പെരുമഴ തുടരുന്നു; 11 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍റെ പ്രളയ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയത്.

പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷന്‍റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് അറിയിച്ചു.

അതി തീവ്ര മഴയുടെ സാഹചര്യത്തിൽ നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ (cwc) മുന്നറിയിപ്പ് നൽകുന്നു. നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കുണമെന്നും അധികൃതര്‍ അറിയിച്ചു.


മേപ്പാടി ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചു

വയനാട്: കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചു. നാളെ രാവിലെ ആറ് മണിമുതൽ മാത്രമേ രക്ഷാപ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുള്ളുവെന്ന് ജില്ലാഭരണകൂടം അറിയിച്ചു. പ്രതികൂല കാലാവസ്ഥയും ശക്തമായ മണ്ണിടിച്ചലുമാണ് രക്ഷാപ്രവർത്തനം നിർത്തിവയ്ക്കുന്നതിനുള്ള കാരണം.

 മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന സമയത്ത് തുടർച്ചയായി മണ്ണ് ഇടിയുന്ന അവസ്ഥയാണ് ഉണ്ടായത്. നിലവിൽ പത്ത് പേരെ രക്ഷിച്ച് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, മേപ്പാടിയിൽ മഴ ശക്തമായി തുടരുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മേപ്പാടിക്കടുത്ത് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്.

പുത്തുമലയ്ക്ക് താഴെയുള്ള എഴുപതോളം വീടുകൾ മണ്ണിനടിയിൽപ്പെട്ടതായി നാട്ടുകാർ പറയുന്നുണ്ട്.  എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും ഔദ്യോഗികമായി വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.
ഇന്നലെ രാത്രി പത്ത് മണിയോടുകൂടി  പുത്തുമല, പച്ചക്കാട് എന്നീ പ്രദേശങ്ങളിൽ ചെറിയതോതിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. പിന്നീട് രാവിലെയോടെ ഉരുൾപൊട്ടൽ രൂക്ഷമാകുകയായിരുന്നു.

പുത്തുമലയിലെ രണ്ട് പാഡികള്‍ (തൊഴിലാളികള്‍ താമസിക്കുന്ന ലയം), ഒരു അമ്പലം, പള്ളി, ഒരു ക്യാന്‍റീന്‍ എന്നിവ ഉൾപൊട്ടലിൽ പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ ആളുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി ബന്ധം ഇല്ലാതിരുന്ന ഈ മേഖലയില്‍ മൊബൈല്‍ നെറ്റ്‍വര്‍ക്കുകളും തകരാറിലായിരുന്നു.

ഇതോടെ സംഭവം പുറത്തറിയാന്‍ വൈകി. അപകടത്തിന്റെ ദൃശ്യങ്ങൾ ഒരു പഞ്ചായത്ത് മെമ്പർ പുറത്ത് വിട്ടതോടെയാണ് സംഭവത്തിന്‍റെ ഗുരുതരാവസ്ഥ പുറംലോകം അറിയുന്നത്. സംഭവങ്ങളുടെ ദൃക്സാക്ഷിയായെ ഇയാളെ പിന്നീട് ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. 

പഴയ മൂന്നാര്‍ വെള്ളത്തിനടിയില്‍; ഇടുക്കിയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകം

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയില്‍ പലയിടത്തും ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.  മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വന്‍തോതില്‍ കൃഷിനാശവുമുണ്ടായി. 

കട്ടപ്പന, മാങ്കുളം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി.  മാങ്കുളത്ത് രണ്ട് വീടുകള്‍ തകര്‍ന്നു. കട്ടപ്പനയില്‍ ഒരു വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കട്ടപ്പനയിലുണ്ടായ ഉരുൾപ്പൊട്ടലില്‍ തലനാരിഴക്കാണ് ആളപായം ഒഴിവായത്. പെരിഞ്ചാങ്കുറ്റിയില്‍ ഉരുള്‍പൊട്ടലില്‍ കൃഷി നാശമുണ്ടായി. 

വണ്ടിപ്പെരിയാറിലും ഏലപ്പാറയിലും നൂറോളം വീടുകളിൽ വെള്ളം കയറി. ചെറുതോണിയില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 
ഹൈറേഞ്ച് മേഖലയിലും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായി. ദേവികുളത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 194 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. പീരുമേട്ടില്‍ 174 മില്ലി മീറ്റര്‍ മഴ പെയ്തു. ചെറുതോണി-നേര്യമംഗലം സംസ്ഥാനപാതയില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. 

മഴയെത്തുടര്‍ന്ന് മൂന്നാറിലെ താഴ്ന്ന മേഖലകളെല്ലാം വെള്ളത്തിനടിയിലായി. പഴയ മൂന്നാറിലെ അമ്പതോളം വീടുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ പ്രളയത്തിൽ തകര്‍ന്ന് താൽകാലികമായി പുനര്‍നിര്‍മ്മിച്ച പെരിയവര പാലം തകര്‍ന്നു. മറയൂര്‍ മേഖല പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. മൂന്നാര്‍ ഉദുമൽപേട്ട് റോഡിൽ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട നിലയിലാണ്. 

മുതിരപ്പുഴയാര്‍ നിറഞ്ഞൊഴുകുകയാണ്. കഴിഞ്ഞ തവണയും മുതിരപ്പുഴയാറിൽ ക്രമാതീതമായി ഉയര്‍ന്നതാണ് പ്രളയത്തിനും വ്യാപക നാശനഷ്ടത്തിനും ഇടയാക്കിയത്. അതുകൊണ്ടുതന്നെ ആളുകൾ പരിഭ്രാന്തിയിലാണ്.

മലപ്പുറത്തെ മലയോരമേഖലയിൽ വൻനാശം: നിലമ്പൂര്‍ ഒറ്റപ്പെട്ട നിലയില്‍

മലപ്പുറം: തുടര്‍ച്ചയായി ശക്തമായ മഴ പെയ്തതോടെ മലപ്പുറത്തിന്‍റെ മലയോരമേഖലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയില്‍. ഇപ്പോഴും ഇടവിട്ടുള്ള മഴയും ശക്തമായ കാറ്റും ജില്ലയില്‍ അനുഭവപ്പെടുന്നുണ്ട്. ചുറ്റുപാടും വെള്ളം കയറുകയും റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങുകയും ചെയ്തതോടെ നിലമ്പൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. 

കോഴിക്കോട്- ഗൂഢലൂല്‍ പാതയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഈ വഴിയിലൂടെ ഇപ്പോള്‍ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. നിലമ്പൂര്‍ ജനതാപടി ജംഗ്ഷനില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളം കയറി. മേഖലയിലെ ആയിരക്കണക്കിന് വീടുകളും കടകളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിലുണ്ടായതിലും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഇക്കുറിയുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു

നാടുകാണി ചുരത്തില്‍ മണ്ണിടഞ്ഞതോടെ രണ്ട് അന്തര്‍സംസ്ഥാന പാതകളും രണ്ട് ചെക്ക് പോസ്റ്റുകളും അടച്ചിട്ടിരുകയാണ്. നാടുകാണിച്ചുരത്തിൽ ശക്തമായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വഴിക്കടവ് എസ്ഐയും അടക്കമുള്ള പൊലീസുകാര്‍ സഞ്ചരിച്ച ജീപ്പും കൂടാതെ  പത്തിലധികം കുടുംബങ്ങളും നാടുകാണി ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. 

നിലമ്പൂര്‍ ഭാഗത്തേക്ക് യാതൊരു കാരണവശാലും ആളുകള്‍ വരരുതെന്നും പ്രദേശവാസികള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. രാവിലെ നിലമ്പൂരിലെത്തിയ കളക്ടര്‍ ദുരന്തനിവാരണസമിതിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. 

നിലമ്പൂരില്‍ അ‍ഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. കൂടുതല്‍ ദുരിതാശ്വാസക്യാംപുകള്‍ തുറക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദേശീയദുരന്തനിവാരണസേനയുടെ ഒരു യൂണിറ്റും നിലമ്പൂരില്‍ ക്യാംപ് ചെയ്യുന്നത്. കരുളായി വനമേഖലയില്‍ അടക്കം താമസിക്കുന്നവരെ നേരത്തെ മാറ്റിപാര്‍പ്പിച്ചതിനാല്‍ കൂടുതല്‍ അത്യാഹിതം ഒഴിവായി.

പെരിന്തൽമണ്ണ മണ്ണാർമലയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ്  രണ്ട് പേർക്ക് പരിക്ക്. തിരൂർ ആലത്തൂരിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്കു മുകളിൽ തെങ്ങ് കടപുഴകി വീണു ഒരു ഓട്ടോറിക്ഷ തകർന്നു. മലപ്പുറം മൂത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്ത് ഭാഗത്ത് 14 കുടുംബങ്ങൾ ചുറ്റും വെള്ളം കയറി ഒറ്റപ്പെട്ട്  കിടക്കുകയാണ്.
  
കനത്ത മഴ; അടിയന്തരസാഹചര്യം നേരിടാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാല്‍ ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന്  ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. വെളളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും അടിയന്തര സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും പൊലീസ് രംഗത്തുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മഴയിലും കാറ്റിലും റോഡിലേക്ക് ഒടിഞ്ഞു വീഴുന്ന മരങ്ങളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് വാഹനഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും പുന:സ്ഥാപിക്കുന്നതിന് പൊലീസ് എല്ലാ സഹായവും നൽകും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി,  ജില്ലാ ഭരണകൂടങ്ങൾ എന്നിവയോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നതിനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി ഇന്ന് രാവിലെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. മൂന്നാറിലും നിലമ്പൂരിലും എൻഡിആര്‍എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ ഇപ്പോൾ തന്നെ സജീവമാണ്. 

പത്ത് യൂണിറ്റിനെ കൂടി സംസ്ഥാന വ്യാപകമായി വിന്യസിക്കാനാണ് തീരുമാനം. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ  ഓഫീസ് അറിയിച്ചിട്ടുണ്ട്. 
0 Comments