Trending

വീണ്ടുമൊരു ആഗസ്റ്റ്‌ 8 ആവർത്തിക്കുമോ?

കഴിഞ്ഞ വർഷം ആഗസ്റ്റ്‌ എട്ടിനായിരുന്നു കനത്ത മഴയിൽ ഉരുൾപൊട്ടലിനെ തുടർന്ന് നമ്മുടെ ഗ്രാമപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയത്‌. അത്‌ ഈവർഷവും ആവർത്തിക്കുമെന്ന ഭീതിയിലാണ് താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ.

ഇന്നലെ ഉച്ചക്ക് ചേന്ദമംഗല്ലൂർ പുൽപറമ്പ്‌ അങ്ങാടിയിലുള്ള കടകളും വൈകുന്നേരത്തോടുകൂടി ചെറുവാടിയിലേയും കടകളും ഒഴിപ്പിച്ചു. ചുള്ളിക്കാപറമ്പിൽ നിന്നും ചെറുവാടിയിലേക്കുള്ള റോഡ്‌ പൂർണ്ണമായി വെള്ളത്തിലായി.

ഇരുവഴിഞ്ഞിപ്പുഴയിലെ  മിക്കയിടങ്ങളിലും വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായി കൊണ്ടിരിക്കുന്നു.

പുഴയോരവാസികൾ കൂടുതൽ ജാഗ്രത പുലർത്തർണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അപകടരമെന്ന് തോന്നുന്നിടത്ത് നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ശ്രമിക്കനമെന്നും അഭ്യൂഹങ്ങൾക്ക് ഇടം നൽകാതെ വിശ്വസനീയമായ വാർത്തകൾ മാത്രം പുറത്തുവിടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.



ദുരിതം ഉരുൾപൊട്ടിയൊഴുകിയ 7 വർഷങ്ങൾ
 

പുല്ലൂരാംപാറ മേഖലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട് ആനക്കാംപൊയിലിലെ താൽക്കാലിക ക്യാംപിൽ കഴിഞ്ഞ 7 വർഷമായി കഴിയുന്നത് 13 കുടുംബങ്ങൾ.

തിരുവമ്പാടി 8 പേരുടെ മരണത്തിനിടയായ ഉരുൾപൊട്ടലിന്റെ  നടുക്കം 7 വർഷം  പിന്നിടുമ്പോഴും പുല്ലൂരാംപാറയിലെയും പരിസരങ്ങളിലെയും ജനങ്ങളുടെ മനസ്സിലുണ്ട്. വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങൾ ഇപ്പോഴും ആനക്കാംപൊയിലിലെ താൽക്കാലിക ക്യാംപിലാണ്.2012 ഓഗസ്റ്റ് ആറിനു വൈകിട്ടാണു നാടിനെ നടുക്കിയ വലുതും ചെറുതുമായ 16 ഉരുൾപൊട്ടലുകൾ ഉണ്ടായത്. 


ആനക്കാംപൊയിൽ ഒരു കുടുംബത്തിലെ 5 ആളുകളും ചെറുശ്ശേരിയിൽ ഒരു കുട്ടിയും കോടഞ്ചേരി പഞ്ചായത്ത് അതിർത്തിയിൽ 2 പേരും അന്നു മരിച്ചിരുന്നു. ഉരുൾപൊട്ടലിന്റെ  സംഗമവേദിയായ മാവിൻചോട്ടിൽ  ഇപ്പോഴും പല വീടുകളും ജീർണാവസ്ഥയിൽ അനാഥമായി കിടക്കുന്നു.
അന്നു വീട് നഷ്ടപ്പെട്ട 23 കുടുംബങ്ങളാണ് ആനക്കാംപൊയിലിലുള്ള താൽക്കാലിക ക്യാംപിലേക്കു മാറിയത്. 


ഒരു മാസം കൊണ്ടു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിർമിച്ച ഒറ്റ മുറി ഷെഡ് ആയിരുന്നു താൽക്കാലിക ക്യാംപ്. പിന്നീട് 9 കുടുംബങ്ങൾക്കു താമരശ്ശേരി രൂപതയുടെ കീഴിലുള്ള സാമൂഹിക സന്നദ്ധസംഘടനയായ സിഒഡിയുടെ നേതൃത്വത്തിൽ വീടുകൾ നിർമിച്ചു നൽകി. 3 കുടുംബങ്ങൾക്കു മറ്റു സന്നദ്ധ സംഘടനകൾ വീടുകൾ നിർമിച്ചു നൽകി. അപകടഭീഷണിയുള്ള വീട് ഉപേക്ഷിച്ചെത്തിയ കുടുംബം ഉൾപ്പെടെ 13 കുടുംബങ്ങൾ ഇപ്പോഴും താൽക്കാലിക ക്യാംപിൽ കഴിയുന്നു. 

11 കുടുംബങ്ങൾക്ക് അരിപ്പാറയിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി വീടു വയ്ക്കാൻ സ്ഥലം വാങ്ങി നൽകി. ആദ്യഘട്ടമായി ഒരു ലക്ഷം രൂപ അനുവദിച്ചു. എന്നാൽ നിർമാണം ഇപ്പോഴും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ലൈഫ് ഭവന പദ്ധതിയിൽ 2 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. എന്നാൽ അവസാനഘട്ട ഫണ്ട് ലഭ്യമായിട്ടില്ല.താൽക്കാലിക ക്യാംപിൽ 7 വർഷത്തിനുള്ളിൽ 2 മരണങ്ങളും 8 വിവാഹങ്ങളും നടന്നു. 9 കുട്ടികൾ ഈ ക്യാംപിൽ ജനിച്ചു.


ഏറെ പരാധീനതകളുടെ നടുവിൽ ക്യാംപിൽ കഴിയുന്നവരുടെ ജീവിതം മുന്നോട്ടു പോകുകയാണ്. ഒരു വർഷത്തെ കാലാവധിയിൽ താൽക്കാലിക ക്യാംപ് നിർമിക്കാൻ സ്ഥലം വിട്ടു നൽകിയ ആളും ദുരിതത്തിലാണ്. 7 വർഷമായിട്ടും തറവാടക പോലും ലഭിക്കുന്നില്ല. പഞ്ചായത്തിലും സംസ്ഥാനത്തും ഭരണം മാറിമാറി വന്നിട്ടും ദുരിതങ്ങളിൽ നിന്നു മോചനം ഇല്ലാതെ ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമകളിൽ ഇവർ കഴിയുന്നു.


റെഡ്, ഓറഞ്ച് അലെര്‍ട്ട്; കോഴിക്കോട് ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുകയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് 8-ന് റെഡ് അലേര്‍ട്ടും ആഗസ്റ്റ് 9-ന് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം  മുന്‍കരുതല്‍ ശക്തമാക്കി. 


കോഴിക്കോട് ജില്ലയിലെ കെ.എ.പി ബറ്റാലിയന്‍ ഉള്‍പ്പെടെ മുഴുവന്‍ പോലീസ് സേനയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, കെ.എസി.ഇ.ബി, പി.ഡബ്ലു.ഡി തുടങ്ങിയ വകുപ്പുകളും സജ്ജമാണ്. 

താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശികമായി കൃത്യമായ ഇടവേളകളില്‍ മഴയും കാറ്റും സംബന്ധിച്ചും അപകടങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നു.
Previous Post Next Post
3/TECH/col-right