Trending

കാരുണ്യതീരത്തിനായി കൈകോര്‍ത്തത് 200 തൊഴിലാളികള്‍

പൂനൂർ:ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 120 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും 40 മാനസിക രോഗികള്‍ക്ക് ചികിത്സയും പരിചരണവും നല്‍കുന്ന കാരുണ്യതീരം കാമ്പസ് നിര്‍മ്മാണപ്രക്രിയയില്‍ പങ്കാളികളായി ഇരുന്നൂറോളം തൊഴിലാളികള്‍.


ബാലുശ്ശേരി റോക്ക് ഫ്‌ലവേഴ്‌സ് ആര്‍കിടെക്ട് ആന്റ് എഞ്ചിനിയറിംഗ് ഗ്രൂപ്പാണ്  ഗാന്ധിജയന്തി ദിനത്തില്‍ കാരുണ്യതീരം കാമ്പസ് നിര്‍മ്മാണത്തിനായി എത്തിയത്. കാമ്പസ് സുരക്ഷാഭിത്തി നിര്‍മ്മാണം, ഡ്രൈനേജ് കോണ്‍ക്രീറ്റിംഗ്, ഇലക്ട്രിക്, പ്ലബിംഗ്, ടൈല്‍, പെയിന്റിംഗ്, ഇന്‍ഡസ്ട്രിയല്‍ വര്‍ക്കുകള്‍, റൂഫിംഗ് തുടങ്ങിയ ജോലികളാണ് ഇവര്‍ പൂര്‍ത്തീകരിച്ചത്. ഇതിനാവശ്യമായ നിര്‍മ്മാണ വസ്തുക്കള്‍ ഉദാരമതികളായ ആളുകള്‍ സംഭാവനയായി നല്‍കുകയായിരുന്നു. ഏതാണ്ട് അഞ്ചുലക്ഷം രൂപയുടെ നിര്‍മ്മാണ വസ്തുക്കളാണ് ഇത്തരത്തില്‍ സ്വരൂപിച്ചത്.

റോക്ക് ഫ്‌ലവേഴ്‌സ് ഡയരക്ടര്‍മാരായ പി. മുഹമ്മദ് ഫൈസല്‍, കെ.വി അബ്ദുല്‍ റഷീദ്, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഹക്കീം പുവ്വക്കോത്ത്, ജന.സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ എന്നിവര്‍ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി. അഞ്ചുവര്‍ഷം മുമ്പും ഇതേ രൂപത്തില്‍ ഒരു പ്രവൃത്തിദിനം റോക്ക് ഫ്‌ലവേഴ്‌സ് കാരുണ്യതീരത്തിനായി മാറ്റിവെച്ചിരുന്നു.

ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനു കീഴില്‍ കട്ടിപ്പാറ പഞ്ചായത്തിലെ കോളിക്കലില്‍ പ്രവര്‍ത്തിക്കുന്ന കാമ്പസാണ് കാരുണ്യതീരം. രണ്ട് കാമ്പസുകളിലായി  മൂന്നേക്കര്‍ സ്ഥലത്ത് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ബുദ്ധി വൈകല്യമുള്ളവര്‍ക്കും മാനസിക രോഗികള്‍ക്കും ആധുനിക രീതിയില്‍ പരിചരണവും ചികിത്സയും നല്‍കുന്ന കേരളത്തിലെ തന്നെ മാതൃകാ സ്ഥാപനമായി മാറാനുള്ള ശ്രമത്തിലാണ് കാരുണ്യതീരം.
Previous Post Next Post
3/TECH/col-right