Trending

യാത്രക്കാരുടെ ശ്രദ്ധക്ക്… കുപ്പിവെള്ളം കൊണ്ടുപോകരുത്

നിലമ്പൂര്‍: ഊട്ടിയിലേക്കും മറ്റും വിനോദയാത്രക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക, കുപ്പിവെള്ളം കൊണ്ടുപോകരുത്. കൈവശം ഇനി പ്ലാസ്റ്റിക് കുപ്പിവെള്ളം കണ്ടാല്‍ പിഴ ഉറപ്പ്. നീലഗിരി ജില്ലയില്‍ ഇന്നലെ മുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് വിലക്കേര്‍പ്പെടുത്തി. 


നീലഗിരിയിലെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ഓഗസ്റ്റ് 15മുതല്‍ നിയമം നടപ്പാക്കാനാണ് ഭരണകൂടം തീരുമാനിച്ചിരുന്നതെങ്കിലും പ്രളയവും കനത്ത കാറ്റും മഴയും നാശം വിതച്ചതിനാല്‍ സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു. 


പകര ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ജല എ.ടി.എമ്മുകള്‍ സ്ഥാപിച്ചു. 70 ജല എ.ടി.എമ്മുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു ലിറ്ററിന് അഞ്ചു രൂപയാണ് എ.ടി.എമ്മിലെ നിരക്ക്. ഗൂഡല്ലൂര്‍ മുനിസിപ്പല്‍ പരിധിയില്‍ അഞ്ച് ജല എ.ടി.എമ്മുകള്‍ ഇന്നലെ സ്ഥാപിച്ചു. നാടുകാണി പാതയോരത്തും ജല എ.ടി.എം സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങള്‍, ബസ്റ്റാന്‍ഡുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ജല എ.ടി.എമ്മുകള്‍ സ്ഥാപിച്ചിട്ടുള്ളത്. 

പതിവായി തിരക്കുള്ള സ്ഥലങ്ങളിലും ദേശീയപാതയുടെ വശങ്ങളിലും എ.ടി.എമ്മുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 17 ഇനം പ്ലാസ്റ്റിക്കുകള്‍ക്കും നീലഗിരിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് വന്‍തുക ഈടാക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right