Trending

ദുരിതാശ്വാസ സഹായമെത്തിക്കാൻ കോക്കല്ലൂർ വിദ്യാർത്ഥി കൂട്ടായ്മ കർമ്മരംഗത്ത്

ബാലുശ്ശേരി: അതിതീവ്ര മഴയും,വെള്ളപ്പൊക്കവും, ഉരുൾപൊട്ടലും കാരണം ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായങ്ങളെത്തിക്കാൻ കോക്കല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി കൂട്ടായ്മ കർമ്മരംഗത്തിറങ്ങി പ്രവർത്തനം തുടങ്ങിയിരിക്കുന്നു.


ഇക്കോസ് എന്ന ഹയർ സെക്കന്ററി വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘം, എൻ.എസ്.എസ് വളണ്ടിയർമാർ, സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവരോടൊപ്പം വിവിധ സ്ഥാപനങ്ങളും, സംഘടനകളും, വ്യക്തികളും, നാട്ടുകാരും ഈ കൂട്ടായ്മക്ക് പിന്തുണയുമായി ഒപ്പം പ്രവർത്തിക്കുന്നു. ദുരിതാശ്വാസ സഹായ സാധനങ്ങൾ ശേഖരിക്കുന്നതിനായി സ്കൂളിൽ ഒരു കൗണ്ടർ തുടങ്ങിയിരിക്കുന്നു. വിവിധ സ്ഥലങ്ങളിലുള്ള പൂർവ്വ വിദ്യാർത്ഥികൾ അവശ്യവസ്തുക്കൾ വാങ്ങിക്കാനുള്ള പണം നേരിട്ടും എക്കൗണ്ട് വഴിയും എത്തിച്ചു കൊണ്ടിരിക്കുന്നു. 

പ്രവർത്തനം തുടങ്ങിയ ദിവസം തന്നെ എൻ.എസ്.എസ് വളണ്ടിയർമാരും, സ്കൗട്ട് ട്രൂപ്പ് അംഗങ്ങളും കോക്കല്ലൂർ സ്കൂളിന്റെ സമീപത്തെ വീടുകളിലും കടകളിലുമെത്തി സാധനങ്ങളും പണവും സമാഹരിച്ചു. ഒന്നാം ദിവസം തന്നെ തുരുത്തിയാട് സാന്ത്വനം ദുരിതാശ്വാസ ക്യാമ്പിലേക്ക് അത്യാവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു. വയനാട് മേപ്പാടിയിലെ ദുരിതബാധിതർക്ക് സാധനങ്ങൾ എത്തിക്കുന്ന വാഹനത്തിൽ ഭക്ഷ്യസാധനങ്ങളും, വസ്ത്രങ്ങളും, അവശ്യമരുന്നുകളും സ്കൂളിൽ നിന്ന് കൈമാറി. 

വിവിധ സാധനങ്ങളുമായി ബാലുശ്ശേരി ഗോകുലം കോളജും, പൂനൂരിലെ ഒരു സന്നദ്ധ സംഘടനയും സ്കൂളിൽ എത്തി ഈ സംരംഭത്തിൽ പങ്കാളികളായി.  പ്രിൻസിപ്പാൾ എം.കെ.ഗണേശൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സതീശൻ.കെ.കെ, സ്കൗട്ട് മാസ്റ്റർ മുഹമ്മദ്.സി, സ്കൂൾ വികസന സമിതി കൺവീനർ പി.പ്രമോദ്, ശശികുമാർ, ഇക്കോസ് പ്രവർത്തകരായ രാജേഷ്, മുഷ്താഖ്, ഇമ, പ്രബീഷ്, ജിഷ്ണു, സായന്ത്, സഞ്ജയ്ഹരി, ശരണ്യ, അനില ഉണ്ണികൃഷ്ണൻ, അമലു, നിധിൻ കെ, അസീം അലി അഹ്മദ്, അഭിരാം, വിഷ്ണു, പ്രണവ്, എൻ.എസ്.എസ് ലീഡർമാരായ ഇഷ, സാനന്ത്, സ്കൗട്ട് ട്രൂപ്പ് ലീഡർ ആദിത്യാനന്ദ്, അസിസ്റ്റന്റ് ട്രൂപ്പ് ലീഡർ സരിത്ത് എന്നിവർ നേതൃത്വം നൽകി. 

കഴിഞ്ഞ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്, മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യസാധനങ്ങളും, ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളും, മരുന്നുകളും എത്തിച്ചു കൊണ്ട് മാതൃകാ സേവനം നടത്തിയ കൂട്ടായ്മയാണ് ഇത്തവണയും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്.
Previous Post Next Post
3/TECH/col-right