ഒരു രാത്രി കൊണ്ട് മലയാളിയെ ശപിച്ച ജുമാഖാനു തുണയായതും മലയാളി തന്നെ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 13 July 2019

ഒരു രാത്രി കൊണ്ട് മലയാളിയെ ശപിച്ച ജുമാഖാനു തുണയായതും മലയാളി തന്നെ

ചെറുവത്തൂര്‍: ഒരു രാത്രിയില്‍ മലയാളമണ്ണിനെ മനസ് കൊണ്ട് ശപിച്ചിരുന്നു ജുമാഖാന്‍ എന്ന ഉത്തരാഖഡ്ഡുകാരനായ ലോറി ഡ്രൈവര്‍. എന്നാല്‍ ഒരു പകല്‍ കൊണ്ട് മലയാളി മനസുകളുടെ നന്മയറിഞ്ഞു അദ്ദേഹം. രണ്ടുലക്ഷം രൂപയുടെ കടം വീട്ടാതെ വീട്ടി ജുമാഖാന്‍ യാത്രതുടര്‍ന്നു. 


എറണാകുളത്തേക്ക് പുതിയ ലോറിയുടെ ചെയ്സുമായി ഉത്തരാഖഡ്ഡില്‍ നിന്നും പത്തുദിവസം മുന്‍പ് പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. കനത്ത മഴ കാരണം യാത്ര തുടരാനാകാതെ വന്നപ്പോള്‍ കാസര്‍കോട് പിലിക്കോട് മട്ടലായി പെട്രോള്‍ പമ്പിന് മുന്നില്‍ വാഹനം നിര്‍ത്തിയിട്ട് അല്‍പമൊന്ന് മയങ്ങി.

അര്‍ധരാത്രിയില്‍ ഉറങ്ങി പുലര്‍ച്ചയോടെ എഴുന്നേറ്റപ്പോഴേക്കും ഡിസ്‌ക് ഉള്‍പ്പെടെ നാല് ടയറുകള്‍ മോഷ്ടാക്കള്‍ കൊണ്ട് പോയി. ഇതിന്റെ വില ഏതാണ്ട് രണ്ടു ലക്ഷത്തോളം വരും. കമ്പനിയില്‍ വിവരം അറിയിച്ചപ്പോള്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം താങ്കള്‍ക്ക് മാത്രമാണെന്ന മറുപടിയാണ് ലഭിച്ചത്.


ചെയ്സ് എറണാകുളത്ത് എത്തിച്ചാല്‍ കൂലിയായി കിട്ടുക 7500 രൂപ മാത്രം.
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ജുമാഖാന്റെ സങ്കടങ്ങള്‍ ‘സുപ്രഭാതം’ വാര്‍ത്തയായി. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചതോടെ അദ്ദേഹത്തെ സഹായിക്കാമെന്ന വാഗ്ദാനവുമായി നിരവധിപേരെത്തി.

സുപ്രഭാതം വാര്‍ത്ത വാട്‌സ് ആപ് വഴി കമ്പനി അധികൃതരിലേക്ക് അയച്ചു നല്‍കി. ഇദ്ദേഹത്തിന്റെ സങ്കടം മനസിലാക്കിയപ്പോള്‍ ടയറുകളുടെ വില താങ്കളില്‍ നിന്നും ഈടാക്കില്ലെന്ന മറുപടി ലഭിച്ചു.

ഇതോടെയാണ് മണിക്കൂറുകളോളം തീ തിന്ന ജുമാഖാന്റെ മനസ് ആശ്വാസതീരമണിഞ്ഞത്. കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു ചെയ്സുകളിലെ കരുതല്‍ ടയറുകള്‍ ഉറപ്പിച്ചു. പൊലീസ് സ്റ്റേഷനിലെ നടപടികള്‍ വേഗത്തിലാക്കാനും പ്രദേശത്തെ നന്മമനസുകള്‍ ഇടപെട്ടു. ഇന്നലെ സന്ധ്യയോടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ജുമാഖാന്‍ യാത്രതുടര്‍ന്നു. ടയറുകള്‍ മോഷണം പോയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ യായിരുന്നു; ”മറ്റൊരു സംസ്ഥാനമാണെങ്കിലും എത്ര ക്ഷീണമുണ്ടെങ്കിലും ഒന്ന് കണ്ണുചിമ്മുക പോലുമില്ല. കേരളമായത് കൊണ്ട് മറ്റൊന്നും സംഭവിക്കില്ലെന്ന ധൈര്യത്തില്‍ ഒന്ന് മയങ്ങി പോയി.
പക്ഷെ പ്രതീക്ഷകളെല്ലാം തെറ്റി”. എന്നാല്‍ യാത്ര തുടരാനൊരുങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു.കേരളം നന്മയുള്ള നാടാണ്. നന്മയില്ലാത്ത ചിലരുണ്ടെന്നു മാത്രം.


കേരളമായതുകൊണ്ട് ഒന്ന് മയങ്ങി, പക്ഷേ… ഉത്തരാഖണ്ഡ് സ്വദേശി ഒറ്റരാത്രികൊണ്ട് ‘രണ്ടു ലക്ഷം’ രൂപയുടെ കടക്കാരനായി
ചെറുവത്തൂര്‍ (കാസര്‍കോട്): ഉത്തരാഖഡ്ഡില്‍ നിന്നു പുതിയ ലോറിയുടെ ചെയ്‌സുമായി പുറപ്പെടുമ്പോള്‍ ജുമാഖാന്റെ മനസില്‍ പ്രതിഫലമായി ലഭിക്കുന്ന 7500 രൂപയുടെ സ്വപ്‌നങ്ങളായിരുന്നു. എന്നാല്‍ പ്രതീക്ഷകളെല്ലാം തകര്‍ന്ന്,ഒരു രാത്രികൊണ്ട് രണ്ടുലക്ഷം രൂപയുടെ കടക്കാരനായപ്പോള്‍ പൊട്ടിക്കരയുകയാണ് ഈ ഡ്രൈവര്‍.


കാസര്‍കോട് പിലിക്കോട് മട്ടലായി പെട്രോള്‍ പമ്പിന് മുന്നില്‍ വാഹനം നിര്‍ത്തിയിട്ട് അല്‍പമൊന്ന് മയങ്ങിപ്പോയതായിരുന്നു ഇദ്ദേഹം. എഴുന്നേറ്റപ്പോള്‍ ഡിസ്‌ക് ഉള്‍പ്പെടെ നാല് ടയറുകള്‍ മോഷ്ടാക്കള്‍ കൊണ്ട് പോയി. ഇതിന്റെ മതിപ്പ് വിലയാകട്ടെ രണ്ട് ലക്ഷവും. കണ്ണില്‍ ഇരുള്‍ നിറഞ്ഞു വാഹനത്തിന് മുകളില്‍ തന്നെ ഒരേ ഇരുപ്പായിരുന്നു ഇദ്ദേഹം.
പത്തുദിവസം മുന്‍പാണ്ഉത്തരാഖഡ്ഡില്‍ നിന്ന് എറണാകുളത്തേക്ക് മൂന്നുലോറികളുടെ ചെയ്‌സുകളുമായി മൂന്ന് ഡ്രൈവര്‍മാര്‍ യാത്ര പുറപ്പെട്ടത്. കഴിഞ്ഞദിവസം അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ മട്ടലായിയില്‍ എത്തിയപ്പോള്‍ കണ്ണുകാണാന്‍ പറ്റാത്ത വിധം ശക്തമായ മഴ. ചെയ്‌സ് റോഡരികില്‍ നിര്‍ത്തിയിട്ട് തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ കയറി നിന്നു. മഴ തോരാതെ വന്നപ്പോള്‍ അവിടെ തന്നെ മയങ്ങി.

എന്നാല്‍ പുലര്‍ച്ചെ നാലുമണിയോടെ ഉണര്‍ന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. എന്ത് ചെയ്യണമെന്നറിയാതെ ആദ്യം കമ്പനിയിലേക്ക് വിളിച്ചു കാര്യങ്ങള്‍ അറിയിച്ചു. എന്നാല്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം താങ്കള്‍ക്ക് മാത്രമാണെന്ന മറുപടിയാണ് ലഭിച്ചത്. പ്രദേശത്തെ ചിലരുടെ സഹായത്തോടെ ചന്തേര പൊലിസില്‍ വിവരമറിയിച്ചു. പൊലിസ് വന്നുപോയെന്ന് ജുമാഖാന്‍ പറഞ്ഞു.

ഭാഷപോലും വശമില്ലാത്ത നാട്ടില്‍ വരുന്നവരോടെല്ലാം സഹായിക്കണമെന്ന് ഹിന്ദിയില്‍ പറഞ്ഞുകൊണ്ടിരുന്നു.ഇടയ്ക്ക് പൊട്ടിക്കരഞ്ഞു. അപ്പോഴും അദ്ദേഹം പറഞ്ഞത് ഇങ്ങനെ; മറ്റൊരു സംസ്ഥാനമാണെങ്കിലും ഒന്ന് കണ്ണുചിമ്മുക പോലുമില്ല. കേരളമായത് കൊണ്ട് മറ്റൊന്നും സംഭവിക്കില്ലെന്ന ധൈര്യത്തില്‍ ഒന്ന് മയങ്ങി പോയി. 

പക്ഷെ പ്രതീക്ഷകളെല്ലാം തെറ്റി. വാഹനമോടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. സമ്പാദ്യമായി ഒന്നുമില്ല. ഇത്രയും തുക എങ്ങനെ ഉണ്ടാക്കുമെന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഇദ്ദേഹം.

No comments:

Post a Comment

Post Bottom Ad

Nature