പുത്തുമല: മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബങ്ങള്‍, ഡിഎന്‍എ പരിശോധന നടത്തും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 19 August 2019

പുത്തുമല: മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബങ്ങള്‍, ഡിഎന്‍എ പരിശോധന നടത്തും

കല്‍പറ്റ: വയനാട്ടില പുത്തുമല ദുരന്തമേഖലയില്‍ നിന്നും കണ്ടെത്തിയ മൃതദേഹത്തിന് മേല്‍ അവകാശവാദമുന്നയിച്ച് രണ്ട് കുടുംബങ്ങള്‍ രംഗത്ത് എത്തിയതോടെ ഡിഎന്‍എ പരിശോധന നടത്തി ആളെ തിരിച്ചറിയാന്‍ അധികൃതര്‍ തീരുമാനിച്ചു.ദുരന്തം നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തുള്ള പാറക്കെട്ടിന് സമീപത്ത് നിന്നാണ് ഞായറാഴ്ച ഒരു മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം എന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
  
കാണാതായവരുടെ പട്ടികയിലുള്ള അണ്ണയ്യ എന്നയാളാണ് ഇതെന്ന് അവകാശപ്പെട്ടു കൊണ്ട് പിന്നീട് ഇയാളുടെ ബന്ധുക്കള്‍ രംഗത്തു വന്നു. ഇത് അംഗീകരിച്ച് അധികൃതര്‍ മൃതദേഹം ഇവര്‍ക്ക് വിട്ടുകൊടുത്തു. ഇതിനു ശേഷമാണ് പൊള്ളാച്ചി സ്വദേശിയായ ഗൗരീശങ്കര്‍ എന്നയാളുടെ കുടുംബം സംശയവുമായി രംഗത്തുവന്നത്. 

ഇതേ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ അധികൃതര്‍ പ്രശ്നത്തില്‍ ഇടപെടുകയും മൃതദേഹം അണ്ണയ്യയുടെ ബന്ധുക്കളില്‍ നിന്നും തിരികെ വാങ്ങി  സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. 
മൃതദേഹത്തില്‍ നിന്നും അണ്ണയ്യയുടേയും ഗൗരീശങ്കറിന്‍റേയും ബന്ധുക്കളില്‍ നിന്നും ഡിഎന്‍ സംപിളുകള്‍ ശേഖരിച്ച് ഇന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം ഫലം വന്ന ശേഷം മൃതദേഹം യഥാര്‍ത്ഥ അവകാശികള്‍ക്ക് വിട്ടു കൊടുക്കാനാണ് തീരുമാനം. 

പുത്തുമലയില്‍ പ്രധാനമായും ദുരന്തമുണ്ടായത് പാഡികളും പള്ളിയും അമ്പലവും ക്ഷേത്രവും നിലനിന്ന സ്ഥലത്താണ്. എന്നാല്‍ കഴിഞ്ഞ് ആറ് ദിവസമായി ഇവിടെ നടക്കുന്ന തെരച്ചിലില്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഒന്നരക്കിലോമീറ്റര്‍ അകലെ സൂചിപ്പാറയിലെ പാറക്കെട്ടുകള്‍ക്ക് ഇടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടവര്‍ അക്കാര്യം രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു. 

ദിവസങ്ങളായി വെള്ളത്തില്‍ കിടന്നതിനാല്‍ അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇതാണ്  ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. എന്തായാലും മൃതദേഹം കണ്ടെത്തിയതോടെ  വീടുകൾ തകർന്ന ഭാഗത്ത് നിന്നും വെള്ളച്ചാട്ടത്തിനടുത്തേക്കും തെരച്ചിൽ ഇനി വ്യാപിപ്പിക്കും. ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകൾ അടക്കം വരുന്ന മുറയ്ക്ക് ഈ ഭാഗത്ത് ഉപയോഗിക്കും. ഇന്നൊരു മൃതദേഹം കൂടി കിട്ടിയതോടെ പുത്തുമല ദുരന്തത്തിലെ മരണ സംഖ്യ  11 ആയി. ഇനിയും ആറ് പേരെ കൂടി കണ്ടെത്താനുണ്ട്.

കവളപ്പാറ ദുരന്തം;തിരച്ചില്‍ തുടരുന്നു

മലപ്പുറം: വൻ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ നിന്ന് ഇന്നലെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി.  ഇതോടെ കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയവരുടെ എണ്ണം 44 ആയി. 15 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. 

ഹൈദരാബാദിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ സംവിധാനം കരിപ്പൂരിൽ എത്തിച്ചത്.

ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിലൂടെ മൃതദേഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനാകും എന്ന് ഹൈദരാബാദിൽ നിന്ന് എത്തിയ ശാസ്ത്രജ്ഞർ പറഞ്ഞു. 
ചെളിയും വെള്ളവും നിറഞ്ഞ പ്രദേശങ്ങളിൽ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിന് പരിമിതിയുണ്ട്. എങ്കിലും മണ്ണിനടിയിലെ പ്രതലം ചിത്രീകരിക്കാൻ റഡാറിനാകും. പരമാവധി ശ്രമം നടത്തുമെന്ന് സംഘത്തിലെ ശാസ്ത്രജ്ഞൻ ഡോ. രത്നാകർ പറഞ്ഞു.

നരസിപ്പുഴ കരകവിഞ്ഞൊഴുകുന്നു: നടവയലില്‍ 20 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: സുൽത്താൻ ബത്തേരി താലൂക്കിൽ നടവയൽ ചിങ്ങോട് മേഖലയിൽ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. രാത്രിയോടെ പുഴയോരത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ നിരവധി പേരെ വീണ്ടും ക്യാംപുകളിലേക്ക് മാറ്റി.  

പേരൂർ അമ്പലകോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 20 വീട്ടുകാരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്നാവാം ജലനിരപ്പ് ഉയര്‍ന്നത് എന്നാണ് സംശയിക്കുന്നത്. രാത്രിയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പ്രദേശവാസികളെല്ലാം ജാഗ്രതയിലാണ്.

No comments:

Post a Comment

Post Bottom Ad

Nature