മഴക്കെടുതി കോഴിക്കോട് ജില്ലയില്‍ ഏറ്റവുമധികം നാശമുണ്ടായ ചിപ്പിലിത്തോട്, ചാത്തമംഗലം എന്നിവിടങ്ങളില്‍ ചീഫ് സെക്രട്ടറി സന്ദര്‍ശിക്കുമെന്നായിരുന്നു ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ സന്ദേശം. രാവിലെ 11 മണിക്ക് ചിപ്പിലിത്തോടെത്തുമെന്ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴി മാധ്യമങ്ങള്‍ക്കും വിവരം ലഭിച്ചു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ പരിപാടി റദ്ദാക്കിയതായി രാവിലെ പത്ത് മണിയോടെ അറിയിപ്പെത്തി. 

എന്നാല്‍ വൈകിട്ട് ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ കാലിക്കറ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനായി ചീഫ് സെക്രട്ടറിയെത്തി. മുഖ്യതിഥിയായിരുന്ന ടോംജോസ് രണ്ട് മണിക്കൂറോളം പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. 

ദുരിത മേഖലകളിലെ സന്ദര്‍ശനം സംബന്ധിച്ച ചോദ്യത്തോട് ഇന്നുരാത്രി താന്‍ തിരിച്ചുപോകുമെന്നും പിന്നീട് വരുമെന്നുമാണ് ടോം ജോസ് പ്രതികരിച്ചത് .ചീഫ് സെക്രട്ടറിയുടെ സൗകര്യാര്‍ത്ഥമാണ് പരിപാടി നിശ്ചയിച്ചതെന്നും സ്വന്തം നിലയിലാണ് ചീഫ് സെക്രട്ടറിയെത്തിയതെന്നും കാലിക്കറ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.