Trending

പെരുമഴ തുടരുന്നു; കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്, കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാസർകോട് ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കാസര്‍കോട് അതിശക്തമായ മഴയാണ്. അരുവിക്കര ഡാം ഷട്ടർ തുറന്നു. ഫോർട്ട് കൊച്ചി കടപ്പുറത്ത് ഒരാളെ കാണാതായി. 

വിഴിഞ്ഞത്തു നിന്നും കടലില്‍ കാണാതായ നാലു മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയായിരുന്നു. ശക്തമായ തിരയില്‍ ബോട്ടിന്റെ യന്ത്രം തകരാറിലായതോടെയാണ് ഇവര്‍ കടലില്‍ അകപ്പെട്ടത്. 

കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഓഖി സമയത്ത് ഇങ്ങനെ ചെയ്തപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കുറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു.അടിയന്തര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോടും കനത്ത മഴ പെയ്യാനിടയുണ്ട്. കൊല്ലം മുതൽ തൃശ്ശൂർ വരെ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും വെള്ളം കയറി. 

കേരള തീരത്ത് 50 കിലോമീറ്റർ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശും. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. നാളെ അർധരാത്രി വരെ പൊഴിയൂർ മുതൽ കാസർഗോഡ് തീരത്ത് വരെ 3.5 മീറ്റർ മുതൽ 4.3 മീറ്റർ ഉയരത്തിൽ തിരയുണ്ടാകാൻ സാധ്യതയുണ്ട്. 

വിഴിഞ്ഞത്തു നിന്നും നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റര്‍ കടലിൽ നീരീക്ഷണം നടത്തുന്നുണ്ട്. നാവികസേനയുടെ സഹായവും തേടി.

കോഴിക്കോട്ടെ ചെറുവണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരന്‍ മരിച്ചു. അതുൽ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മാങ്കുനിത്തോട് കര കവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതോടെയാണ് നല്ലളം യു പി സ്കൂളിൽ ക്യാമ്പ് തുറന്നത്. 

ജില്ലയിൽ ചിലയിടങ്ങളിൽ ഇപ്പോഴും ഇട റോഡുകളും താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കോഴിക്കോട്ടെ നാല് താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 

കഴിഞ്ഞ ദിവസം 14.6 സെന്റിമീറ്റര്‍ മഴയാണ് കോഴിക്കോട് നഗരത്തില്‍ ലഭിച്ചത്. ജലനിരപ്പ് ഉയർന്നത്തോടെ പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകള്‍ കഴിഞ്ഞ ദിവസം രാത്രി തുറന്നു. മലയോര മേഖലയും തീരപ്രദേശവും ജാഗ്രതയിലാണ്.
Previous Post Next Post
3/TECH/col-right