Trending

വിമാന യാത്രയുടെ പേരിൽ പകൽ കൊള്ള

ഗൾഫിൽ വേനലവധി തുടങ്ങി.ഈ മാസം ചൂട് സർവകാലത്തേക്കും മുകളിൽ ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാരെ സംബന്ധിച്ചു നാട്ടിൽ മഴക്കാലം. കുട്ടികളെയും കൂട്ടി കുറച്ചുകാലം നാട്ടിൽ നിൽക്കാമെന്ന് എല്ലാ കുടുംബങ്ങളും ആഗ്രഹിക്കും. 


പക്ഷേ, സാധാരണക്കാർക്ക് താങ്ങാവുന്നതിലപ്പുറമാണ് വിമാന ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബം പോയി വരണമെങ്കിൽ കുറഞ്ഞത് 14000 ദിർഹം. ഇത് ടിക്കറ്റിനു മാത്രം. ഉറ്റവർക്കു സമ്മാനങ്ങൾ വാങ്ങാൻ ശരാശരി 10000 ദിർഹം. രണ്ട് മാസത്തെ ചെലവ് 15000. എല്ലാം കൂടി 40000 ലധികം വേണ്ടി വരും. വർഷം മുഴുവൻ കഠിനാദ്ധ്വാനം ചെയ്താൽ ഇത്രയധികം തുക കൈയിൽ ബാക്കിയാകുന്ന കുടുംബങ്ങൾ മലയാളികൾക്കിടയിൽ അഞ്ച് ശതമാനം പോലും വരില്ല. 

ആഗോള സാമ്പത്തിക മാന്ദ്യ കാലമാണ്. മിക്കവരും മുണ്ട് മുറുക്കിയുടുത്താണ് ജീവിക്കുന്നത്. യു എ ഇ യിൽ അടക്കം വാടക കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റു ചെലവുകൾ വർധിച്ചിട്ടുണ്ട്, പ്രധാനമായും വിദ്യഭ്യാസ ചെലവ്.. വിദ്യാലയങ്ങൾക്ക് മികവുള്ളതിനാലാണ് മിക്ക രക്ഷിതാക്കളും കുട്ടികളെ ഇവിടെ നിർത്തി പഠിപ്പിക്കുന്നത്. 

പലരും കുട്ടികളുടെ സാന്നിധ്യം സദാ ആഗ്രഹിക്കും. ഭാര്യയേയും കുട്ടികളെയും നാട്ടിൽ തനിച്ചാക്കാൻ മനസ് സമ്മതിക്കില്ല. അതുകൊണ്ട് കുടുംബം പുലർത്താൻ പലരും ബാങ്ക് വായ്പകളെ ആശ്രയിച്ചിട്ടുണ്ട്. ഇതിന്റെ പലിശ അടച്ചു തീർക്കാൻ തന്നെ പലരും പാടുപെടുന്നു. ഇത്രയൊക്കെ പ്രയാസപ്പെട്ടു എന്തിനു ഗൾഫ് എന്ന ചോദ്യം സ്വാഭാവികം. സുരക്ഷിതത്വ ബോധം പ്രധാന ഘടകമാണ്. 

ഇവിടെ ഏത് പാതിരാവിലും സ്ത്രീകൾക്കും ഒറ്റയ്ക്ക് ഇറങ്ങി നടക്കാം. പകർച്ച വ്യാധികളില്ല. ആൾക്കൂട്ട ആക്രമണങ്ങൾ ഇല്ല. സമുദായം തിരിച്ചു ചിലരെ രണ്ടാം തരം പൗരന്മാരായി കാണുന്നില്ല. നിക്ഷേപത്തിന് പാരവെപ്പില്ല. എന്നാലും, പച്ചപ്പ്, നഷ്ടസ്മൃതികൾ, ബന്ധങ്ങളുടെ ഈടുവെയ്പ്പ് എന്നിവ കൊണ്ട് നാട് മാടി വിളിക്കും. വല്ലപ്പോഴും പോകാൻ കഴിയണം. കൈയിൽ കുറച്ചു മിച്ചം വന്നാൽ ശിഷ്ട ജീവിതം നാട്ടിൽ തന്നെ ആക്കണം. 


ഇക്കാലത്തു കുറേ സൗകര്യങ്ങളുള്ള രാജ്യങ്ങൾ പൗരത്വം വാഗ്ദാനം ചെയ്തു രംഗത്തുണ്ട്. എന്നാലും ജന്മഭൂമി സ്വർഗത്തോളം ആകർഷകം. വിമാന ടിക്കറ്റ് കുറഞ്ഞു കിട്ടിയാൽ വേനലവധി നാട്ടിലാക്കാൻ തയാറുള്ള ആയിരക്കണിക്കിനാളുകൾ. വിദ്യാലയങ്ങൾ അടച്ചു ഒരാഴ്ച പിന്നിട്ടുവെങ്കിലും നിരക്ക് പഴയ പടി. അടുത്ത രണ്ടാഴ്ച ഇതേ നില തുടരും. എന്നാലും സെപ്റ്റംബറിൽ വിദ്യാലയങ്ങൾ പുനരാരംഭിക്കുന്ന നാളുകളിൽ തിരിച്ചെത്താൻ ടിക്കറ്റ് ലഭ്യമല്ല. വേനലവധിക്കാലത്തു ഗൾഫ് -കേരള യാത്രാ ദുരിതം എല്ലാ വർഷവും ഉണ്ടാകാറുണ്ട്. 

ഇത്തവണ പക്ഷേ രൂക്ഷം. ഇന്ത്യയിൽ പല നഗരങ്ങളിലേക്കും സർവീസ് നടത്തിയിരുന്ന ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തി. എയർ ഇന്ത്യക്കു പിന്നിൽ രണ്ടാമത്തെ വലിയ കാര്യർ ആണ്. 60 നഗരങ്ങളിലേക്ക് സർവീസ് ഉണ്ടായിരുന്നു. ഇതോടെ മറ്റു വിമാനക്കമ്പനികൾക്കു ചാകരയായി. നിരക്ക് കുത്തനെ ക്രമാതീതമായി വർധിപ്പിച്ചു. 

നിരക്ക് പിടിച്ചു നിർത്താൻ ഇടപെടണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം,പതിവില്ലാതെ കൈയൊഴിഞ്ഞു. ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് കേന്ദ്രം ഭരിക്കുന്നവർ മനസ്സിലാക്കിയിട്ടുണ്ട്. ഇന്ധന വില കുത്തനെ കൂടിയിട്ടും ജനങ്ങൾക്ക് പ്രശ്‌നമില്ല. പിന്നല്ലേ വിമാന ടിക്കറ്റ്. 

വിമാന ടിക്കറ്റ് കുറക്കാൻ ഇടപെടാമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരൻ വാഗ്ദാനം നൽകിയതാണ്. കേന്ദ്ര വ്യോമയാന മന്ത്രി കണ്ണുരുട്ടിയപ്പോൾ പിൻമാറി. കോർപറേറ്റുകളുടെ ലാഭം മാത്രം പരിഗണിക്കുന്ന ഭരണകൂടമാണ്. ഗൾഫ് ഇന്ത്യക്കാർക്ക് യാതൊരു പ്രതീക്ഷയും വേണ്ട. വേനലവധി,പെരുന്നാൾ. ഓണം പോലുള്ള സീസൺ നോക്കി നിരക്ക് കുത്തനെ കൂട്ടുന്ന പ്രവണത മുമ്പേയുണ്ട്. 

ഇതിനെതിരെ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ പാർലിമെന്റിൽ ഒച്ചപ്പാട് സൃഷ്ടിക്കാറുണ്ട്. ഒന്നോ രണ്ടോ വർഷം എയർ ഇന്ത്യ ഗൾഫിലേക്കും തിരിച്ചും അധിക സർവീസ് നടത്തി. വലിയ ആശ്വാസമായിരുന്നു. യഥാ പ്രജ, തഥാ രാജ. ദൂരം കണക്കാക്കിയാൽ ലോകത്തു ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്ക് ഗൾഫ് -കേരള മേഖലയിൽ. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കു ഗൾഫിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് 30 ശതമാനം വർധിച്ചു. 

വൺവേ ടിക്കറ്റിന് 1700 ദിർഹം ആയി. ലോകത്തിലെ വിമാനക്കമ്പനികളുടെ കണ്ണ് തള്ളിയിരിക്കും.ലോകത്തു എവിടെയും ഇല്ലാത്ത പ്രതിഭാസമാണ്. തിരക്ക് കൂടുമ്പോൾ നിരക്ക് കയറുന്നത് സ്വാഭാവികം.എന്നാൽ ഇങ്ങനെയൊരു കയറ്റം വേറെ എവിടെയും കാണില്ല.

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ ഇത്രയും വരില്ലല്ലോ എന്ന് ചോദിക്കുന്നതിൽ അർഥമില്ല. ജീവിതമാകെ അനിശ്ചിതത്വത്തിൽ ആയിരിക്കുമ്പോൾ, ആർക്കാണ് വിമാന യാത്ര കാലേക്കൂട്ടി തീരുമാനിക്കാൻ സാധ്യമാകുക.
Previous Post Next Post
3/TECH/col-right