Trending

താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ട നടപടി; കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ ബാധിച്ചേക്കും

കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ട നടപടി തിങ്കളാഴ്ച മുതല്‍ ബസ് സര്‍വീസുകളെ ബാധിക്കുമെന്ന് ആശങ്ക. തത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു കൊണ്ട് ശനിയാഴ്ചയാണ് ഉത്തരവിറങ്ങിയത്. 2107 താത്കാലിക ഡ്രൈവര്‍മാര്‍ ഇതോടെ ജോലി അവസാനിപ്പിച്ചു.


ഇന്നലെ അവധി ദിവസം ആയതിനാല്‍ ഡ്രൈവര്‍മാരില്ലാത്ത സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധി യാത്രക്കാരെ ബാധിച്ചില്ല.തിരക്ക് വിലയിരുത്തി സര്‍വീസുകള്‍ ക്രമീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് കഴിഞ്ഞു. 

ഇന്ന് മുതൽ ഡ്രൈവര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. 600ഓളം സര്‍വീസുകള്‍ തിങ്കളാഴ്ചയോടെ മുടങ്ങുമെന്നാണ് കരുതുന്നത്. അടിയന്തര സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡ്രൈവര്‍മാരോട് ജോലിക്കെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.നിയമന നടപടി വേഗത്തിലാക്കിയാലെ പ്രതിസന്ധി പൂര്‍ണമായും മറികടക്കാനാവൂ എന്നാണ് വിലയിരുത്തല്‍.

ഏപ്രില്‍ എട്ടിനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിപ്രകാരം 180 ദിവസത്തില്‍ കൂടുതല്‍ താത്കാലികമായി ജോലിയില്‍ തുടരുന്ന ഡ്രൈവര്‍മാരെ ഏപ്രില്‍ 30-നു മുമ്പ് പിരിച്ചു വിടേണ്ടിയിരുന്നു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും എംപാനല്‍ഡ് ജീവനക്കാരെ ഒഴിവാക്കണമെന്ന വിധി ശരിവെക്കുകയായിരുന്നു. 


ജൂണ്‍ 30-നു മുമ്പ് താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ സുപ്രീംകോടതിയും വിധിച്ചു. ഇതുപ്രകാരമാണ് നടപടി. തിരുവനന്തപുരം മേഖലയില്‍ 1479 ഉം, മധ്യമേഖലയില്‍ 257 ഉം, വടക്കന്‍ മേഖലയില്‍ 371 ഉം താത്കാലിക ഡ്രൈവര്‍മാരെയാണ് കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ ദിവസം ഒഴിവാക്കിയത്.
Previous Post Next Post
3/TECH/col-right