Trending

നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ആഗോള രംഗത്ത് ലഭ്യമായ ഏറ്റവും ആധുനികമായ സൗകര്യങ്ങളും ഉയർന്ന നിലവാരവും ഉറപ്പ് വരുത്തി കോഴിക്കോട് മർകസ് നോളജ് സിറ്റിയില്‍ പണികഴിപ്പിച്ച അലിഫ് ഗ്ലോബൽ സ്‌കൂളിന്റെ ഉദ്‌ഘാടനം ഇന്ന് (ശനി) രാവിലെ 10 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മർകസ് നോളജ് സിറ്റി ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും.

കോഴിക്കോട് ജില്ലയിലെ പ്രവിശാലമായ 125 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന മർകസ് നോളജ് സിറ്റിയിലെ വിശാലവും ഹരിതാഭവുമായ ക്യാംപസിലാണ് അലിഫ് ഗ്ലോബല്‍ സ്കൂള്‍ നിലവിൽ വന്നിരിക്കുന്നത്. കേരളത്തിൽ നിലവിലുള്ള പാരമ്പര്യ വിദ്യാഭ്യാസ രീതിശാസ്‌ത്രത്തിൽ നിന്ന് ഭിന്നമായി ഒട്ടേറെ നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചാണ് അലിഫ് ഗ്ലോബൽ സ്കൂളിന് തുടക്കമിടുന്നത്. സിദ്ധാന്തങ്ങളേക്കാള്‍ പ്രായോഗിക പാഠങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പാഠ്യപദ്ധതി പുതിയ അനുഭവമാകും. 

 രാജ്യാന്തര രംഗത്ത് ഒരു ദശകമായി പ്രവര്‍ത്തിക്കുന്ന അലിഫ് എജ്യുകെയര്‍ ട്രസ്റ്റിന്റെ കീഴിലാണ് അലിഫ് ഗ്ലോബല്‍ സ്കൂള്‍. റിയാദിലെ അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ആണ് ട്രസ്റ്റ്‌ന്ടെ ആദ്യ സംരംഭം. മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലും വിദേശത്തുമായി ഇരുപതിനായിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എക്സല്‍ സോഫ്റ്റ് ആണ് അലിഫ് ഗ്ലോബല്‍ സ്കൂളിന്റെ അക്കാദമിക പങ്കാളി.


കെജി,പ്രൈമറി ക്ലാസുകളുമായി ഈ തുടങ്ങുന്ന സ്കൂള്‍ വരും വര്‍ഷങ്ങളില്‍ ഹയര്‍ സെക്കണ്ടറി തലങ്ങളിലേക്ക് വിപുലപ്പെടും .മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂന്നി പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നായി മാറാൻ തയ്യറെടുക്കുന്ന അലിഫ് ഗ്ലോബൽ സ്‌കൂളിൽ തങ്ങളുടെ ഭാവി സ്വയം നിര്‍ണയിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന നിരവധി പ്രാഗ്രാമുകളാണ് നടപ്പിലാക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിനാൽ ഉയർന്ന നിലവാരമുള്ള ഹോസ്റ്റൽ സൗകര്യങ്ങളാണ് ഒരുക്കുന്നത്. 


ദൈനംദിന ജീവിത രീതികള്‍ ചിട്ടപ്പെടുത്തുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മികച്ച പരിശീലനം ലഭിച്ച അധ്യാപകര്‍, വിപുലമായ ലാബ് സൗകര്യം, ദൈനംദിന പാഠ്യവിഷയങ്ങള്‍ പരിശീലിപ്പിക്കുന്നതിന് വര്‍ക്‌ഷോപ്പുകള്‍, ഇക്കോ ഫ്രന്റ്‌ലി നിര്‍മിതികള്‍, എല്ലാ കുട്ടികള്‍ക്കും ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് സൗകര്യം, ലോകപ്രശസ്തരും പരിചയ സമ്പന്നരുമായ വിദ്യാഭ്യാസ വിചക്ഷണര്‍ നേതൃത്വം നല്‍കുന്ന അക്കാദമിക് ബോര്‍ഡ്, മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് ഡിവലപ്‌മെന്റ് പ്രോഗ്രാമുകള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം, ശിതീകരിച്ച ക്ലാസ് മുറികളും ഹോസ്റ്റലുകളും, വിവിധ ഭാഷാ പഠനങ്ങള്‍, തുടങ്ങിയ സവിശേഷതകള്‍ അലിഫിനെ വേറിട്ടുനിര്‍ത്തും.


അന്താരാഷ്‌ട്ര നിലവാരമുള്ള സ്കൂള്‍ ക്യാമ്പസില്‍ വിവിധ സംസ്കാരങ്ങള്‍ അടുത്തറിയാനും പഠിക്കാനും അവസരമുണ്ടാകും.
തെരഞ്ഞെടുത്ത നിര്‍ധനരും കഴിവുറ്റവരുമായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് സംവിധാനവും ഒരുക്കുന്നുണ്ട്. നോളജ് സിറ്റിയിലെ മറ്റു സ്ഥാപനങ്ങളില്‍ അലിഫ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മുന്‍ഗണനയുണ്ടാകും. അന്താരാഷട്ര വേദികളില്‍ വിവിധ മത്സരങ്ങള്‍ക്കുള്ള പരിശീലനവും അവസരങ്ങളും ലഭിക്കുന്ന അലിഫ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളുമായുള്ള മര്‍കസിന്റെ അക്കാദമിക ധാരണകള്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്നു മാനേജ്‌മെന്റ് അറിയിച്ചു .


മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, ജോർജ് എം. തോമസ് എം.എൽ.എ, പി ടി എ റഹീം എം.എൽ.എ, റസാഖ് കാരാട്ട് എം.എൽ.എ, സി മോയിൻകുട്ടി , സ്വാമി തച്ചോലത്ത് ഗോപാലൻ, ഫാദർ ബെന്നി മുണ്ടനാട്ട്, മോഹനൻ മാസ്റ്റർ, ഹബീബ് തമ്പി, വി കെ ഹുസൈൻ കുട്ടി, മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസലാം പങ്കെടുക്കും.
Previous Post Next Post
3/TECH/col-right