Trending

സ്വർണക്കടത്ത് കേസ്; രണ്ടു പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാൻ ഹർജി നൽകും

കോഴിക്കോട്:സ്വർണക്കടത്ത് കേസിൽ കോഫെപോസെ ചുമത്തപ്പെട്ട് ഒളിവിൽ കഴിയുന്ന കിഴക്കോത്ത് ആവിലോറ സ്വദേശി ഷമീർ അലി, കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ഡി.ആർ.ഐ. ഹർജി നൽകും. പ്രതികൾക്ക് സംസ്ഥാന പോലീസിനു മുമ്പാകെ ഹാജരാവാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി.


സി.ആർ.പി.സി 82, 83 വകുപ്പുകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ നിർദേശിച്ച് സെൻട്രൽ ഇക്കണോമിക്സ് ഇന്റലിന്റ്സ് ബ്യൂറോയ്ക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷമാണ് അന്വേഷണസംഘം കോടതിയെ സമീപിക്കുക. പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതിനൊപ്പം അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും കോടതിയിൽ അപേക്ഷ നൽകുമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ അറിയിച്ചു.

സ്വർണക്കടത്ത് കേസിൽ കോഫെപോസെ ചുമത്തപ്പെട്ട ഷമീർ അലിയും സൂഫിയാനും പോലീസിൽ കീഴടങ്ങണമെന്നു കാണിച്ച് മേയ് 21-ന് സെൻട്രൽ ഇക്കണോമിക്സ് ഇന്റലിന്റ്സ് ബ്യൂറോ വിജ്ഞാപനമിറക്കിയിരുന്നു. ഏഴുദിവസത്തെ സമയ പരിധിയായിരുന്നു സ്വമേധയാ ഹാജരാവാൻ പ്രതികൾക്ക് അന്ന് അനുവദിച്ചിരുന്നത്. ഇരുവരുമുൾപ്പെടെ കേസിൽ കോഫെപോസെ ചുമത്തപ്പെട്ട അഞ്ചു പ്രതികളിൽ തഹീം, നസീം, ഷാഫി എന്നിവർ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ്.

2018 ഓഗസ്റ്റിൽ കൊടുവള്ളി നീലേശ്വരം സ്വദേശി നസീം, സഹോദരൻ തഹീം എന്നിവരുടെ വീട്ടിൽനിന്ന് സ്വർണം ശുദ്ധീകരിക്കുന്ന അഞ്ച് ഫർണസ്, 570 കിലോഗ്രാം സ്വർണം ശുദ്ധീകരിച്ചതിന്റെ രേഖകൾ, രണ്ടരലക്ഷം രൂപയുടെ സ്വർണമിശ്രിതം, സ്വർണക്കടത്തിനുപയോഗിച്ച ഉൾവസ്ത്രങ്ങൾ എന്നിവ പിടിച്ചെടുത്ത കേസിലാണ് ഡി.ആർ.ഐയ്ക്ക് ലഭിച്ചിരുന്നു.

സ്വർണക്കടത്തിൽ ഷമീർ അലിക്കു പുറമെ, താമരശ്ശേരി സ്വദേശി ഷറഫുദ്ദീൻ, സഹോദരൻ അബ്ദുൽ ഗഫൂർ എന്നിവർക്കുമെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഷമീർ ബഹ്റിനിലും മറ്റ് പ്രതികൾ ദുബായിലും ഒളിവിൽ കഴിയുകയാണെന്നാണ് ഡി.ആർ.ഐയ്ക്ക് ലഭിച്ച രഹസ്യവിവരം. സ്വർണക്കടത്ത് കേസിൽ കൊടുവള്ളി സ്വദേശികളായ അൽ അമീൻ, ഷിഹാബുദ്ദീൻ, മുജീബ് റഹ്മാൻ, ഷിഹാദ് അലി, മുഹമ്മദ് ഷമീർ, കണ്ണൂർ സ്വദേശി സഹദ് എന്നിവരെയും ഡി.ആർ.ഐ. പ്രതിചേർത്തിരുന്നു.
Previous Post Next Post
3/TECH/col-right