന്ന് പൊലീസ് ഏതാണ്ടുറപ്പിച്ച് കഴിഞ്ഞു. ജോളി ഇവരുടെ സഹായത്തോടെ ഉണ്ടാക്കിയ വ്യാജവിൽപ്പത്രം തന്നെയാണ് ഇതിന്‍റെ തെളിവ്.

സിസിടിവി ദൃശ്യങ്ങൾ കിട്ടി

ഒരു രാഷ്ട്രീയനേതാവ് ജോളിയ്ക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് ഈ പണം നൽകിയതെന്നറിയാൻ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇത്തരത്തിൽ പലരുമായി തോന്നിയ രീതിയിലുള്ള ജോളിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരു ചെക്ക് ബാങ്കിൽ കൊണ്ടുപോയി പണമായി മാറ്റിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. 

എവിടെ നിന്നാണ് ജോളിയ്ക്ക് ഈ പണമെല്ലാം ചെക്കായി കിട്ടിയിരുന്നത്? എന്തിന്? എന്നതൊക്കെയാണ് ഇനി പൊലീസിന് പരിശോധിക്കേണ്ടത്. ലക്ഷങ്ങളുടെ ഇടപാടുകളും തിരിമറിയും ജോളി നടത്തിയിരുന്നു എന്നതാണ് അന്വേഷണത്തിലൂടെ തെളിയുന്നത്. 
കഴിഞ്ഞ ഒരു വർഷത്തെ ജോളിയുടെ ഫോൺ രേഖകൾ പൂർണമായും പൊലീസ് പരിശോധിച്ചു കഴിഞ്ഞു. ഇതിൽ നിരവധി തവണ ഫോൺ ചെയ്ത ഏഴ് പേരെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യും. 

പഴയ കേസ് തള്ളിയതെങ്ങനെ?

ജോളിയുടെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് ഒരുങ്ങുകയാണ് പൊലീസ്. പ്രാഥമികമായ പരിശോധന നടത്തിയെങ്കിലും വിശദമായി ആരൊക്കെയാണ് ജോളിയ്ക്ക് പണമയച്ചതെന്നും, ആർക്കാണ് പണം അയച്ചതെന്നുമടക്കമുള്ള എല്ലാ രേഖകളും പരിശോധിക്കും. 

അതേസമയം, പ്രാദേശിക പൊലീസ് പഴയ സ്വത്ത് കേസടക്കം എങ്ങനെയാണ് തള്ളിക്കളഞ്ഞതെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. വ്യാജ ഒസ്യത്തുണ്ടാക്കി എന്നാരോപിച്ച് നേരത്തേ ജോളിയ്ക്ക് എതിരെ പരാതി പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ നൽകിയതാണ്. 
അന്ന് പക്ഷേ, ഇത് വെറും സ്വത്ത് തർക്കമാണെന്ന് കാട്ടി കേസ് എഴുതിത്തള്ളിയത് താമരശ്ശേരി ഡിവൈഎസ്‍പിയാണ്. എന്തുകൊണ്ട് അന്ന് ഡിവൈഎസ്‍പി അത്തരമൊരു നടപടിയെടുത്തു എന്ന് ഇപ്പോഴും വ്യക്തമല്ല. അതിനാൽ ആ കേസ് എഴുതിത്തള്ളിയതിനെക്കുറിച്ചും, കേസും വീണ്ടും അന്വേഷിക്കാനാണ് പൊലീസിന്‍റെ തീരുമാനം. സ്പെഷ്യൽ ബ്രാ‌ഞ്ചാണ് ഈ കേസ് ഏറ്റെടുക്കുന്നത്. 

തർക്കം രൂക്ഷമായതിന് പിന്നാലെ റോയിയുടെ സഹോദരൻ റോജോ അമേരിക്കയിൽ നിന്നെത്തി പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയി, റോയിയുടെ ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കേസിന്‍റെ വിശദാംശങ്ങൾ വിവരാവകാശ രേഖ നൽകി എടുത്തു. ഇതിന് ശേഷമാണ് മരണങ്ങളിൽ സംശയമുയരുന്നത്. ആ സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് കുടുംബത്തിൽ നടന്ന മരണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റൂറൽ എസ്‍പിക്ക് പരാതിയായി നൽകിയത്. 

എന്നാൽ സ്വത്താണ് പ്രശ്നമെങ്കിൽ അത് തിരിച്ച് തരാമെന്ന നിലപാടിലായി ജോളി. ഒസ്യത്ത് തിരികെ നൽകാൻ തയ്യാറായി. പക്ഷേ, ഇതിന് പകരമായി മരണങ്ങളിൽ സംശയം ഉണ്ടെന്ന് കാണിച്ച് പൊലീസിന് നൽകിയ പരാതി പിൻവലിക്കണമെന്ന് ജോളി ആവശ്യപ്പെട്ടു. ഇതോടെ റോജോ അടക്കമുള്ള ബന്ധുക്കളുടെ സംശയം ഇരട്ടിയായി. 

വീട് പൂട്ടി സീൽ ചെയ്തു

ജോളിയുടെ അറസ്റ്റിന് പിന്നാലെ ഷാജു സ്വന്തം സാധനങ്ങളെടുത്ത് വീട്ടിലേക്ക് പോയി. പൊന്നാമറ്റം വീട് പൊലീസ് ഇതോടെ മുദ്രവച്ച് പൂട്ടി. ജോളിയുടെ മക്കൾ റോയിയുടെ സഹോദരി റഞ്ജിയോടൊപ്പവും കണ്ണീരോടെ മടങ്ങി. അച്ഛന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒന്നും മക്കൾക്ക് അറിയുമായിരുന്നില്ല. ടോം തോമസിന്‍റെ സ്വത്ത് അന്തിമമായി ഭാഗം വച്ച് ഒസ്യത്ത് റജിസ്റ്റർ ചെയ്യേണ്ട ദിവസമായിരുന്നു ഇന്നലെ. എന്നാൽ അവിടെ നടന്നത് ആ വീട്ടിലെ മരുമകളായിരുന്ന ജോളിയുടെ അറസ്റ്റാണ്. 

കൂടത്തായി കൊലപാതകം; ജോളിയെ ഒട്ടും സംശയിച്ചില്ല, ഞെട്ടൽ മാറാതെ നാട്ടുകാർ

കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ മരണങ്ങൾ കൊലപാതകമാണ് എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് കൂടത്തായിക്കാർ. കൊലപാതകപരമ്പരക്ക് പിന്നിൽ ജോളിയാണെന്ന യാഥാർത്ഥ്യം പലർക്കും ഇനിയും അംഗീകരിക്കാനായിട്ടില്ല. വീട്ടുകാരുടെ മരണശേഷം ജോളി നാട്ടുകാരുമായി അകലം പാലിച്ചിരുന്നു. എന്നാൽ പ്രിയപ്പെട്ടവരുടെ വേർപാടുകൊണ്ടാവാം ജോളിയിലെ ഈ മാറ്റമെന്നാണ് അയൽക്കാർ കരുതിയിരുന്നത്.

റോയിയുടെ മരണത്തിന് ശേഷം രണ്ടാമത് വിവാഹം കഴിച്ചതിനുശേഷമാണ് നാട്ടുകാരുമായി ജോളി അകലം പാലിച്ചതെന്നും അയൽക്കാർ പറയുന്നു. നാട്ടുകാർക്കും കുടുംബക്കാർക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു പൊന്നാമറ്റത്തെ അന്നമ്മയും ഭർത്താവ് ടോമും. നാട്ടുകാരെ സഹായിക്കുന്ന കാര്യത്തിൽ മകൻ റോയിയും ഒട്ടും പിന്നിലായിരുന്നില്ലെന്ന് പ്രദേശവാസികൾ ഓർക്കുന്നു. 

മരുമകൾക്കും പേരക്കുട്ടിക്കും നേരത്തെ അസുഖമുണ്ടായിരുന്നതിനാൽ ഇവരുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ തോന്നിയിരുന്നില്ലെന്ന് ജോളിയുടെ ഷാജുവിന്‍റെ അമ്മയും വ്യക്തമാക്കുന്നുണ്ട്. കൂടത്തായിയിലെ മരണങ്ങളില്‍ ദുരൂഹതയില്ല. ജോളി അങ്ങനെയൊന്നും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ആരോപണങ്ങളെല്ലാം കെട്ടുകഥകളാണെന്നും അവര്‍ പറഞ്ഞു.

എല്ലാം ആള്‍ക്കാര് പറഞ്ഞുണ്ടാക്കുന്നതാണ്. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നത് ശരിയാണ്. അല്ലാതെ ജോളി അങ്ങനെയൊന്നും ചെയ്യില്ല. ജോളി എല്ലാവരെയും സഹായിക്കുന്ന ആളാണ്. അന്ന് കുഞ്ഞിനെയും കൊണ്ട് സിലിക്കൊപ്പം ആശുപത്രിയിലേക്ക് പോയത് ജോളിയാണ്. റോയി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് അറിയില്ലായിരുന്നു. ഹൃദയാഘാതമായിരുന്നെന്നാണ് ജോളി പറഞ്ഞത്. അതേ തങ്ങള്‍ക്ക് അറിയൂ.

സിലിയുടെ കുഞ്ഞിന് വൃക്കയ്ക്ക് അസുഖമുണ്ടായിരുന്നു. അന്ന് വയ്യാതായപ്പോ പെട്ടന്ന് ഫിറ്റ്സ് പോലെ വന്നു. കുഞ്ഞിന്‍റെ ആശുപത്രി റിപ്പോര്‍ട്ടൊക്കെ വീട്ടിലുണ്ട്. ഇതിപ്പോ എല്ലാം റോയിയുടെ സഹോദരന്‍ റോജോയുടെ പണിയാണ്. റോയി മരിച്ചപ്പോഴോ അതിനു ശേഷമോ റോജോ എന്താണ് പരാതി കൊടുക്കാഞ്ഞത്. ശവമടക്കിനൊക്കെ റോജോ ഉണ്ടായിരുന്നു. അന്നൊന്നും ഇല്ലാത്ത സംശയം ഇപ്പോ സ്വത്തിന്‍റെ കാര്യം വന്നപ്പോ ഉണ്ടായതെങ്ങനെയാണെന്നും ഷാജുവിന്‍റെ അമ്മ ചോദിച്ചു.

പൊലീസിന്‍റെ രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് കൂടത്തായി കൊലപാത പരമ്പരയുടെ ചുരുളഴിയുന്നത്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ജോളിയെയും കൊലപാതകത്തിൽ പങ്കുള്ള മറ്റുള്ളവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, കേസിലെ മുഖ്യപ്രതിയായ ജോളി, മാത്യൂ, പ്രജുകുമാർ എന്നിവരെ 14 ദിവസത്തേക്ക് താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

ജയിലിൽ ആരോടും മിണ്ടാതെ ജോളി, സാധനങ്ങളെടുത്ത് മാറ്റി ഷാജു, പണ്ടേ സംശയമെന്ന് അയൽവാസി

കോഴിക്കോട്: ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയ്ക്ക് പ്രത്യേക നിരീക്ഷണമേർപ്പെടുത്തി. മൂന്ന് വനിതാ വാർഡൻമാരാണ് കോഴിക്കോട് ജില്ലാ ജയിലിൽ ജോളിയെ നിരീക്ഷിക്കാനുണ്ടാവുക. ആരോടും മിണ്ടാതെ, ഇടപഴകാതെ, ചോദിച്ചതിന് വ്യക്തമായ ഉത്തരം പോലും തരാതെയാണ് ജോളി ജയിലിൽ കഴിയുന്നത്. പ്രത്യേക വാർഡിലാണ് നിലവിൽ ജോളിയെ പാർപ്പിച്ചിരിക്കുന്നത്. 


അതേസമയം, പൊന്നാമറ്റത്ത് തറവാട് പൂട്ടി സീൽ വയ്ക്കുന്നതിന് മുമ്പ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു വീട്ടിൽ നിന്ന് സാധനങ്ങളെല്ലാം എടുത്ത് മാറ്റി. സാധനങ്ങളെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനാണ് മാറ്റുന്നതെന്നാണ് ഷാജു മാധ്യമങ്ങളോട് പറഞ്ഞത്. ജോളി കസ്റ്റഡിയിലാകുന്നതിന് തലേന്ന് താൻ സ്വന്തം വീട്ടിലായിരുന്നുവെന്നാണ് ഷാജു പറയുന്നത്. പിറ്റേന്നാണ് പൊന്നാമറ്റത്തേയ്ക്ക് തിരികെ എത്തിയത്. താനവിടെ എത്തി കുറച്ച് നേരം കഴിഞ്ഞപ്പോഴാണ് ജോളിയെ പൊലീസ് കൊണ്ടുപോകുന്നത്.

അപ്പോഴും ജോളിയെ അറസ്റ്റ് ചെയ്യുമെന്നോ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നോ തനിക്ക് അറിയുമായിരുന്നില്ല. ചോദ്യം ചെയ്തിട്ട് തിരികെ വിടുമെന്നാണ് കരുതിയത്. ഉച്ചയ്ക്ക് കൊണ്ടുപോകാൻ ഭക്ഷണം കരുതണം, കൊണ്ടുപോകണം എന്നൊക്കെ ജോളി പറ‍ഞ്ഞു. വല്ലാത്ത ടെൻഷനിലായിരുന്നു. ടെൻഷനാകുന്നുണ്ട് എന്ന് ആവർത്തിച്ച് ജോളി പറഞ്ഞുകൊണ്ടിരുന്നുവെന്നും ഷാജു പറഞ്ഞിരുന്നു. 

പൊന്നാമറ്റത്ത് തറവാട്ടിൽ ഇന്നലെ ടോം തോമസിന്‍റെ സ്വത്തുക്കൾ ഭാഗം വച്ച് അതിന്‍റെ റജിസ്ട്രേഷൻ നടക്കാനിരിക്കുകയായിരുന്നു. ആ സമയത്താണ് ജോളി കസ്റ്റഡിയിലെടുക്കപ്പെടുന്നതും പിന്നീട് അറസ്റ്റിലാവുന്നതും. ജോളിയ്ക്കാണ് പൊന്നാമറ്റം വീട് അടക്കം ഇരിയ്ക്കുന്ന 38 സെന്‍റ് സ്ഥലം എന്നാണ് ആദ്യം ധാരണയായിരുന്നത്. റജിസ്ട്രേഷൻ നടന്നിരുന്നെങ്കിൽ സ്വന്തമാകുമായിരുന്ന വീട്ടിൽ നിന്ന് അറസ്റ്റിലാകാനായിരുന്നു ജോളിയുടെ വിധി. 

ഇതിന് പിന്നാലെ ഷാജുവിനെയും തുടർച്ചയായി പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. പക്ഷേ, ഷാജുവിന്‍റെ മൊഴികൾ ഇതിൽ പൂർണമായും വിശ്വസിക്കാനാകില്ലെന്നാണ് അയൽവാസിയായ ബാവ പറയുന്നത്.

'ആദ്യമേ സംശയമുണ്ടായിരുന്നു'

പൊന്നാമറ്റത്ത് വീട്ടിൽ തുടർച്ചയായി വർഷങ്ങളുടെ ഇടവേളകളിൽ മരണം നടക്കുന്നതിൽ ആദ്യമേ സംശയം തോന്നിയിരുന്നുവെന്നാണ് അയൽവാസി ബാവ പറയുന്നത്. ഇത് ജോളിയുടെ ആദ്യഭർത്താവ് റോയിയുടെ സഹോദരൻ റോജോയുമായും സഹോദരി റഞ്ജിയുമായും പങ്കുവച്ചിരുന്നു. അന്ന് പക്ഷേ ആരും ഇവർക്കൊപ്പമുണ്ടായിരുന്നില്ല, നാട്ടുകാരും, വീട്ടുകാരും, ഇടവകക്കാരും - ബാവ പറയുന്നു. 

''മരണങ്ങൾ ആ വീട്ടിൽ തുടർച്ചയായപ്പോൾത്തന്നെ എനിക്ക് സംശയം തോന്നിയിരുന്നതാണ്. മരിച്ച ആ സമയത്തല്ല, പിന്നീട് മരണങ്ങളെല്ലാം ചേർത്ത് വയ്ക്കുമ്പോൾ നല്ല സംശയമുണ്ടായിരുന്നു. പിന്നീട് എല്ലാം കൂട്ടി വായിക്കുമ്പോൾ സംശയം ശക്തമായി. ഇതൊക്കെ ഞാൻ റെഞ്ജിയോടും റോജോയോടും പറഞ്ഞിരുന്നതാണ്. എന്നാൽ ഒരു പരാതി കൊടുക്കും മുമ്പ് ഇതൊന്നും തിരിച്ചടിക്കരുതെന്നും, തിരികെ വരരുതെന്നും, നെഗറ്റീവാകരുതെന്നും ഞങ്ങളുറപ്പിച്ചിരുന്നു. 

അവരുടെ കൂടെ ആരും ഇല്ലായിരുന്നു. ബന്ധുക്കളോ, നാട്ടുകാരോ, ഇടവകക്കാരോ ആരും അവരുടെ കൂടെയില്ലായിരുന്നു. ഇന്നലെ ഷാജു മൊഴി കൊടുത്തത്, അതിൽ 90 ശതമാനവും വിശ്വസനീയമല്ല. റോയിച്ചായൻ മരിച്ച് പിറ്റേന്ന്, എന്‍റെ കൂട്ടുകാരെയും റോയിച്ചായന്‍റെ കൂട്ടുകാരെയും ചേച്ചി നേരിട്ടാണ് മരണവിവരം വിളിച്ച് പറയുന്നത്. സ്വത്ത് കാരണം തന്നെയാണ് കാര്യങ്ങൾ മരണങ്ങളിലേക്ക് പോയതെന്നാണ് ഞാൻ കരുതുന്നത്. 

ഓരോ മരണങ്ങളും ഓരോ ആവശ്യത്തിന് വേണ്ടിയാണ് അവർ ചെയ്തതെന്നാണ് എനിക്ക് തോന്നുന്നത്. ഇനിയും ഇതിന് പിന്നിൽ പല വ്യക്തികളുമുണ്ട്. അവരുടെ കൂടി അറിവോടെയാണ് ഇതൊക്കെ നടന്നതെന്നാണ് കരുതുന്നത്. അതൊക്കെ ഇനി അന്വേഷണത്തിൽ കണ്ടെത്തേണ്ട കാര്യങ്ങളാണ്'', ബാവ പറയുന്നു. 

Previous Post Next Post
3/TECH/col-right