മുക്കം:കഴിഞ്ഞവർഷത്തെ മഹാപ്രളയത്തിന്റെ നടുക്കുന്ന ഓർമകൾ ഉണർത്തി വീണ്ടും മഴ കനത്തുതുടങ്ങി. ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും ഭീതിയിൽ മല അടിവാരങ്ങളിലേയും പുഴയോരങ്ങളിലേയും കുടുംബങ്ങൾക്ക് രാത്രികൾ ഉറക്കമില്ലാത്തതുമായി. 

കഴിഞ്ഞ കാലങ്ങളിലൊക്കെ കൂടുതൽ പ്രകൃതിദുരന്തങ്ങളും വെള്ളപ്പൊക്കവും രാത്രികാലങ്ങളിലായിരുന്നു ഉണ്ടായതെന്നതും,രാത്രി വെള്ളം കയറിയാൽ അറിയാൻ വൈകുമെന്നതും ഭീതി വർധിക്കാൻ കാരണം.


ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും നിറഞ്ഞ് ഒഴുകുകയാണ്. താഴ്ന്നപ്രദേശങ്ങളിലേക്ക്‌ വെള്ളം കയറിത്തുടങ്ങി. കാരമൂല വല്ലത്തായിയിൽ ചെറുപുഴയുടെ വെന്റ് പൈപ്പ് പാലം വെള്ളത്തിനടിയിലായി. നല്ലവളവിൽ സ്ഥിതിചെയ്യുന്ന വീതികുറഞ്ഞ പാലത്തിന് കൈവരികളില്ലാത്തത് അപായഭീഷണിയാണ്. കൊച്ചുകുട്ടികളടക്കം കാൽനടക്കാർ ഇതുവഴി ധാരാളമുണ്ട്. 

കഴിഞ്ഞവർഷം പാലം വെള്ളംമൂടിക്കിടന്നപ്പോൾ അതുവഴി വന്ന ലോറിയുടെ മുൻഭാഗം പാലത്തിനുപുറത്ത് പുഴയിലേക്ക് പോയിരുന്നു.
ആനക്കാംപൊയിൽ കരിമ്പ്, മുത്തപ്പൻപുഴ, അകംപുഴ, മാവാതുക്കൽ, കക്കാടംപൊയിൽ, പൂവാറൻതോട്, ചുണ്ടത്തുംപൊയിൽ, കൂമ്പാറ, കൊളക്കാടൻ മല, മൈസൂരുമല എന്നിവിടങ്ങളിലൊക്കെയാണ് കഴിഞ്ഞവർഷം ഉരുൾപൊട്ടലുകൾ ഉണ്ടായത്.കാരശ്ശേരി പഞ്ചായത്തിൽമാത്രം ഒറ്റരാത്രിയിൽ 25-ഓളം ഉരുൾപൊട്ടലുകളുണ്ടായിരുന്നു. 


മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ്, അഗ്നിരക്ഷാസേന, യുവജന-സന്നദ്ധ കൂട്ടായ്മകൾ എന്നിവയൊക്കെ രാത്രിയിലും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ദുരന്തങ്ങളോ വെള്ളപ്പൊക്കമോ ഉണ്ടായാൽ വാട്സാപ്പ് വഴി വിവരങ്ങൾ മിക്കതും എല്ലാ കുടുംബങ്ങൾക്കുവരെ ലഭിക്കാൻ സംവിധാനമുണ്ട്.