കടുവകളെ തകര്‍ത്തു:ഇന്ത്യ സെമിയില്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 3 July 2019

കടുവകളെ തകര്‍ത്തു:ഇന്ത്യ സെമിയില്‍

ബർമിങ്ഹാം:ലോകകപ്പിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 28 റൺസിന് തകർത്ത് ഇന്ത്യ സെമി ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. എട്ടു മത്സരങ്ങളിൽ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം.


ഇന്ത്യ ഉയർത്തിയ 315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 48 ഓവറിൽ 286 റൺസിന് ഓൾഔട്ടായി. ഇന്ത്യയെ വിറപ്പിച്ച പോരാട്ടം കാഴ്ചവെച്ചശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത്.

അർധ സെഞ്ചുറി നേടിയ ഷാക്കിബ് അൽ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ മുഹമ്മദ് സൈഫുദ്ദീൻ 51 റൺസുമായി പുറത്താകാതെ നിന്നു.

തമീം ഇക്ബാൽ (22), സൗമ്യ സർക്കാർ (33), മുഷ്ഫിഖുർ റഹീം (24), ലിറ്റൺ ദാസ് (22) എന്നിവർ ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഷാക്കിബ് പുറത്തായ ശേഷം ഏഴാം വിക്കറ്റിൽ 66 റൺസ് ചേർത്ത സാബിർ റഹ്മാൻ - മുഹമ്മദ് സൈഫുദ്ദീൻ കൂട്ടുകെട്ട് ഇന്ത്യയെ വിറപ്പിച്ചെങ്കിലും സാബിർ റഹ്മാനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. മൊസാദക് ഹുസൈൻ (3), മഷ്റഫെ മൊർത്താസ (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും ബൗളിങ്ങിൽ തിളങ്ങിയ ഹാർദിക് പാണ്ഡ്യയാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കിയത്. 10 ഓവറിൽ 60 റൺസ് വഴങ്ങി പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. നാലു വിക്കറ്റ് വീഴ്ത്തിയ ബുംറ ബംഗ്ലാദേശ് ഇന്നിങ്സ് അവസാനിപ്പിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ രോഹിത് ശർമയുടെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തിരുന്നു.

ഏകദിനത്തിലെ 26-ാം സെഞ്ചുറി നേടിയ രോഹിത്താണ് ഇന്ത്യൻ ഇന്നിങ്സിന് ചുക്കാൻ പിടിച്ചത്. തുടക്കംമുതൽ തന്നെ ബംഗ്ലാ ബൗളർമാരെ അടിച്ചു പറത്തിയ രോഹിത് 92 പന്തിൽ നിന്ന് അഞ്ചു സിക്സും ഏഴു ബൗണ്ടറിയും ഉൾപ്പെടെ 104 റൺസെടുത്താണ് മടങ്ങിയത്. സൗമ്യ സർക്കാരാണ് താരത്തെ പുറത്താക്കിയത്. ഒമ്പതു റൺസിൽ നിൽക്കെ രോഹിത്തിനെ പുറത്താക്കാൻ ബംഗ്ലാദേശിന് അവസരം ലഭിച്ചെങ്കിലും മിഡ് വിക്കറ്റിൽ രോഹിത്തിന്റെ ക്യാച്ച് തമീം ഇഖ്ബാൽ നഷ്ടപ്പെടുത്തി.

സെഞ്ചുറി നേട്ടത്തോടെ ഈ ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിലും രോഹിത് ഒന്നാമതെത്തി. എട്ടു മത്സരങ്ങളിൽ നിന്ന് രോഹിത്തിന്റെ അക്കൗണ്ടിൽ 544 റൺസായി. 516 റൺസുമായി ഡേവിഡ് വാർണറാണ് രണ്ടാമത്.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡും രോഹിത് മറികടന്നു. 2003 ലോകകപ്പിൽ ഗാംഗുലി മൂന്നു സെഞ്ചുറികൾ നേടിയിരുന്നു. ഇതോടൊപ്പം ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിനായി.

രോഹിത്തും കെ.എൽ രാഹുലും ചേർന്ന ഓപ്പണിങ് സഖ്യം 180 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതാണ്. 92 പന്തിൽ നിന്ന് 77 റൺസെടുത്ത രാഹുലിനെ റുബെൽ ഹുസൈൻ മടക്കി. 


എന്നാൽ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാൻ ഇത്തവണയും ഇന്ത്യൻ മധ്യനിരയ്ക്കായില്ല. 350 കടക്കേണ്ടിയിരുന്ന ഇന്ത്യൻ സ്കോറാണ് 315-ൽ ഒതുങ്ങിയത്.അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്തഫിസുർ റഹ്മാനാണ് ഇന്ത്യൻ മധ്യനിരയെ പിടിച്ചുകെട്ടിയത്. 

10 ഓവറിൽ 59 റൺസ് വഴങ്ങിയ മുസ്തഫിസുർ അഞ്ച് വിക്കറ്റ് വീഴ്ത്തി.
കോലിയേയും (26), ഹാർദിക് പാണ്ഡ്യയേയും (0) ഒരു ഓവറിൽ മടക്കി മുസ്തഫിസുർ റഹ്മാൻ ഇന്ത്യൻ റൺറേറ്റിന് കടിഞ്ഞാണിട്ടു. 


പിന്നീട് തകർത്തടിച്ച ഋഷഭ് പന്ത് 41 പന്തിൽ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 48 റൺസുമായി മടങ്ങി. ധോനിക്കും (35) അവസാന നിമിഷം സ്കോർ ഉയർത്താനായില്ല.

No comments:

Post a Comment

Post Bottom Ad

Nature