Trending

മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടല്‍:നിരവധി പേരെ കാണാതായതായി

വയനാട്: കനത്ത മഴയ്ക്കിടെ വയനാട് മേപ്പാടിയില്‍ വന്‍ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സൂചന. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു.



രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ സ്ഥലത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടിലെത്തിയ സൈന്യത്തിനും ദുരന്തനിവാരണസേനയ്ക്കും വിവരം നല്‍കിയതായും അവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. കിട്ടാവുന്ന വഴിയിലൂടെ സംഭവസ്ഥലത്ത് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. ഒരു അമ്പലവും പള്ളിയും നിന്ന പ്രദേശം ഒന്നാകെ ഒലിച്ചു പോയെന്നാണ് മനസ്സിലാവുന്നത്. ഈ പരിസരത്ത് നിന്നവരെല്ലാം ഒലിച്ചു പോയെന്നും പറയുന്നു. 16-ഓളം പേര്‍ പുത്തുമലയിലെ രണ്ട് പാഡികളിലായി കഴിയുന്നുണ്ടെന്നും ഇവരെ കുറിച്ച് ഒരു വിവരമില്ലെന്നും പ്രദേശത്തുള്ള ചിലര്‍ നേരത്തെ അറിയിച്ചിരുന്നു.

മുത്തുമലയിലെ രണ്ട് പാഡികള്‍ (തൊഴിലാളികള്‍ താമസിക്കുന്ന ലയം), ഒരു അമ്പലം, പള്ളി, ഒരു ക്യാന്‍റീന്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് മുകളില്‍ ആകെ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി എന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞു. അവിടേക്ക് പോകാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രധാനപ്രശ്നം.



അങ്ങോട്ട് എങ്ങനെയും എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയെ വിളിച്ച് സൈന്യത്തിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്തുള്ളവരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുത്തുമലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നെല്ലാം ഇന്നലെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സ്ഥലം പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ അവിടെ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹത്തിന് ഇങ്ങോട്ട് വരാനോ തങ്ങള്‍ക്ക് അവിടേക്ക് എത്തിച്ചേരാനോ സാധിക്കുന്നില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പുത്തുമല ഉരുള്‍പൊട്ടല്‍;പത്തോളം പേരെ മേപ്പാടി വിംസ് ഹോസ്പിറ്റലില്‍ എത്തിച്ചു.


റോയ് തോമസ്(44),ശിവ(33),സത്യ പ്രകാശ്(27),തങ്കരാജ്(70),സുമിത്ര(54),ഷൗക്കത്ത്(39),ഗണേഷ് പ്രഭു(27),സരോജിനി(58),മുനീറ(37),ജലീല്‍(34) എന്നിവരെയാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Previous Post Next Post
3/TECH/col-right